18 April 2024, Thursday

Related news

March 8, 2024
February 16, 2024
January 23, 2024
December 14, 2023
November 28, 2023
November 17, 2023
October 11, 2023
October 1, 2023
August 23, 2023
March 19, 2023

കുടുംബശ്രീയുടെ സംരംഭകത്വ സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ എംഇആര്‍സി

ശ്യാമ രാജീവ്
തിരുവനന്തപുരം
March 19, 2023 9:52 pm

കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭകത്വ സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ്‌ സെന്റര്‍ (എംഇആര്‍സി). കുടുംബശ്രീ, അയല്‍ക്കൂട്ട അംഗങ്ങളുടെ വരുമാന സാധ്യത വര്‍ധിപ്പിക്കുക, സാമ്പത്തിക സഹായങ്ങളും സാങ്കേതിക പരിശീലനവും നല്‍കുക എന്നിവയാണ് എംഇആര്‍സിയുടെ ലക്ഷ്യം. ആദ്യമായാണ് കുടുംബശ്രീ സംരംഭങ്ങള്‍ക്കുവേണ്ടി എംഇആര്‍സി രൂപീകരിക്കുന്നത്. ഓരോ ജില്ലകളിലും ബ്ലോക്ക് തലത്തിലുള്ള ഏകജാലക സംവിധാനമായി പ്രവര്‍ത്തിക്കുന്ന എംഇആര്‍സികളുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ പദ്ധതി വിഹിതത്തില്‍ നിന്നും സാമ്പത്തിക പിന്തുണ ലഭിക്കും. നിലവിലത്തെ കുടുംബശ്രീ സംവിധാനത്തിന്റെ ഘടനയില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തി ബ്ലോക്ക്‌ തല സംവിധാനം രൂപീകരിച്ച് സംരംഭപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ്‌ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ്‌ സെന്ററുകള്‍. 

ബ്ലോക്ക്‌ തലത്തില്‍ മൈക്രോ സംരംഭങ്ങള്‍ ഏകോപിപ്പിക്കുന്നതിനുളള ഏക ജാലക സംവിധാനം രൂപീകരിക്കുക, പ്രാദേശിക സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഉപാധിയായി പ്രവര്‍ത്തിക്കുക, യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും സംരംഭം ആരംഭിക്കുന്നതിനുമുള്ള വിവിധ സഹായങ്ങള്‍ യഥാസമയം ലഭ്യമാകുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുക, വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പദ്ധതികളും സംയോജിപ്പിക്കുക, ബ്ലോക്ക്‌ തലത്തില്‍ മേഖലാധിഷ്‌ഠിത സംരംഭ കൂട്ടായ്‌മ, കണ്‍സോര്‍ഷ്യം എന്നിവ രൂപീകരിക്കുക, വേതനാധിഷ്‌ഠിത തൊഴില്‍ നേടുന്നതിന്‌ അയല്‍ക്കൂട്ടാംഗങ്ങളെ സഹായിക്കുക, നൂതന സംരംഭ മാതൃകകള്‍ രൂപീകരിക്കുക, മികച്ച ആശയങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുക, അക്കാദമിക്‌ ഇന്‍സ്റ്റിറ്റ്യൂഷണലുകളുമായി സഹകരിച്ച്‌ സംരംഭ വികസനത്തിനായുള്ള സാങ്കേതിക സഹായം, സംരംഭങ്ങള്‍ക്കായി ഇന്‍കുബേഷന്‍ സംവിധാനം ഒരുക്കുക, ഓക്‌സിലറി അംഗങ്ങള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക എന്നിവയാണ്‌ എംഇആര്‍സിയുടെ പ്രധാന ലക്ഷ്യങ്ങള്‍. 

ബ്ലോക്ക്‌ തലത്തില്‍ എംഇആര്‍ സിയുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഓരോ എംഇആര്‍സികളിലും ജനറല്‍ ബോഡി, എക്സിക്യൂട്ടീവ്‌ കമ്മിറ്റി, സൂക്ഷ്മ സംരംഭ വികസന കമ്മിറ്റി എന്നിവ ഉണ്ടായിരിക്കും. സിഡിഎസിനു കീഴിലുള്ള മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ക്കാണ് ചുമതല. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നടക്കുന്ന വിവിധ പരിശീലനങ്ങള്‍, സംരംഭങ്ങള്‍ക്ക്‌ നല്‍കുന്ന വിവിധ വായ്പകള്‍, ഗ്രാന്റുകള്‍ എന്നിവയും എംഇആര്‍സികള്‍ മുഖേനെ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ തെരഞ്ഞെടുത്ത 13 ബ്ലോക്കുകളില്‍ എംഇആര്‍സികള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴി‌ഞ്ഞു. ഭാവിയില്‍ എംഇആര്‍സി ഓരോ ബ്ലോക്കിലെയും സൂക്ഷ്‌മസംരംഭ ഹബ്ബായി മാറും. 

Eng­lish Summary;MERC to empow­er Kudum­bashree­’s entre­pre­neur­ial dreams
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.