December 5, 2022 Monday

ബാങ്കുകളുടെ ലയനം സമ്പദ്ഘടനയ്ക്ക് ഭീഷണി

കെ പി ശങ്കരദാസ്
March 19, 2020 5:20 am

രാജ്യത്തെ പത്തു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കാനും ഏപ്രിൽ മാസം ഒന്നിന് പ്രാബല്യത്തിൽ വരുത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. 1969നു ശേഷമുള്ള മൂന്നാംഘട്ട ലയനമാണിത്. സിൻഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കിലും അലഹബാദ് ബാങ്കിനെ ഇന്ത്യൻ ബാങ്കിലും ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിലുമാണ് ലയിക്കുക. ഈ മെഗാലയനത്തോടെ പത്തു ബാങ്കുകളുടെ ആകെയുളള ശാഖകളിൽ എത്രയെണ്ണം പൂട്ടേണ്ടിവരുമെന്നും എത്ര ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുമെന്നുമുള്ളതിന്റെ വിവരം ഔദ്യോഗികമായി ഇതേവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്ത് 28 പൊതുമേഖലാ ബാങ്കുകൾ ഉണ്ടായിരുന്നത് 12 എണ്ണമായി ചുരുങ്ങും. തുടർന്ന് വിവിധ ബാങ്കുകളുടേതായി ആയിരത്തിൽപ്പരം ശാഖകൾ പൂട്ടേണ്ടതായിവരും, പതിനായിരത്തിനു മേൽ ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടും, ലക്ഷത്തിൽപ്പരം എടിഎം ബൂത്തുകളുടെ പ്രവർത്തനവും അവസാനിപ്പിക്കേണ്ടിവരും എന്നാണ് വിലയിരുത്തൽ. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള ഉത്തേജന പാക്കേജിന്റെ ഭാഗമെന്ന മട്ടിലാണ് പൊതുമേഖലാ ബാങ്കുകളുടെ ലയനം.

യഥാര്‍ത്ഥത്തില്‍ ഇത് രാഷ്ട്ര വികസന പ്രകിയയിൽ വൻ പ്രത്യാഘാതവും നാടിന്റെ സമ്പദ് വ്യവസ്ഥയിലും സമാന്യ ജനങ്ങളുടെ ജീവിതതാളത്തിലും വലിയ കോളിളക്കവും സൃഷ്ടിക്കും. ജനകീയ ബാങ്കിംഗ് സംസ്കാരം മുറുകെ പിടിച്ചിരുന്ന ഇന്ത്യൻ ബാങ്കിംഗ് സംവിധാനം വൻകിട കോർപ്പറേറ്റുകളുടെ താല്പര്യ സംരക്ഷണവേദിയായി മാറുകയാണ്. ബാങ്കുകളുടെ വിപുലീകരണം അനിവാര്യമായ ഘട്ടത്തിൽ ലയനം നടത്തുന്നത് പ്രവർത്തന മേഖല കൂടുതൽ ദുർബലമാക്കാൻ ഇടയാകും. പുത്തൻ പരിഷ്കാരങ്ങളുടെ പേരിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും സമ്പത്തിന്റെ കേന്ദ്രീകരണവും പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണവുമാണ് ലക്ഷ്യമിടുന്നതെന്ന വിമർശനം ഉയർന്നുവന്നിട്ടുണ്ട്. ജനങ്ങളുടെ ചെറു സമ്പാദ്യത്തിന്റെ സുരക്ഷയും ഈ സുപ്രധാന സ്രോതസിനെ രാഷ്ട്ര നിർമ്മാണത്തിന്റെ വികസനത്തിന് വിന്യസിക്കുകയെന്നതുമാണ് ദേശസാൽക്കരണത്തിന്റെ മഹത്തായ സന്ദേശം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിച്ച നവ ഉദാരവൽക്കരണ നയങ്ങൾ ഉപേക്ഷിക്കില്ലെന്ന് മാത്രമല്ല വർദ്ധിത വീര്യത്തോടെ നടത്തുമെന്ന പ്രഖ്യാപനം കൂടിയാണിതെന്നുവേണം കരുതാൻ. സമാന നിയമനങ്ങളും നിയന്ത്രണങ്ങളും ഭൗതിക സാഹര്യങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും പ്രവർത്തനങ്ങളിൽ വലിയ അന്തരമുള്ളതായി കാണാം. പുതുതായി ആരംഭിച്ച ചെറുകിട ബാങ്കുകളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്.

ഇപ്പോൾ രാജ്യത്താകമാനം 817 പേയ്‌മെന്റ് ബാങ്കുകളും, 3,385 സ്മോൾ ഫിനാൻസ് ബാങ്കുകളും പ്രവർത്തിക്കുന്നതായി രേഖകളിൽ പറയുന്നു. സ്വകാര്യ വാണിജ്യ ബാങ്കുകൾക്കു പുറമേയാണിത്. അടുത്ത അഞ്ച് വർഷം കൊണ്ട് പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം മുപ്പതു ശതമാനമായി ചുരുങ്ങാൻ സാധ്യതയുണ്ടെന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തൽ. സ്വകാര്യ ബാങ്കുകൾ വിപണിയുടെ എഴുപതു ശതമാനവും കൈയ്യടക്കുമെന്നും പറയുന്നു. പൊതുമേഖലയുടെ സാന്നിദ്ധ്യം കുറയുകയും സ്വകാര്യ ബാങ്കുകൾക്ക് തഴച്ചു വളരാൻ അവസരം ലഭിക്കുകയു ചെയ്യും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പടെ ഏഴ് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചതോടെ 3,452 ശാഖകളും ഇരുന്നൂറിലേറെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും ഒഴിവാക്കേണ്ടിവന്നു. ഈ ബാങ്കുകളുടെ ലയനം വഴി ആഗോള റാങ്കിംഗിൽ 37-ാം സ്ഥാനത്തെത്തിയിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്നീട് 53-ാം റാങ്കിലേയ്ക്ക് താണുപോകുകയായിരുന്നു. ചെറുകിട വായ്പകളുടെ അളവ് വൻതോതിൽ കുറഞ്ഞതും ഇതിനെ മറികടക്കാൻ കോർപ്പറേറ്റുകൾക്ക് നൽകിയ വൻകിട വായ്പകൾ കിട്ടാക്കടമായി മാറിയതും ബാങ്കിനെ നഷ്ടത്തിലേയ്ക്ക് തള്ളിയിടുകയായിരുന്നു. വലിയ ബാങ്കായി മാറിയപ്പോൾ ചെറുകിട ഇടത്തരം ഇടപാടുകാരോടുള്ള സമീപനത്തിൽ മാറ്റം വന്നു. 10, 000 രൂപവരെയുള്ള സ്വർണപ്പണയവായ്പ നിർത്തി. വൻകിടക്കാരുടെ വായ്പ ഇടപാടുകൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനിടയിൽ സാധാരണക്കാരായ ഇടപാടുകാരെ ഗൗനിക്കാൻപോലും സമയമില്ലാതായി.

രണ്ടാംഘട്ട ലയനത്തിന്റെ ഭാഗമായി ദേനാ ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചതോടെ 1500 ഓളം ശാഖകൾ പൂട്ടേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതിനകം നൂറു കണക്കിന് ശാഖകൾ പൂട്ടിക്കഴിഞ്ഞു. ഈ സത്യത്തെ രാജ്യത്തിന്റെ കാഴ്ചയിൽ നിന്നും മറക്കാൻ കഴിയില്ല. ഇതിനു നൽകേണ്ടിവരുന്ന വിലയാണ് പ്രവചനാതീതം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും റിലയൻസ് ജിയോയും ചേർന്നുള്ള ജിയോ പേയ്‌മെന്റ് ബാങ്കിന്റെ പ്രവർത്തനം താമസംവിന ആരംഭിക്കാനും സ്റ്റേറ്റ് ബാങ്കിന്റെ ചെറുകിട ഇടുപാടുകൾ ഈ ബാങ്കിനെ ഏൽപ്പിക്കാനുമുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നതായി ആക്ഷേപമുണ്ട്. 1969 നു ശേഷം രാജ്യത്തെ വാണിജ്യ ബാങ്കിംഗ് രംഗത്ത് പൊതുമേഖലാ ബാങ്ക് വഹിച്ച പങ്ക് ഓർമ്മിക്കാത്തവർ ഏറെ ഉണ്ടാവില്ല. പൊതുമേഖലാ ബാങ്കുകളുടെ രംഗപ്രവേശത്തോടെ പ്രതിസന്ധി നേരിടുന്ന സ്വകാര്യ വാണിജ്യ ബാങ്കുകളെ പൊതുമേഖലാ ബാങ്കിൽ ലയിപ്പിച്ച് അതുവഴി നിക്ഷേപകരുടെ താല്പര്യവും സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും തരണം ചെയ്യാനും സാധിച്ചിട്ടുണ്ട്. ബാങ്കുകളുടെ ദേശസാൽക്കരണത്തിന് മുൻപ് ബാങ്കിംഗ് രംഗത്തുണ്ടായ പതനം ആരെയും അമ്പരപ്പിക്കുന്നതാണ്.

1949 നും 1955 നു മിടയിൽ 736 സ്വകാര്യ വാണിജ്യ ബാങ്കുകളാണ് തകർന്നത്. 1991 നു ശേഷം ഇതുവരെ 36 എണ്ണം തകർച്ചയിലെത്തിയെങ്കിലും അവയെ എല്ലാം പൊതുമേഖലാ ബാങ്കുകളിൽ ലയിപ്പിച്ച് സംരക്ഷിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള പ്രധാന ഉദാഹരണമായിരുന്നു പാല സെൻട്രൽ ബാങ്കിന്റെ തകർച്ചയും തുടർന്നുള്ള അനുഭവങ്ങളും. ഇന്ത്യയിലെ ബാങ്കുകളെല്ലാം ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ലാഭത്തിൽ നിന്നും കിട്ടാക്കടം കുറവു ചെയ്യണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ബാങ്കുകൾ നഷ്ടത്തിലായത്. കിട്ടാക്കടത്തിന്റെ വർദ്ധനവ് സ്വയം സൃഷ്ടിയാണ്. 2019 മാർച്ച് 31 വരെയുളള കണക്കുപ്രകാരം രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 17,55,691 കോടി രൂപയാണ്. വായ്പ വിതരണത്തിലെ സമ്പന്ന പക്ഷപാതിത്വമാണ് മൂലകാരണം. ചെറുകിട ഇടത്തരം വായ്പകൾ ഇല്ലാത്തതിനാൽ, വായ്പകൾ വൻ കോർപ്പറേറ്റുകളിൽ കേന്ദ്രീകരിക്കുകയാണ്.

സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ അതു മറികടക്കാൻ റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്ന് വീണ്ടും 40, 000 കോടി രൂപ അനുവദിക്കണമെന്ന് റിസർവ്വ് ബാങ്കിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. 2017 ലും 2018 ലുമായി വിവിധ പൊതുമേഖലാ ബാങ്കുകൾക്കായി 1,28,61 കോടി രൂപ സർക്കാർ നൽകിയിരുന്നു. കഴിഞ്ഞ നാലു സാമ്പത്തിക വർഷങ്ങളായി 3,12,000 കോടിയോളം രൂപ ബാങ്കുകൾക്ക് മൂലധന ശാക്തീകരണത്തിനായി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. വൻകിട കോർപ്പറേറ്റുകൾ വീഴ്ച വരുത്തിയ 5,05,311 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതു മൂലം പൊതുമേഖലാ ബാങ്കുകൾക്കുണ്ടായ പ്രതിസന്ധി മറികടക്കാനായിരുന്നു ഈ നടപടി. ഇതിന്റെ പ്രതിഫലനം ഓഹരി വിപണിയിലും ഉണ്ടായി. ഫെബ്രുവരിയിൽ ഓഹരി വിപണിയിൽ ഉണ്ടായ ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയാണ്. ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില മുൻവർഷത്തെ അപേക്ഷിച്ച് 40 മുതൽ 60 ശതമാനം വരെ താഴ്‌ന്നു. യെസ് ബാങ്ക് എന്ന സ്വകാര്യ ബാങ്ക് തകർച്ചയിലെത്തിയതിന്റെ യഥാർത്ഥ കാരണമെന്തെന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

യെസ് ബാങ്കിന്റെ പ്രതിസന്ധി അത്ര നിസ്സാരമല്ല. സ്വകാര്യ ബാങ്കുകളുടെ ദേശസാൽക്കരണത്തിന് വഴി തെളിച്ച സംഭവങ്ങളുടെ തനിയാവർത്തനമാണ്. യെസ്സ് ബാങ്കിനെ രക്ഷിക്കാൻ രണ്ടു രൂപ മുഖവിലയുള്ള ഓഹരികൾ പത്തു രൂപ നൽകി 49 ശതമാനം വാങ്ങാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതിലേയ്ക്കായി എസ്ബിഐയ്ക്ക് 11,000 കോടി രൂപയിലേറെ കണ്ടെത്തേണ്ടിവരും. ഇപ്പോൾ യെസ് ബാങ്കിന്റെ കിട്ടാക്കടം 42,000 കോടിയായി വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അധികൃതരുടെ അനാസ്ഥയും വേണ്ടത്ര ഈടുകൾ വാങ്ങാതെ കോർപ്പറേറ്റുകൾക്ക് വമ്പിച്ച തുക വായ്പ അനുവദിച്ചതുമാണ് പ്രതിസന്ധിക്ക് മുഖ്യ കാരണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിമർശനം. പൊതുമുതൽ കൊള്ളയടിച്ച് കീശവീർപ്പിക്കുന്ന കോർപ്പറേറ്റ് സിദ്ധാന്തത്തിന്റെ വക്താക്കളായ ഇവർ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഏൽപ്പിച്ചിരിക്കുന്ന മുറിവ് ചെറുതായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.