Sunday
17 Nov 2019

ലയനശേഷം ഗ്രഹണമോ

By: Web Desk | Tuesday 10 September 2019 10:31 PM IST


നന്ദു ബാനര്‍ജി

അടുത്ത് നടന്ന പൊതുമേഖലാ ബാങ്കുകളുടെ ലയനം 2017ന് ശേഷം ഇത്തരത്തിലുള്ള മൂന്നാമത്തെ ലയനമാണ്. ഇത് മൂലം അവയുടെ പ്രവര്‍ത്തന ചെലവ് കുറയുകയും ആസ്തിബാധ്യതകള്‍ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ടാവാം. എന്നാല്‍ ഇപ്പോഴത്തെ ഈ തീരുമാനം തികച്ചും അകാലത്തിലാണെന്ന് പറയാതെ വയ്യ. പത്ത് ബാങ്കുകള്‍ നാല് ബാങ്കുകളായി പരിണമിക്കുമ്പോള്‍ 30,000 ജീവനക്കാര്‍ തന്നെ അധികപറ്റാകുകയാണ്. ഇത്രയേറെ തൊഴില്‍ നഷ്ടം മാന്ദ്യകാലത്ത് സംഭവിക്കുമ്പോള്‍ മൊത്തം വിപണി ചോദനയെയും സാരമായി ബാധിക്കും. ഇത് മറ്റ് മേഖലകളിലും വന്‍തോതില്‍ തൊഴിലുകള്‍ നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. പൊതുമേഖലാ ബാങ്കുകളുടെ ലയനം എത്തരത്തിലാകും സമ്പദ്ഘടനയെ ബാധിക്കുക എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. ജീവനക്കാരുടെ വേതനച്ചെലവും ബാങ്കുകളുടെ അടിസ്ഥാന സൗകര്യങ്ങളായ ശാഖകളുടെയും എടിഎമ്മുകളുടെയും എണ്ണം കുറയ്ക്കാനും ഇത് സഹായകമാകും. ബാങ്കുകളുടെ മൂലധനം കാര്യക്ഷമമായി വിനിയോഗിക്കാന്‍ ലയനം സഹായകമാകുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രതീക്ഷ. ഇത് സംഭവിച്ചാല്‍ നന്ന്.
കിട്ടാക്കടങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും പരിഗണിച്ചാണ് ബാങ്കുകള്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയെ എന്ത് കൊണ്ടാണ് ലയിപ്പിക്കാത്തത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മുന്‍പത്തെ പോലെ ഇവ പ്രത്യേക ബാങ്കുകളായി തുടരും.
2017 ഏപ്രില്‍ ഒന്നിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിവയും ഭാരതീയ മഹിളാ ബാങ്കും ലയിച്ചത്. ഇപ്പോഴത്തെ ഈ ലയനം ബാങ്ക് ജീവനക്കാര്‍ക്കെങ്കിലും വേദനാജനകമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ലയനത്തിന്റെ ആദ്യ രണ്ട് പാദങ്ങളില്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ വെട്ടിച്ചുരുക്കി. 2017 ജൂണിലെ കണക്കുകള്‍ പ്രകാരം എസ്ബിഐ 6,847 ശാഖകള്‍ കൂടി ആരംഭിച്ച് മൊത്തം ശാഖകളുടെ എണ്ണം 23,423 ആക്കിയിരുന്നു. എന്നാല്‍ ലയനത്തിന് ശേഷം ആറ് മാസത്തിനകം 10,584 ജീവനക്കാരെ ബാങ്ക് ഒഴിവാക്കി. ഇതോടെ ജീവനക്കാരുടെ എണ്ണം 2017 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 2,69,219 ആയി കുറഞ്ഞു. 2017 മാര്‍ച്ചില്‍ 2,79,803 ആയിരുന്നു. ചില അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐ മാറ്റി സ്ഥാപിക്കുമെന്നും എന്നാല്‍ അവയൊന്നും പൂട്ടില്ലെന്നും അവരുടെ ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടില്ലെന്നും എസ്ബിഐയുടെ മുന്‍ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ നേരത്തെ പറഞ്ഞിരുന്നെങ്കിലും യഥാര്‍ഥത്തില്‍ സംഭവിച്ചത് മറിച്ചായിരുന്നു.
കഴിഞ്ഞ കൊല്ലം ആദ്യപാദത്തില്‍ 6,622 പേരെയാണ് എസ്ബിഐ പിരിച്ച് വിട്ടത്. രണ്ടാംപാദത്തില്‍ 3,962 പേരെയും പറഞ്ഞുവിട്ടു. ഇത് തികച്ചം സ്വഭാവികമാണ്. നൂറ് മീറ്ററിനുള്ളില്‍ ഒന്നില്‍ കൂടുതല്‍ ശാഖകള്‍ ആവശ്യമില്ലെന്നാണ് എസ്ബിഐയുടെ പ്രഖ്യാപിത നയം. ഇതാണ് കൂടുതല്‍ ശാഖകളും പൂട്ടാനും ജീവനക്കാരെ പിരിച്ച് വിടാനും കാരണമായത്. ഇതിന് മുമ്പ് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 3,197 ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. 11,382 ജീവനക്കാരെ 2017ല്‍ നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതിയിലും എസ്ബിഐ ഉള്‍പ്പെടുത്തി. ജീവനക്കാരെ കുറച്ചതിലൂടെ 2018 രണ്ടാംപാദത്തില്‍ എസ്ബിഐയ്ക്ക് ജീവനക്കാരുടെ ചെലവ്, ആദ്യപാദത്തിലെ 7,724 കോടിരൂപയില്‍ നിന്ന് 7,703 കോടിയായി കുറയ്ക്കാനായി. തൊട്ടുമുന്‍പത്തെ കൊല്ലം ഇതേപാദത്തില്‍ 8,300 കോടി രൂപയായിരുന്നു ചെലവ്.
ലയനത്തിന് ശേഷം എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളില്‍ നിക്ഷേപമുണ്ടായിരുന്നവര്‍ സ്വകാര്യ ബാങ്കുകളിലേക്ക് അവ നീക്കിയെന്നതും ശ്രദ്ധേയമാണ്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ്, കൊട്ടക് മഹീന്ദ്ര, യെസ് ബാങ്ക്, ഇന്‍ഡസിന്‍ഡ്, ഐഡിഎഫ്‌സി, ബന്ധന്‍ തുടങ്ങിയവയിലേക്കാണ് ഇവര്‍ നിക്ഷേപങ്ങള്‍ നീക്കുകയും പുതിയ അക്കൗണ്ടുകള്‍ തുടങ്ങുകയും ചെയ്തത്. ഇടപാടുകാരോടുള്ള സൗഹൃദപരമായ സമീപനമാണ് ഇതിന് കാരണം.
പുതിയ സംഭവവികാസങ്ങള്‍ ജീവനക്കാരെ നിസഹായരാക്കി മാറ്റിയിരിക്കുകയാണ്. ലയനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് യാതൊരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. ലയനത്തിലൂടെ ബാങ്കുകളുടെ കാര്യക്ഷമത വര്‍ധിക്കുമെന്നതിന് യാതൊരു തെളിവുമില്ലെന്നാണ് എഐബിഇഎ നേതാവ് സി എച്ച് വെങ്കിടാചലം പറഞ്ഞത്. അഞ്ച് ബാങ്കുകള്‍ ലയിച്ച ശേഷം യാതൊരു അത്ഭുതവും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മറിച്ച് കിട്ടാക്കടങ്ങള്‍ പെരുകുകയും ശാഖകള്‍ പൂട്ടുകയും ജീവനക്കാരുടെയും ഇടപാടിന്റെയും എണ്ണം കുറയുകയുമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്ബിഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ കിട്ടാക്കടം 2017 മാര്‍ച്ച് ഒന്നിലെ കണക്കുകള്‍ പ്രകാരം 65,000 കോടിയാണ്. എസ്ബിഐയുടെ 1,12,000 കോടി കൂടി ചേര്‍ക്കുമ്പോള്‍ ഇത് 1,77,000 കോടിയായി ഉയര്‍ന്നു. ലയനത്തിന് ശേഷം 2018ല്‍ എസ്ബിഐയുടെ കിട്ടാക്കടം 2,25,000 കോടിയായി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ലയിച്ച ബാങ്കുകളുടെ ഇടപാടുകാരില്‍ 46 ശതമാനവും തങ്ങളുടെ അക്കൗണ്ടുകള്‍ മാറ്റിയതായി ആഗോള മാര്‍ക്കറ്റിംഗ് സ്ഥാപനമായ ജെഡി പവര്‍ നടത്തിയ 2017 റീട്ടെയ്ല്‍ ബാങ്കിംഗ് സാറ്റിസ്ഫാക്ഷന്‍ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വൈകാരിക കാരണങ്ങളാല്‍ മറ്റ് ബാങ്കുകളിലേക്ക് മാറിയില്ലെന്നാണ് 36ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്.
നിഷ്‌ക്രിയ ആസ്തികളും മാന്ദ്യവും നേരിടുന്ന ബാങ്കുകളുടെ ലയനം തെറ്റായ ഒരു ആശയമല്ല. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉപഭോക്തൃ സൗഹൃദമായ ഒരു മികച്ച ബാങ്കിംഗ് സംവിധാനം വേണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ സര്‍ക്കാരോ പൊതുമേഖലാ ബാങ്കുകളുടെ മാനേജ്‌മെന്റോ ഉപഭോക്താക്കളെ നേടിയെടുക്കാനായി യാതൊന്നും ചെയ്യുന്നില്ല. ചെറുകിട ഇടപാടുകാരോടുള്ള ഇവരുടെ സമീപനം പ്രോത്സാഹനകരമല്ല. വ്യക്തിഗത ബാങ്കിംഗ് സേവനങ്ങളും ലഭ്യമല്ല.
യുവാക്കള്‍ സ്വകാര്യ ബാങ്കുകളെയാണ് ഏറെയും ആശ്രയിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നതെന്നും ആര്‍ബിഐ അടുത്തിടെ പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് 73.8ശതമാനമായി ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ലയനത്തിന് പകരം പൊതുമേഖലാ ബാങ്കുകള്‍ അവയുടെ പ്രവര്‍ത്തന സംസ്‌കാരത്തിലാണ് മാറ്റം വരുത്തേണ്ടത്. എങ്കില്‍ മാത്രമേ കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിക്കാനാകൂ. പ്രവര്‍ത്തന ശൈലി മാറ്റതെയുള്ള ലയനം വെറും അധരവ്യായാമം മാത്രമായിരിക്കും.