19 April 2024, Friday

Related news

April 1, 2024
January 22, 2024
July 24, 2023
June 21, 2023
June 17, 2023
May 25, 2023
March 11, 2023
March 10, 2023
January 29, 2023
December 8, 2022

മെര്‍ക്കല്‍ യുഗം അവസാനിക്കുന്നു; ജര്‍മ്മനി ഇന്ന് ബൂത്തിലേക്ക്

Janayugom Webdesk
ബെര്‍ലിന്‍
September 26, 2021 10:15 am

വര്‍ഷങ്ങള്‍ക്ക് ശേഷം ഏഞ്ചല മെര്‍ക്കല്‍ മത്സരിക്കാത്ത തെരഞ്ഞെടുപ്പിന് ജര്‍മ്മനി സാക്ഷ്യം വഹിക്കുകയാണ്. ജര്‍മ്മന്‍ പാര്‍ലമെന്റായ ബുന്‍ഡെസ്റ്റാഗിലേക്കുള്ള തെരഞ്ഞെടുപ്പിന് ജനങ്ങള്‍ ഇന്ന് ബൂത്തിലെത്തും. അഭിപ്രായ സര്‍വേകളില്‍ മ­ധ്യ- ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെ­മോക്രാറ്റ്സ് (എസ്‌പിഡി) 15 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മെര്‍ക്കലിന്റെ സിഡിയു-സിഎസ്‌യു സഖ്യത്തെക്കാള്‍ മുന്നിലാണ്. എസ്‌പിഡിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയായ ഒലാഫ് സ്കോള്‍സ് മെര്‍ക്കലിന്റെ പിന്‍ഗാമിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്ന പൊതുജീവിതത്തിനാണ് മെർക്കൽ വിരാമമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ കരകയറ്റുന്നതിനും ആണവോർജ ഉല്പാദനത്തിൽനിന്ന് വിട്ടുനിൽക്കാനും സിറിയൻ അഭയാർത്ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കാനും മെര്‍ക്കല്‍ മുന്‍കൈയെടുത്തു. എന്നാല്‍ നാല് ദശാബ്ദത്തിലേറെയായി അവർ അംഗമായ സിഡിയു പാർട്ടിയിൽ (ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ) മെര്‍ക്കലിന്റെ സ്വാധീനം കുറയുകയും സ്വന്തം കൂട്ടുകക്ഷി മുന്നണിയെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.

ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു), ക്രിസ്ത്യൻ സോഷ്യലിസ്ററ് യൂണിയൻ (സിഎസ്‌യു), ഇവർ ഒന്നിക്കുന്ന കൂട്ടുകക്ഷിയായ ‘ദ യൂണിയൻ’. ഇവരെ കൂടാതെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്ഡിപി), ദ ഗ്രീൻ പാർട്ടി, ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടി (എഫ്ഡിപി), ലെഫ്റ്റ് പാർട്ടി (ഡി ലിൻകേ) എന്നിവരും വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റിവ് ഫോർ ജർമ്മനിയും (എഎഫ്‌ഡി) ചേരുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം പൂർണമാവുന്നു. 2017ൽ 86 സീറ്റുകളിൽ വിജയിച്ച് ജർമ്മനിയിൽ അട്ടിമറി സൃഷ്‌ടിച്ച എഎഫ്‌ഡിക്ക് ഇക്കുറി ശോഭിക്കാനാകുമോയെന്ന് കണ്ടറിയണം. 

രാജ്യത്ത് 60.4 ദശലക്ഷം വോട്ടർമാരാണ് ഉള്ളത്. ഇവരിൽ 31.2 ദശലക്ഷം സ്ത്രീകളും 29.2 ദശലക്ഷം പുരുഷന്മാരും ഉൾപ്പെടുന്നു. പക്ഷേ ഈ തെരഞ്ഞെടുപ്പിൽ നിർണായകമാവുക പുതുവോട്ടർമാരാണ്. ഏകദേശം 2.8 ദശലക്ഷം വരുന്ന ആ ചെറുപ്പക്കാരാവും ജര്‍മ്മനിയുടെ ഭാവി തെരഞ്ഞെടുക്കുക. വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണമായ ചിത്രം വ്യക്തമാകും. സഖ്യകക്ഷി രൂപീകരണത്തിന് ശേഷമായിരിക്കും ചാന്‍സലറെ പ്രഖ്യാപിക്കുക.
മറ്റു പല രാജ്യങ്ങളിൽനിന്നും വ്യത്യസ്‌തമായി രണ്ടാം വോട്ട് എന്ന സൗകര്യവും ജർമ്മനിയിൽ നടപ്പാക്കി വരുന്നു. തങ്ങൾക്ക് പ്രിയപ്പെട്ട രണ്ടാമത്തെ സ്ഥാനാർത്ഥിയെ തെരെഞ്ഞെടുക്കാനാണ് രണ്ടാം വോട്ട് ചെയ്യാവുന്നത്. എന്നാൽ ജർമ്മൻ പാർലമെന്റിൽ പ്രാതിനിധ്യം ലഭിക്കാൻ ചുരുങ്ങിയത് അഞ്ച് ശതമാനം വോട്ടെങ്കിലും നേടണമെന്ന ചട്ടം ചെറുപാർട്ടികൾക്ക് തിരിച്ചടിയാണ്. 

കാലാവസ്ഥാ മാറ്റം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. സന്തുലിതമായ കുടുംബജീവിതം, കൂടുതൽ തൊഴിലവസരങ്ങൾ, സുസ്ഥിരവും ശക്തവുമായ സാമ്പത്തിക വികസനം, ഇതിന് തൊഴിൽ ദാതാവിനും തൊഴിലാളിക്കും മെച്ചമുണ്ടാക്കുന്ന നയങ്ങൾ, ഭാവിയെ കണ്ടുകൊണ്ടുള്ള വിദ്യാഭ്യാസ നയം രൂപപ്പെടുത്തൽ, നഴ്‌സിങ് മേഖലയിലെ പരിഷ്കാരങ്ങളിലൂടെ പ്രായമായവർക്ക് ആവശ്യമായ പരിചരണം, കരുതൽ തുടങ്ങിയവ എസ്‌പിഡിയുടെ വാഗ്‌ദാനങ്ങളാണ്. നിലവിലെ സഖ്യകക്ഷിയിൽ വൈസ് ചാൻസലറായും ധനകാര്യ മന്ത്രിയായും പ്രവർത്തിച്ച ഒലാഫ് ഷോൾസാണ് പ്രധാന സ്ഥാനാർത്ഥി. ആരോഗ്യമേഖലയിലും രാജ്യത്തെ ഡിജിറ്റൽവൽക്കരിക്കുന്നതിനും കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്നതിനും ഭരണരംഗത്തെ അനുഭവപരിചയം തുണയാവുമെന്നാണ് ഷോൾസ് കണക്കുകൂട്ടുന്നത്. 

ENGLISH SUMMARY:Merkel era ends; Ger­many to the booth today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.