December 5, 2022 Monday

യുവതലമുറയോട് കരുതലുണ്ടെന്ന സന്ദേശം നൽകണം

Janayugom Webdesk
ഭഗത് സിങിന്റെ ഓർമയിൽ..(ബിനോയ് വിശ്വം രാജ്യസഭയില്‍ ചെയ്ത പ്രസംഗം) ഭാഗം 2
March 26, 2020 5:30 am

രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ് റയിൽവേ ആണു്. അവിടെ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ കിടക്കുന്നു. ആ റയിൽവേ സ്വകാര്യവല്ക്കരിക്കാനാണ് സർക്കാർ നീക്കം. എല്ലാം സ്വകാര്യവല്ക്കരിക്കുക എന്നതാണ് ഇന്നത്തെ മുദ്രാവാക്യം. റയിൽവേയും എയർ ഇന്ത്യയും വ്യവസായങ്ങളും എല്ലാം സ്വകാര്യ­വല്ക്കരിക്കുക! ഒരുനാൾ അവർ ഇന്ത്യയെ തന്നെ സ്വകാ­ര്യവല്ക്കരിക്കും! ! ഈ നാടിന്റെ താക്കോൽ, അതിന്റെ ഭരണത്തിന്റെ കടിഞ്ഞാൺ നിങ്ങൾ അദാനിമാരെയും അംബാനിമാരെയും ഏൽപ്പിക്കും. അവർക്കു സ്തുതിഗീതം പാടുക മാത്രമായിരിക്കും നിങ്ങളുടെ ജോലി. അതാണ് ഇന്നത്തെ ഇന്ത്യയുടെ വിധി. അതുകൊണ്ടാണ് തൊഴിൽദായക ശേഷിയുള്ള മേഖലകൾ സംരക്ഷിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. റയിൽവേ അടക്കമുള്ള പൊതുമേഖലാ സംരംഭങ്ങൾക്ക് ആ ശേഷി വളരെ അധികമാണ്. അവയെ സംരക്ഷിക്കുക തന്നെ വേണം. അവിടത്തെ ഒഴിവുകൾ ഉടൻ നികത്തണം. (റയിൽവേ സഹമന്ത്രി അൻഗാഡി ചന്ന ബാസപ്പ ഇടപെടുന്നു.. . ) ഞാൻ ബഹു. മന്ത്രിയോട് നന്ദിയുള്ളവനാണ്. ഞാൻ താങ്കളെ കുറ്റപ്പെടുത്തുകയല്ലായിരുന്നു. റയിൽവേയിലെ ഒഴിവുകൾ നാളെത്തന്നെ നികത്താൻ നിങ്ങൾക്കു കഴിയുമെങ്കിൽ അതിൽ ഏറ്റവും സന്തോഷിക്കുന്നത് ക‌മ്മ്യൂണിസ്റ്റായ ഞാനായിരിക്കും. പക്ഷെ നിങ്ങൾക്ക് അത് കഴിയില്ല. പറ്റുമെങ്കിൽ നാളെ അത് ചെയ്യൂ. ഞാൻ നിങ്ങളെ രണ്ടു കൈയും പൊക്കി അഭിനന്ദിക്കാം. അതെ, കമ്യൂണിസ്റ്റുകാർ മാത്രമല്ല, ഈ സഭയിലെ മുഴുവൻ ആളുകളും നിങ്ങളെ അഭിനന്ദിക്കും തൊഴിലില്ലായ്മ അതെക്കുറിച്ച് ഞങ്ങൾ മാത്രമല്ല പറയുന്നത്.

ലോകബാങ്കും, എഡിബിയും ഐഎംഎഫും എല്ലാം അത് പറയുന്നുണ്ട്. ബിജെപി സർക്കാർ ആ റിപ്പോർട്ടുകൾ വായിക്കണം. അത് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രചാരണമല്ല. അത് വായിച്ചെങ്കിലും നിങ്ങൾ പ്രശ്നത്തിന്റെ രൂക്ഷത മനസിലാക്കുക. രാജ്യത്തെ എല്ലാ ഒഴിവുകളും നികത്തി, കാത്തിരിക്കുന്ന ചെറുപ്പക്കാർക്ക് തൊഴിൽ നൽകുക. അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം മാനിഫെസ്റ്റോ വായിക്കുക. അതിൽ നിങ്ങൾ വാഗ്ദാനം ചെയ്തത് പ്രതിവർഷം 2 കോടി തൊഴിലുകളാണ്. ഞാൻ നിങ്ങളോട് വിനയപൂർവം ചോദിക്കട്ടെ: “എവിടെ ആ തൊഴിലുകൾ? അതെ, എവിടെയാണവ? അവ വായുവിൽ മാത്രമേ ഉള്ളൂ സർ.…’’ (ഇടപെടൽ ) ആ വാഗ്ദാനങ്ങൾ നിങ്ങൾ തന്നെ മറന്നുപോയിരിക്കുന്നു. മോഡിജിയും അമിത്ഷാ ജിയും അത് മറന്നുപോയിരിക്കുന്നു. തൊഴിൽ സൃഷ്ടിക്കാൻ ഉള്ള സർക്കാരിന്റെ സാധ്യതയെപ്പറ്റി എൻഡിഎ ഗവണ്‍മെന്റ് ഇപ്പോൾ ഒന്നും പറഞ്ഞുകേൾക്കുന്നില്ല. നിങ്ങൾ സ്വകാര്യവല്ക്കരണത്തിന്റെ തിരക്കിലാണ്. അത്തരം ഒരു ഗവണ്മെന്റ് ഇന്ത്യയിലെ ചെറുപ്പക്കാരോട് നീതി ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സ്വന്തം നാടിനെ ഫലപ്രദമായി സേവിക്കാൻ യുവാക്കൾക്ക് വഴിയൊരുക്കാൻ അത്തരമൊരു സർക്കാറിന് കഴിയില്ല. അതു കൊണ്ടാണ് രാജ്യത്തിന്റെ സ്ഥിതി പരാമർശിക്കണമെന്ന് എനിക്ക് തോന്നിയത്. റയിൽവേക്ക് പുറമേ, നിർമ്മാണ മേഖല, ആട്ടോമൊബൈൽ, സിമന്റ്, ചെറുകിട ഇടത്തരം വ്യവസായ മേഖലകൾ എല്ലാം തകരുകയാണ്. നേരിയ വളർച്ചയെങ്കിലും നേടിയ ഏതെങ്കിലും ഒരു മേഖല നിങ്ങൾക്കു ചൂണ്ടിക്കാണിക്കാൻ കഴിയുമോ? കൊറോണമൂലം നമ്മളെല്ലാം ഇന്ന് പ്രയാസകരമായ സ്ഥിതി നേരിടുകയാണ്. അതിന്റെ രൂക്ഷമായ മുഖം നമ്മൾ ഇനിയും കണ്ടിട്ടില്ല. ഈ സ്ഥിതിയിൽ സന്തോഷിക്കുന്നവരല്ല ഞങ്ങൾ. എന്നാൽ കൊറോണ വന്നില്ലെങ്കിൽ തന്നെ രാജ്യം മറ്റൊരു വൈറസിനാൽ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ചൂഷകവർഗത്തോടുള്ള നിങ്ങളുടെ വിധേയത്വമാണ് ആ വൈറസ്! ആ വൈറസും ഇന്ത്യയിൽ നിന്നല്ല. അത് വിദേശ വൈറസാണ്. അതിന്റെ പേര് എഫ്ഡിഐ എന്നാണ്.

എഫ്ഡിഐയെ ഇത്രയും കൂറോടെ പരിപാലിക്കുന്ന ഒരു ഗവണ്മെന്റിന് ഇന്ത്യൻ ചെറുപ്പക്കാര്‍ക്ക് ജോലി വേണമെന്ന താൽപ്പര്യം കാണില്ല. വിദേശ മൂലധനത്തിന്റെ ലക്ഷ്യം അവരുടെ ലാഭം മാത്രമാണ്. ഇന്ത്യയുടെ പുരോഗതിയോ, ഇവിടത്തെ ചെറുപ്പക്കാരുടെ ഭാവിയോ അവർക്ക് പ്രശ്നമല്ല. ഇത് എഫ്ഡിഐയാൽ നിയന്ത്രിക്കപ്പെടുന്ന ഗവണ്മെന്റാണ്. അതിനർത്ഥം സ്വദേശി വർത്തമാനം പറയുന്ന ഗവണ്മെന്റ് വിദേശികളുടെ തടവിലായി എന്നാണ്. അത്തരം ഒരുു ഗവണ്മെന്റിന് യഥാർത്ഥ ഇന്ത്യൻ ദേശീയതയോടും ഇന്ത്യൻ യുവാക്കളോടും നീതി ചെയ്യാനാവില്ല. ഈ നയം മാറിയേ മതിയാകൂ. അത് ബിജെപി മാറ്റുമോ എന്ന കാര്യം ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. അതിനായി രാജ്യം എന്തെങ്കിലും ചെയ്തേ തീരൂ. ഇത് ആ പരിശ്ര മങ്ങളുടെ ഭാഗമാണ്. ശരിയാണു് ഇത് ഒരു സ്വകാര്യ അംഗത്തിന്റെ പ്രമേയമാണ്. നിങ്ങൾക്ക് അതിനെ പരാജയപ്പെടുത്താം. ഇവിടെ ഞാൻ നടത്തിയ രാഷ്ട്രീയ പരാമർശങ്ങളെല്ലാം നിങ്ങൾ മറന്നേക്കുക. നിങ്ങൾ അതിന്റെ സത്ത മനസിലാക്കാൻ ശ്രമിക്കുക. അത് ഇതാണ്: “വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്കിടയിലെ തൊഴിലില്ലായ്മയെക്കുറിച്ചും അതിനെ നേരിടാനുള്ള കർമപദ്ധതിയെക്കുറിച്ചും ഒരു സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുക.… .” ഇവിടെ സന്നിഹിതരായ മന്ത്രിമാർക്കും മന്ത്രിസഭക്കു തന്നെയും ഇതിനെ എതിർക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പ്രമേയത്തിന്റെ ഈ ഭാഗത്തെ എതിർക്കാൻ വേണ്ടിയല്ല ഇവിടെ ഇരിക്കുന്ന പല ബിജെപി അംഗങ്ങളും എത്തിയതെന്ന് ഞാൻ കരുതുന്നു. അതെ, ഇതെക്കുറിച്ച് ഒരു സമഗ്ര പഠന റിപ്പോർട്ട് ആദ്യം വരട്ടെ, അതിനുശേഷം ഈ പ്രമേയം സഭ മുമ്പാകെ വിനയപൂർവം പറയുന്നത് ഇങ്ങനെയാണ്: “വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ പ്രതിസന്ധി നേരിടാൻ ‘ഭഗത് സിങ് ദേശീയ തൊഴിലുറപ്പ് പദ്ധതി’ എന്ന പേരിൽ ഒരു നിയമം കൊണ്ടുവരുന്നതിനായി ബന്ധപ്പെട്ട എല്ലാവരുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ഒരു സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിക്കുക” എനിക്കുറപ്പാണ് ഗവണ്മെന്റിന് ഇതിനെ പിന്താങ്ങാനേ കഴിയൂ.

നിങ്ങൾ ദേശാഭിമാനികളാണെങ്കിൽ, ദേശീയ വാദികളാണെങ്കിൽ, ഭഗത് സിങിനോട് നിങ്ങൾക്ക് ഉണ്ടെന്ന് പറയുന്ന കൂറ് ആത്മാർത്ഥമാണെങ്കിൽ ഭഗത് സിങ് ദേശീയ തൊഴിലുറപ്പ് നിയമം പാസാക്കുക. അതിലൂടെ ഇപ്പോഴെങ്കിലും ഇന്ത്യയിലെ ചെറുപ്പക്കാരെക്കുറിപ്പ് ചിന്തിക്കാൻ തുടങ്ങുക. കഴിഞ്ഞ അഞ്ചരക്കൊല്ലം നിങ്ങൾ അവരെ ഓർത്തില്ല. നിങ്ങൾ പാവങ്ങളെ ഓർത്തില്ല. കർഷകരെ നിങ്ങൾ പാടെ മറന്നുപോയി. കാർഷിക രംഗത്ത്, വ്യവസായ മേഖലയിൽ, സർവീസ് മേഖലയിൽ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ എല്ലാം ഇരുട്ട് പടരുകയാണ്. നിരാശ കനക്കുകയാണ്. തൊഴിലാളികളും കർഷകരും പാവങ്ങൾ ആകെയും നിസഹായതയിൽ തപ്പിത്തടയുകയാണു്. സർ, കഴിഞ്ഞ തവണ ഈ സഭയിൽ ഞാൻ ബജറ്റിനെക്കുറിച്ചുള്ള ബിഎംഎസ് പ്രമേയം വായിച്ചിരുന്നു. ബിഎംഎസ് നിങ്ങളുടെ കൂട്ടാളിയാണ്. സംഘപരിവാറിലെ കുടുംബാംഗമാണ്. ആ ബിഎംഎസ് പോലും പറയുന്നത്, ഒരു ദേശീയ ഗവണ്മെന്റ് സഞ്ചരിക്കേണ്ട ദിശയിലല്ല ഗവണ്മെന്റ് നീങ്ങുന്നതെന്നാണ്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ദേശീയ താൽപ്പര്യങ്ങളുടെ കാഴ്ചപ്പാടിൽ, രാജ്യത്തെ യുവാക്കൾക്കുവേണ്ടി ഇപ്പോഴെങ്കിലും എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് ഇതാണ് അവസരം. അങ്ങേയറ്റം വികാരഭരിതനായി, വിനയപൂർവ്വം, എന്നാൽ ഖണ്ഡിതമായി, ഈ പ്രമേയം ഐകകണ്ഠ്യേന പാസാക്കി തരണമെന്ന് ഞാൻ ഈ സഭയോട് അഭ്യർത്ഥിക്കുകയാണു്. ഈ പ്രമേയത്തെ എതിർക്കരുതെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഈ പ്രമേയം ഒറ്റക്കെട്ടായി പാസാക്കാൻ സഭയെ ദയവായി അനുവദിക്കുക. ഇന്ത്യൻ പാർലമെന്റിന് ഇവിടത്തെ യുവതലമുറയോട് കരുതലുണ്ടെന്നുള്ള സന്ദേശം ഇവിടെ നിന്നു പോകട്ടെ. അവരുടെ ആകുലതകളുടെയും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കൂടെ നാം സഞ്ചരിക്കുമെന്ന് അവരറിയട്ടെ. അങ്ങനെ ഇപ്പോഴങ്കിലും നമുക്ക് അവരോട് നീതിയുള്ളവരാകാം.

അവസാനിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.