വാല്മീകി തീർത്തത് ആശയസംവാദം നിറഞ്ഞ രാമരാജ്യം

അജിത് കൊളാടി

രാമായണ സന്ദേശങ്ങള്‍

Posted on August 06, 2020, 6:31 am

അജിത് കൊളാടി

താപസ ശ്രേഷ്ഠൻ ഭരദ്വാജമുനിയുടെ ആശ്രമത്തിൽ ഭരതനും കൂട്ടരും പ്രവേശിച്ചു. മുനി ചൊല്ലി “ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി”. അവർ ഭരദ്വാജനോടൊപ്പം ഭക്ഷണം കഴിച്ചു.

മുനിയുടെ അനുഗ്രഹത്തോടെ ചിത്രകൂടത്തിൽ പ്രവേശിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വിശേഷ വർണ്ണങ്ങൾ ഉള്ള ധാതുക്കൾ നിറഞ്ഞ സ്ഥലം, ഇന്ദ്രനീലപ്രഭ ഒരു ദിക്കിൽ, പുഷ്യരത്നങ്ങൾ വിരിച്ചിട്ടതുപോലെ ശോഭിക്കുന്നു മറ്റൊരിടം. ശ്രീരാമൻ ജാനകിയോടൊപ്പം നടക്കുന്നു. “ജാനകി, സർവ്വലോകവും സ്നേഹിക്കുന്ന ദേവിയോടും ആനന്ദവർധകനായ സൗമിത്രിയോടും കൂടി അനേകം ആണ്ടുകൾ ഇവിടെ വസിക്കുന്നതായാലും എന്നെ അഴൽ ബാധിക്കില്ല”. ശ്രീരാമൻ ജാനകിയോട് പറഞ്ഞു.

മന്ദാകിനി പ്രവഹിക്കുന്നു സ്വച്ഛന്ദം. ആ സമയത്താണ് ഭരതന്റെ വരവ്. ഇടിനാദം പോലുള്ള പെരുമ്പറയുടെ ശബ്ദം കേട്ടപ്പോൾ ലക്ഷ്മണനോടു സത്യാവസ്ഥ മനസിലാക്കുവാൻ പറഞ്ഞു. വൻ മരത്തിൽ കയറി ദൂരെ നോക്കിയപ്പോൾ, രഥങ്ങളിൽ പാറിക്കളിക്കുന്ന, പാരിജാത വൃക്ഷം അടയാളമുള്ള കൊടിക്കൂറ കണ്ടു. സൗമിത്രി, രാമനോട് പറഞ്ഞു, ഭരതൻ നമ്മെ ആക്രമിക്കാൻ വരുന്നു. അവനെ നശിപ്പിക്കണം. ക്രോധാഗ്നിയിൽ മുഴുകിയ സൗമിത്രയെ രാമൻ ആശ്വസിപ്പിച്ചു. “ലക്ഷ്മണാ, അമേയ ബുദ്ധിമാനായ ഭരതൻ സ്വയമായി തന്നെ ഇങ്ങോട്ടുവരുന്നു. അനുജനെ വധിച്ച് ദുഷ്‌പേരോടുകൂടി കിട്ടുന്ന രാജ്യത്തെ ഞാനെന്തു ചെയ്യും. ഭരതൻ സ്നേഹമുള്ളവനാണ്. അവനെ സംശയിക്കണ്ട”.

ഭരതൻ വനാന്തർഭാഗത്തേക്ക് പ്രവേശിച്ചു. ചിത്രകൂടത്തിലെ ധൂമപടലം അവരുടെ നയനങ്ങളെ സേചനം ചെയ്തു. ശ്രീരാമൻ അവിടെ പാർക്കുന്നു എന്നു മനസിലായി. ഭരതന് പരിഭ്രമം വർധിച്ചു. ദൂരെനിന്ന് സൂക്ഷിച്ചു നോക്കി. പുരുഷോത്തമനായ അഗ്രജൻ വെറും നിലത്ത് വീരാസനത്തിലിരിക്കുന്നു, വിജനത്തിലിരിക്കുന്നു. ഹാ! കഷ്ടം എന്നു ഭരതൻ പലതും മനസിൽ പറഞ്ഞു, ഓടി ചെന്ന് ശ്രീരാമപാദങ്ങളിൽ പതിച്ചു.

“അച്ഛനെവിടെ? ശ്രീരാമന്റെ ചോദ്യം. നീ എന്തിനുവന്നു, അച്ഛനെ തനിച്ചാക്കി? നിന്റെ മാതാവിനു സുഖമല്ലെ?”. ഭരതൻ പറഞ്ഞു, ഞാൻ കേകേയത്തിൽ വസിക്കുമ്പോൾ, അവിടുന്ന് ദണ്ഡകാരണ്യത്തിലേക്ക് എഴുന്നള്ളിയപ്പോൾ, നമ്മുടെ അഭിവന്ദ്യ പിതാവ് ഈ ലോകം വെടിഞ്ഞു. അവിടുന്ന് ഉദകക്രിയകൾ നടത്തുക. അങ്ങയെ സ്മരിച്ചുകൊണ്ടാണ് അച്ഛൻ പരലോകം പൂകിയത്”. രാമന് ദുഃഖമടക്കാൻ കഴിഞ്ഞില്ല.
തീവ്ര ദുഃഖം ബാധിച്ച രാമൻ എന്ന പുത്രനെ, മനുഷ്യനെ വസിഷ്ഠൻ ആശ്വസിപ്പിച്ചു. ശേഷക്രിയ ചെയ്തതിനു ശേഷം, മനോമോഹനസാനുവിലേക്ക് നരപതി നന്ദനൻ കയറി. അമ്മമാർ രാമനെ കണ്ടു. ഭരതൻ അഗ്രജനോട് പറഞ്ഞു, ”അവിടുന്ന് രാജ്യം സ്വീകരിക്കുക. പൂർണചന്ദ്രനാൽ ശരൽക്കാല രാത്രി പോലെ, അവിടത്തെ പരിപാലനത്താൽ ഭൂമിയെ വിധവയല്ലാതാക്കണേ”.
രാമൻ പറഞ്ഞു, “നീ കുലീനൻ, സത്വഗുണ സമ്പൂർണ്ണൻ, അതി തേജസ്വി. നീ അയോധ്യ പരിപാലിക്കുക. അച്ഛൻ അരുളി ചെയ്തത് സ്വീകരിക്കലാണ് നമ്മുടെ കടമ”.
“പൊൽത്താരടികളിൽ ചേർത്ത മെതിയടി
ഭക്തിമാനായ ഭരതനു നൽകി നാൻ “അങ്ങിനെ ഭരതനോട് പറഞ്ഞ രാമനോട് ജബാലി എന്ന ബ്രാഹ്മണൻ പറഞ്ഞു, “അർത്ഥമില്ലാത്ത സിദ്ധാന്തങ്ങൾ തള്ളുക. ജനിക്കുമ്പോഴും മരിക്കുമ്പോഴും എല്ലാവരും ഒറ്റയ്ക്കാണ്. താനല്ലാതെ തനിക്കു ബന്ധുക്കൾ ആരുമില്ല. മനുഷ്യ ജീവിതം ദീർഘയാത്ര. പലരെയും കാണുന്നു. ഒന്നും ശാശ്വതമല്ല. പിന്നെന്തിന് അച്ഛന്റെ അർത്ഥമില്ലാത്ത കല്പന അനുസരിക്കുന്നു. ശ്രാദ്ധം, ശേഷക്രിയ എന്നിവ അർത്ഥശൂന്യങ്ങൾ. ഒരാൾ അനുഭവിക്കുന്ന ഭക്ഷണം മറ്റൊരാളെ പോഷിപ്പിക്കുകയില്ല. അതുകൊണ്ട് ബ്രാഹ്മണർക്ക് ഭക്ഷണം കൊടുത്തതുകൊണ്ട് പിതൃക്കൾ തൃപ്തരാവില്ല. ലോകത്തിലെല്ലാം മാറ്റങ്ങൾക്ക് വിധേയമാണ്”.
രാമൻ ഇതുകേട്ട് രോഷം പൂണ്ടു. വസിഷ്ഠൻ രോഷം ശമിപ്പിച്ചു. ഇക്ഷ്വാകു വംശം ജ്യേഷ്ഠൻ ഭരിക്കണം എന്ന് വസിഷ്ഠൻ. അതാണ് ജബാലിയുടെ വാദമുഖം.

വാല്മീകി എത്രയെത്ര ചിന്തകൾ ആവിഷ്കരിക്കുന്നു. രാമനെ ചോദ്യം ചെയ്യുന്ന ജബാലി. അതു കേൾക്കുന്ന രാമൻ. ആശയസംവാദങ്ങളുടെ കാലം. ഇന്ന് അതില്ല രാമന്റെ നാട്ടിൽ. മനസുകളിലെ രാമനെ ശിലയിലേക്കാവാഹിച്ചിരുത്തു, പരസ്നേഹത്തിനുനേരെ വിഷംപുരട്ടിയ അസ്ത്രം തൊടുക്കുന്നു. ഇതാണ് ഇന്നത്തെ കാഴ്ച.