June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

സീതയെന്ന സൂര്യനുചുറ്റുമുള്ള രാമന്റെ അയനം

By Janayugom Webdesk
July 23, 2020

അജിത് കൊളാടി

രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾ അനശ്വരമായി നിലനിൽക്കും. രാമായണമെന്ന ഇതിഹാസ കാവ്യം യഥാർത്ഥത്തിൽ സീതായനമാണ്. സീത എന്ന സൂര്യനുചുറ്റും മറ്റു കഥാപാത്രങ്ങൾ കറങ്ങുന്നു. എപ്പോഴും ധർമ്മത്തിന്റെ, പരമമായ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ പ്രതീകമാണ് സീത. സീതയുടെ ധർമ്മം ആചാര്യൻ തന്നെ വർണ്ണിക്കുന്നു.

ഭർത്താവു തന്നോടു കൂടെ നടക്കുമ്പോ-

ളെത്രയും കൂർത്ത മൂർത്തുള്ള കല്ലും മുള്ളും

പുഷ്പാസ് തരണ തുല്യങ്ങളെ നിക്കതും

പുഷ്പബാണോപമാ നീ വെടിഞ്ഞീടൊലാ

ഏതുമേ പീഡനയുണ്ടാകയില്ലെന്മൂലം “…

“ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു? ”

രണ്ടുമൊന്നത്രെ വിചാരിച്ചു കാൺകിലോ ”

“സീതയ്ക്കു ഭർത്താവിനെ പിരിഞ്ഞു പാർക്കാൻ സൂര്യപ്രകാശമുള്ള ഈ ഭൂമിയിൽ സുഖകരമായി യാതൊരു ഭവനത്തെയും ദൈവം നിഗൂഢമായി വച്ചിട്ടില്ല. അതുകൊണ്ടു വന്യമൃഗങ്ങൾ നിർഭയമായി സഞ്ചരിക്കുന്ന വനത്തിൽ ഞാൻ വരും. എന്റെ ഭർത്താവിന്റെ പ്രേമത്തെ എവിടെയാണോ എനിക്കനുഭവിക്കാൻ കഴിയുന്നത് അവിടം തന്നെയാണ് എന്റെ രാജ്യഗൃഹം. ജീവൻ എന്റെ ശരീരത്തിൽനിന്നു വേർപെടുന്ന കാലത്തോളം ഞാൻ എന്റെ ഭർത്താവിനെ പിരിഞ്ഞു പാർക്കുന്നതല്ല. ഭയങ്കരവും അന്ധകാരമയവുമായ മഹാരണ്യത്തിലേക്ക് ഭർത്താവ് പോവുകയാണെങ്കിൽ ഭർത്താവിന് സഞ്ചരിക്കാനുള്ള മാർഗങ്ങളിലെ കല്ലും മുള്ളും പെറുക്കി ശരിപ്പെടുത്താനായി സീത എപ്പോഴും മുമ്പേ നടക്കും”. സീതാദേവിയുടെ ധർമ്മത്തെ, ആത്മാർത്ഥമായ സ്നേഹത്തെ, ത്യാഗത്തെ വെളിപ്പെടുത്തുന്ന വാക്കുകൾ രാമായണത്തെ പ്രഭാപൂരിതമാക്കുന്നു.

എങ്ങിനെ നിന്നെ ഞാൻ കൊണ്ടുപോകുന്നതു

തിങ്ങി മരങ്ങൾ നിറഞ്ഞ വനങ്ങളിൽ?

ഘോര സിംഹ വ്യാഘ്രസൂകര

സൈരിഭ -

വാരണ വ്യാളഭല്ലൂക വൃകാദികൾ

മാനുഷഭോജികളായുള്ള രാക്ഷസർ കാനനം തന്നിൽ മറ്റും ദുഷ്ട ജന്തുക്കൾ” — തുടങ്ങി വനത്തിന്റെ ഭയാനകതയെ കുറിച്ചുള്ള രാമചന്ദ്രന്റെ വാക്കുകൾ കേട്ടപ്പോഴാണ്, സീതാദേവി മുകളിൽ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചത് പിന്നെയും സീത പറയുന്നു “എന്റെ ഭർത്താവ് പറഞ്ഞതു വാസ്തവം തന്നെയോ? രാജ്യത്തിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ട എന്റെ നാഥനായ പ്രിയതമൻ അഗ്നിസാക്ഷിയായി സ്വീകരിച്ച തന്റെ കളത്രത്തെ ഉപേക്ഷിക്കുമോ?. മനസ്സിൽ തറയ്ക്കുന്ന ചോദ്യങ്ങളാണ് സീതാദേവിയെക്കൊണ്ട് മുനി ചോദിപ്പിക്കുന്നത്. ഉദാത്തമായ ധർമ്മദേവതയാണ് സീത.

അചഞ്ചലമായ സ്നേഹം, രാമനോടുള്ള ബഹുമാനം, ധർമ്മത്തിന്റെയും സ്നേഹത്തിന്റെയും മൂർത്തിമദ്ഭാവം, പരമമായ പരിശുദ്ധി എന്നിവയുടെയെല്ലാം ഉത്തമ രൂപമാണ് സീത. വിവാഹ സമയത്ത്, ജനകൻ, സീതയുടെ കൈ രാമന്റെ കയ്യിൽ ചേർത്തുകൊണ്ട് പറഞ്ഞു,

ഇയം സീതാ മമ സുതാ

സഹധർമ്മചരീതവ

പ്രതിച്ഛചൈനാം, ഭദ്രം തേ

വാണിം ഗൃഹ്ണിഷ്വ പാണിനാ

പതിവ്രതാ മഹാഭാഗാ

ഛായേവനു ഗതാ സദാ ”

(എന്റെ മകൾ, നിന്റെ സഹധർമ്മിണി, പതിവൃതയും മഹാഭാഗയുമായി ഇവൾ നിന്നെ എല്ലായ്പ്പോഴും നിഴൽപോലെ പിന്തുടരും). മഹത്തായ ജനക വചനം. ആ പവിത്രതയാണ് മഹാമുനിക്കഥയുടെ അവസാനത്തിൽ സീതയെ സംരക്ഷിച്ച് ശ്രീരാമനോട് പറഞ്ഞത്, ശ്രീരാമസഭയിൽ സീതയെ കൊണ്ടുവന്നപ്പോൾ “ദശരഥ പുത്രാ, സീത പവിത്രയാണ്. നിന്റെ പ്രജകൾ പറഞ്ഞതുപോലെ അല്ല സീത. ഈ ഇരട്ട സന്തതികൾ നിന്റെ മക്കളാണ്. വർഷങ്ങൾ ഘോരതപസ്സനുഷ്ഠിച്ചവനാണ് ഞാൻ. സീതയ്ക്ക് എന്തെങ്കിലും കുറ്റമുണ്ടെങ്കിൽ എന്റെ തപശക്തി നഷ്ടപ്പെട്ടുകൊള്ളട്ടെ. പഞ്ചേന്ദ്രിയങ്ങളിലും ആറാം ഇന്ദ്രിയമായ മനസ്സിലും സീതയ്ക്ക് കളങ്കമില്ല. ലോകാപവാദ ഭീതികൊണ്ടല്ലേ നീ അവളെ ഉപേക്ഷിച്ചത്. ഞാൻ പറയുന്നു, സീത എന്നാൽ പരിശുദ്ധിയാണ്.

സീതയുടെ ചരിത്രം പരിശുദ്ധിയുടെ ചരിത്രമാണ് “ആദികവി തന്നെ സീതയെ പ്രകീർത്തിക്കുന്നു, രാമനെക്കാൾ ചൈതന്യം സീതയ്ക്കാണ് എന്ന് പറയുന്നു. രാമകഥയുടെ അധിഷ്ഠാനം സീതാ കഥയാണ് — ധർമ്മവും സ്നേഹവും ത്യാഗവും അനുഷ്ഠിക്കുമ്പോൾ വളരെ ദുരിതപൂർണ്ണമായ പാതകളിൽ കൂടെ സഞ്ചരിക്കേണ്ടിവരും. ഏത് പ്രതിസന്ധിയിലും സീത അവ കൈവെടിഞ്ഞില്ല. അതാണ് സീതായനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.