October 1, 2022 Saturday

സമാധാനവും സാഹോദര്യവും സഹിഷ്ണുതയും നിറഞ്ഞ അയോധ്യയെവിടെ?

അജിത് കൊളാടി
രാമായണ സന്ദേശങ്ങള്‍
July 21, 2020 5:07 am

അജിത് കൊളാടി

രയൂ നദികൊണ്ട് നീലക്കര ചാർത്തിയ കോസല രാജ്യത്തിൽ ഐശ്വര്യസമൃദ്ധമായ ജനപദങ്ങളും ലോകപ്രശസ്തിയാർജ്ജിച്ച അയോധ്യ നഗരമുണ്ട്. പന്ത്രണ്ടു യോജന നീളവും മൂന്നുയോജന വീതിയുമുള്ള രാജപാതകൾ, അവ എന്നും ജലത്താൽ കഴുകി, പൂക്കൾ വിതറി ശുദ്ധമാക്കുന്നു. അമരാവതിക്ക് തുല്യമാണത്രെ അയോധ്യ. ചുറ്റും മതിലുകളുള്ള മനോഹര ഉദ്യാനങ്ങൾ ഓരോ തെരുവിലും കാണാം. സത്ഗുണ സമ്പന്നരായ സ്ത്രീകൾ, ഉത്തമപുരുഷന്മാർ ആണ് അവിടത്തെ ജനത. കുബേരന്റെയും ഇന്ദ്രന്റെയും യമന്റെയും വരുണന്റെയും വാസസ്ഥാനങ്ങൾകൂടി അയോധ്യാപുരിക്ക് തുല്യമല്ല.

നാട്ടുകാരിൽ മുഴുവൻ സത്യം, ധർമ്മം, ദയ, ഈശ്വരവിശ്വാസം, രാജഭക്തി, സദാചാരം തുടങ്ങിയ സർവ്വവിധ ഗുണങ്ങളും ഒത്തുചേർന്നു. അസത്യം പറയുന്നവരോ അസൂയാദി ദുർഗുണങ്ങൾ ഉള്ളവരോ ബലഹീനനോ വിജ്ഞാനമില്ലാത്തവരോ ദശരഥ മഹാരാജാവിന്റെ സാമ്രാജ്യത്ത് ഒരിടത്തും ഉണ്ടായിരുന്നില്ല. ഖജനാവ് എന്നും സമൃദ്ധിയിലായിരുന്നു. ജനങ്ങളിൽ പലരും യോദ്ധാക്കൾ ആയിരുന്നു. രാജാവ് പ്രജകളെയും പ്രജകൾ രാജാവിനെയും സ്നേഹിച്ചു. സർവ്വ ശാസ്ത്ര പാരാംഗതനും അതിതേജസ്വിയും പൗരജനപ്രിയനും മഹർഷി തുല്യനായ രാജർഷിവര്യനും ഇക്ഷ്വാകുവംശത്തിലെ മഹാരഥനും ധർമ്മകർമ്മങ്ങളിൽ സുസ്ഥിതനും അമിത ബലവാനും ആയ ദശരഥമഹാരാജാവ്, അവിടം പരിപാലിച്ചു.

ദശരഥന്റെ മന്ത്രിമാർ അതിപ്രശസ്തരും പ്രഗത്ഭരും ആയിരുന്നു. ഓരോ മനുഷ്യന്റെയും മനസ്സറിയുന്നവരായിരുന്നു അവർ. രാജ്യത്തിന്റെയും രാജാവിന്റെയും ക്ഷേമം ആയിരുന്നു അവരുടെ മുൻഗണന. ഉന്നത മൂല്യങ്ങൾ ഉയർത്തി പിടിച്ച എട്ട് മന്ത്രിമാരായിരുന്നു ദശരഥന്റെ മന്ത്രിസഭയിൽ. അവർ ധൃഷ്ടി, ജയന്തൻ, വിജയൻ, അർത്ഥസാധകൻ, അശോകൻ, മന്ത്രപാലൻ, സിദ്ധാർത്ഥൻ, സുമന്ത്രർ എന്നിവർ. അവരെ കൂടാതെ മഹാഋഷിമാരായ വസിഷ്ഠനും വാമദേവനും ചക്രവർത്തിയുടെ ആസ്ഥാന ഗുരുക്കന്മാരുമായുണ്ടായിരുന്നു. വിജ്ഞാനംകൊണ്ട് വിനീതരായ സചിവന്മാർ, മഹാത്മാക്കളും സർവ്വ ശാസത്ര പാരാംഗതന്മാരും തേജസ്സ്, ക്ഷമ, സദാചാരം തുടങ്ങിയവ ഒത്തുചേർന്നവരുമായിരുന്നു.

അതിസൂക്ഷ്മമായ സംഗതികളെ കൂടി മനസ്സിലാക്കുവാ­­ൻ കഴിവുള്ളവരായിരുന്നു അ­വർ. ഇങ്ങിനെ എല്ലാ വി­ധ ഗുണങ്ങളും ഉള്ള ജനങ്ങളും മന്ത്രിമാരും മു­നിവര്യന്മാരും ഉള്ള അയോധ്യയെ ധർമ്മംകൊണ്ട് രഞ്ജിപ്പിച്ച്, പുരുഷ വ്യാഘ്രനായ ദശരഥൻ പരിപാലിച്ചു. അങ്ങിനെ സർവ്വശ്രേഷ്ഠമായ ഗുണങ്ങളും ഉയർന്ന മൂല്യങ്ങളും ഉള്ള ജനങ്ങളും മന്ത്രിമാരും രാജാവുമുള്ള അയോധ്യയെ, സർവ്വവിധ സമൃദ്ധി നിറഞ്ഞ അയോധ്യയെ, സമാധാനവും സ്നേഹവും സാഹോദര്യവും സഹിഷ്ണുതയും നിറഞ്ഞുനിന്ന അയോധ്യയെയാണ് ഈ കാലത്ത് സങ്കുചിത ശക്തികൾ കളങ്കപ്പെടുത്തിയത് എന്നത് എത്ര നിർഭാഗ്യകരം.

ഒരേ സമയത്തു പത്തു തേരിലിരുന്ന് പത്തു ദിക്കിലേക്കു സഞ്ചരിക്കാനോ യുദ്ധം ചെയ്യാനോ കഴിഞ്ഞിരുന്നു എന്നതു കൊണ്ടാണ് അദ്ദേഹത്തിന് ദശരഥൻ എന്ന പേര് വന്നത് എന്നത് ഗ്രന്ഥത്തിലെ ഒരഭിപ്രായം. പത്തിന്ദ്രിയങ്ങളുടെ ആവാസ കേന്ദ്രമായ മനുഷ്യ ശരീരത്തെയാണ് ഇവിടെ ദശരഥനായി പറഞ്ഞിരിക്കുന്നത്, എന്നത് മറ്റൊരു അഭിപ്രായം. ഉയർന്ന മൂല്യങ്ങൾ ഉയർത്തി പിടിച്ച ജനത, ഭരണാധിപൻ, മാനവികത നിറഞ്ഞ നിന്ന രാജ്യം, സഹജീവി സ്നേഹം പ്രകടിപ്പിച്ച ജനത, അവിടെയാണ്, ധർമ്മത്തിന്റെ സത്യത്തിന്റെ വിളനിലം. കാലം പിന്നിട്ടപ്പോൾ ഈ മൂല്യങ്ങൾ എല്ലാം പല രംഗങ്ങളിലും അപ്രത്യക്ഷമായി. രാമന്റെ അയോധ്യ പ്രകടിപ്പിച്ചത് സത്യം, ധർമ്മം, സാഹോദര്യം. ഇപ്പോൾ രാമായണ തത്വങ്ങൾ എവിടെ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.