പുതിയ രൂപത്തിലെത്തുന്ന ഫിഫ ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം. ഫിഫ ലോകകപ്പിന് ശേഷം ക്ലബ്ബ് ലോകകപ്പ് മോഹിച്ചിറങ്ങുന്ന ലയണല്‍ മെസി ഇന്ന് കളത്തിലെത്തും. രാവിലെ 5.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്റര്‍ മിയാമിയും ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്ലിയുമാണ് ഏറ്റുമുട്ടുക. ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്ലിയെ നേരിടാനായി ശക്തമായ ടീമുമായി തന്നെ ഇന്റര്‍ മിയാമി ഇറങ്ങുമെന്നത് ഉറപ്പാണ്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ലൂയിസ് സുവാരസ്, സെർജിയോ ബുസ്കറ്റ്സ്, ജോർഡി ആൽബ എന്നിവര്‍ കളത്തിലെത്തും. മേജര്‍ ലീഗ് സോക്കറില്‍ മൂന്നാമതാണ് മെസിയുടെ ഇന്റര്‍ മിയാമി. താരപ്രഭയിൽ മുന്നിൽ ഇന്റർ മയാമിയാണെങ്കിലും കളത്തിലെ കരുത്തർ അൽ അഹ്ലിയെന്ന് പറയാം.
ഇന്ന് തന്നെ നടക്കുന്ന മറ്റു മത്സരങ്ങളില്‍ രാത്രി 9.30ന് ജർമ്മൻ ക്ലബ്ബ് ബയേൺ മ്യൂണിക് ന്യൂസിലാൻഡ് ക്ലബ്ബ് ഓക്‌ലൻഡ് സിറ്റിയെയും രാത്രി 12.30ന് പിഎസ്ജി, അത്‌ലറ്റിക്കോ മാഡ്രിഡിനെയും നേരിടും. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ജേതാക്കൾ. ബാഴ്സലോണ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, എസി മിലാൻ, ആഴ്സണൽ തുടങ്ങിയ ക്ലബ്ബുകളുടെ അഭാവത്തില്‍ ക്ലബ്ബ് ലോകകപ്പ് ആവേശം എത്രത്തോളമുണ്ടെന്ന് കണ്ടറിയാം. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ പങ്കാളിത്തം ആവേശമാക്കുമെന്നത് ഉറപ്പാണ്. ലയണൽ മെസി, കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, വിനീഷ്യസ്, എർലിങ് ഹാളണ്ട്, ഒസുമാനെ ഡെംബലെ, എസ്റ്റെവോ വില്യൻ, സാലോമൻ റൊൺഡൻ, തിയാഗോ സിൽവ, സെർജി റാമോസ്, ജൂലിയൻ അൽവാരസ് എന്നിവര്‍ ക്ലബ്ബ് ലോകകപ്പില്‍ ഇറങ്ങുന്നുണ്ട്. അല്‍ നസര്‍ യോഗ്യത നേടാത്തതിനാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് ലോകകപ്പിനില്ല. ഇതോടെ മെസിയും റൊണാള്‍ഡോയും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന അവസരമാണ് നഷ്ടമായത്. യൂറോപ്പിൽ നിന്ന് പന്ത്രണ്ട്, ആഫ്രിക്കയും ഏഷ്യയും നാല് വീതം, തെക്കെ അമേരിക്കയിൽ നിന്ന് ആറ്, വടക്കെ-മധ്യ അമേരിക്കയിൽ നിന്ന് അഞ്ച്, ഓഷ്യാനയിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് ക്ലബ്ബ് ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍. യുഎസിലെ 11 നഗരങ്ങളിലെ 12 വേദികളിലായിട്ടാണ് മത്സരങ്ങൾ. ജൂലൈ 13നാണ് ഫൈനല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.