Web Desk

മാഡ്രിഡ്

December 23, 2020, 10:59 pm

പെലെയുടെ റെക്കോഡ് മറികടന്ന് ചരിത്ര നേട്ടം സ്വന്തമാക്കി മെസ്സി

Janayugom Online

ഇതിഹാസ താരം സാക്ഷാൽ പെലെയെ മറികടന്ന് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി പുതിയ റെക്കോഡിട്ടു. ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന ബ്രസീല്‍ ഇതിഹാസത്തിന്റെ റെക്കോഡ് മെസി പഴങ്കഥയാക്കുകയായിരുന്നു. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിനായി 665 മത്സരങ്ങളില്‍ നിന്നായി നേടിയ 643 ഗോളുകള്‍ എന്ന പെലലെയുടെ നേട്ടമാണ് മെസി തിരുത്തിയത്. ബാഴ്സയ്ക്കായി 749 മത്സരങ്ങളില്‍ നിന്നാണ് മെസി 644 ഗോള്‍ നേടി റെക്കോര്‍ഡ് തിരുത്തിയത്. സ്പാനിഷ് ലാ ലിഗയില്‍ വല്ലഡോലിഡിനെ ബാഴ്സ 3–0നു തകര്‍ത്തുവിട്ട കളിയില്‍ ടീമിന്റെ അവസാന ഗോള്‍ മെസിയുടെ വകയായിരുന്നു. ഇതോടെ ചരിത്രനേട്ടവും അദ്ദേഹത്തെ തേടിയെത്തി.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മെസിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബാഴ്സലോണയ്ക്ക് ജയം. വയ്യാഡോയിഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. ഗോള്‍ നേടുന്നതോടൊപ്പം മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ചെ­യ്തു. മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ക്ലെമെന്റ് ലെംഗ്ലെറ്റാണ് ബാഴ്സയുടെ ആദ്യ ഗോ­ള്‍ നേടിയത്. മുപ്പത്തി അ­ഞ്ചാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റ് രണ്ടാം ഗോള്‍ കണ്ടെത്തി. അറുപത്തി അഞ്ചാം മിനിറ്റില്‍ മെസിയിലൂടെ ബാഴ്സ ഗോള്‍ വേട്ട അവസാനിപ്പിച്ചത്. ലാ ലീഗയില്‍ 14 മത്സരങ്ങളില്‍ നിന്നും 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബാഴ്സലോണ.

2005ലായിരുന്നു മെസി ബാഴ്സയ്ക്കു വേണ്ടി കന്നി ഗോള്‍ നേടിയത്. പിന്നീട് ബാഴ്സയുടെ ഐക്കണ്‍ താരമായി മെസി മാറി. 10 ലാ ലിഗ കിരീടങ്ങളും നാലു ചാമ്പ്യന്‍സ് ട്രോഫികളുമടക്കം നിരവധി ട്രോഫികളില്‍ ബാഴ്‌സയ്‌ക്കൊപ്പം പങ്കാളിയാവാന്‍ അദ്ദേഹത്തിനു സാധിച്ചു.

അതേസമയം, ലാ ലിഗയിലെ മറ്റു മത്സരങ്ങളില്‍ സെവിയ്യ 1–0നു വലന്‍സിയയെയും അത്‌ലറ്റികോ മാഡ്രിഡ് 2–0നു റയല്‍ സോസിഡാഡിനെയും പരാജയപ്പെടുത്തി. അത്‌ലറ്റിക് ബില്‍ബാവോ- വിയ്യാറയലല്‍, ലെവന്റെ- ഹ്യുസ്‌ക മത്സരം 1–1നു സമനിലയില്‍ കലാശിച്ചു.