ലിയോണൽ മെസിയുടെയും അര്‍ജൻറീന ഫുട്ബോള്‍ ടീമിൻറെയും കേരള സന്ദർശനം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സ്പോൺസർമാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും ഒരുങ്ങുന്നു. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെയാണ് ഇരു വിഭാഗവും നിയമനടപടിക്ക് ഒരുങ്ങുന്നത്. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. കേരളത്തിൽ രണ്ട് ഫുട്ബോൾ മത്സരങ്ങൾ നടത്താനായി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാർ ഒപ്പുവച്ചിരുന്നു. കരാർ പ്രകാരം 45 ദിവസത്തിനകം പകുതി തുക നൽകേണ്ടതായിരുന്നു. എന്നാൽ, അനുവദിച്ച സമയം കഴിഞ്ഞിട്ടും സ്പോൺസർമാർ ഈ വ്യവസ്ഥ പാലിച്ചില്ല. ഈ സാഹചര്യത്തിലാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിയമനടപടിക്ക് ഒരുങ്ങുന്നത്.
സംസ്ഥാന സർക്കാരും സ്പോൺസർമാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്. സന്ദർശനം ഒഴിവാക്കിയത് സംബന്ധിച്ച് അർജന്റീന ഔദ്യോഗികമായി സർക്കാരിനെ അറിയിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ച ശേഷമായിരിക്കും സർക്കാർ നിയമ നടപടികൾ ആലോചിക്കുക. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാകും നടപടി.
2022 ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് കേരളത്തിൽ നിന്ന് ലഭിച്ച വലിയ പിന്തുണയ്ക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷൻ നന്ദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ടീമിനെ ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തത്. സൂപ്പർ താരങ്ങളടങ്ങിയ ടീമിനെ കൊണ്ടുവരുന്നതിനുള്ള വലിയ സാമ്പത്തിക ചെലവ് സർക്കാരിന് മുന്നിലുണ്ടായിരുന്നു. ഒടുവിൽ എച്ച്എസ്ബിസി പ്രധാന സ്പോൺസർമാരായി എത്തുകയും ടീം കേരളത്തിൽ കളിക്കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു. എന്നാൽ, അർജന്റീനയുടെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമെത്തി. ഇതനുസരിച്ച്, ഈ വർഷം അർജന്റീന ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരില്ല. ഒക്ടോബറിൽ ചൈനയിൽ രണ്ട് മത്സരങ്ങൾ കളിക്കും. നവംബറിൽ ആഫ്രിക്കയിലും ഖത്തറിലുമായിരിക്കും മറ്റു മത്സരങ്ങൾ. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായാണ് സൗഹൃദ മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.