കേരളത്തിലെ മുഴുവൻ ട്രാൻസ്ഫോർമറുകൾക്കും മീറ്റർ സ്ഥാപിക്കുന്നു

Web Desk
Posted on January 13, 2019, 4:48 pm
ബിജു കിഴക്കേടത്ത്
മാനന്തവാടി: കേരളത്തിലെ മുഴുവൻ ട്രാൻസ്ഫോർമറുകൾക്കും മീറ്റർ സ്ഥാപിക്കുന്നു. വൈദ്യുതി പ്രസരണനഷ്ടം കണ്ടെത്താനാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ട്രാൻസ്ഫോർമറുകളിൽ മീറ്റർ സ്ഥാപിക്കുന്നത്.
ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമർ മീറ്റർ (ഡിടിആർ) സ്ഥാപിക്കുന്ന പ്രവർത്തികൾ തുടങ്ങി.
ഓരോ ട്രാൻസ്ഫോർമറിന് കീഴിലുള്ള പ്രസരണ നഷ്ടം കണ്ടെത്തുന്നതിനും  പ്രസരണനഷ്ടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനും മീറ്റർ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് കെഎസ്ഇബിയുടെ പ്രതിക്ഷ.
ഒരു ട്രാൻസ്ഫോർമറിന് കീഴിൽ നിന്നും നൽകുന്ന വൈദ്യുതി കണക്ഷനുകളുടെ മീറ്റർ റീഡിംങ്ങ് പരിശോധിക്കുകയും പിന്നീട് ട്രാൻസ്ഫോർമറിലെ മീറ്റർ റീഡിംങ്ങും ശേഖരിച്ച് എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് ഒത്തു നോക്കും. വൈദ്യുതി കണക്ഷൻ മീറ്റർ റീഡിങ്ങും ട്രാൻസ്ഫോർമർ മീറ്ററിലെ റീഡിംങ്ങും തമ്മിൽ മാറ്റമുണ്ടെങ്കിൽ ആ ട്രാൻസ്ഫോർമറിന് കീഴിലാണ് വൈദ്യുതി പ്രസരണ നഷ്ടമുണ്ടായിട്ടുള്ളതെന്ന് കണ്ടെത്താൻ കഴിയും.
ഇതിന് പുറമെ അനധികൃതമായി വൈദ്യുതി ഊറ്റൽ കണ്ടെത്തുകയാണ് ട്രാൻസ്ഫോർമറിൽ ഡിടിർആർ മീറ്റർ ഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഏപ്രിൽ മാസത്തോടെ മീറ്റർ സ്ഥാപിക്കുന്ന നടപടി പൂർത്തികരിക്കും.