June 6, 2023 Tuesday

മെത്രാൻ കായൽ: ഉത്തരവ് റദ്ദാക്കി

Janayugom Webdesk
തിരുവനന്തപുരം:
March 4, 2020 10:56 pm

കുമരകം വില്ലേജിലെ മെത്രാൻ കായൽ പാടശേഖരത്തിൽ ടൂറിസം പദ്ധതി നടപ്പാക്കാൻ റക്കിൻഡോ കുമരകം റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2016 മാർച്ച് ഒന്നിന് യുഡിഎഫ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് റദ്ദാക്കാൻ തീരുമാനിച്ചത്. ടൂറിസം പദ്ധതിക്ക് നൽകാൻ തീരുമാനിച്ച സ്ഥലം നെൽകൃഷി ചെയ്തുവരുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. 2016 പുഞ്ച സീസണിൽ മെത്രാൻ കായൽ പാടശേഖരത്തിൽ നെൽകൃഷി പുനരാരംഭിയ്ക്കുമെന്നത് എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനമായിരുന്നു. ഇത് കൃഷിമന്ത്രി വി എസ് സുനിൽകുമാർ പ്രഖ്യാപിയ്ക്കുകയും തുടർ നടപടികൾ കൃഷി വകുപ്പ് സ്വീകരിയ്ക്കുകയും ചെയ്തു.

ആദ്യ വർഷം സന്നദ്ധസംഘടനകളും നാട്ടുകാരും ചേർന്നുള്ള കുമരകം മെത്രാൻ കായൽ നെല്ലുല്പാദക സമിതി കൃഷിയിറക്കാനുള്ള നടപടികൾ സ്വീകരിച്ചു. പിറ്റേ വർഷം മുതൽ റക്കിൻഡോ കമ്പനിയിൽ നിന്ന് പാട്ടവ്യവസ്ഥയിൽ ഭൂമി എടുത്ത് കർഷകർ കൃഷി ചെയ്തുവരികയാണ്. മെത്രാൻകായൽ ബ്രാൻഡഡ് അരിയും വിപണിയിലിറക്കി. സ്വകാര്യ കമ്പനിയായ റെക്കിൻഡോയ്ക്കാണ് കായൽ നികത്താൻ ഉമ്മൻചാണ്ടി സർക്കാർ അനുമതി നൽകിയത്. ടൂറിസം പ്രൊജക്ടിന് വേണ്ടിയായിരുന്നു തീരുമാനം. 400 ഏക്കർ ഭൂമിയാണ് ടൂറിസം വില്ലേജിനായി കമ്പനിക്ക് നൽകിയത്. 35 കമ്പനികളുടെ പേരിലാണ് ഭൂമി വാങ്ങിയത്. എ കെ ബാലൻ കമ്മിറ്റിയുടെ ശുപാർശയിലാണ് കായൽ നികത്താനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭാ യോഗം റദ്ദാക്കിയത്. കൃഷിമന്ത്രി വി എസ് സുനിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാർ തുടർന്നുള്ള പരിശോധന നടത്തും.

ENGLISH SUMMARY: Methrayan lake order reorder

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.