Janayugom Online
#Metoo

മീ ടൂ

Web Desk
Posted on November 27, 2018, 10:19 pm
ഡോ. ചന്ദന ഡി കറത്തുള്ളി
ആയുര്‍വേദ ഫിസിഷ്യന്‍,
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്.
ഫോണ്‍ 7907198263

കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ ലോകം കണ്ട അതിശക്തമായ പ്രസ്ഥാനങ്ങളില്‍ അഥവാ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് മീ ടൂ. ഒരുപാട് സ്ത്രീകളുടെ തുറന്നുപറച്ചിലിനിടയാക്കിയ അത്രയും ആഴത്തിലുളള ഒരു കൂട്ടായ്മ ലോകത്തെ ഞെട്ടിച്ചു. ചൂഷണം ചെയ്യപ്പെട്ടവര്‍ അവരുടെ വേദനയും അനുഭവങ്ങളും പങ്കുവച്ചപ്പോള്‍ ചൂഷണം ചെയ്ത ചിലര്‍ക്കെങ്കിലും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നു. എത്രയൊക്കെ നിസാരവല്‍കരിക്കാന്‍ ശ്രമിച്ചാലും അത്തരമൊരു തുറന്നു പറച്ചിലിന്റെ ഗൗരവം ഇനിയെങ്കിലും സമൂഹം ഉള്‍ക്കൊണ്ടേ മതിയാകൂ.
ഒരു വ്യക്തിയെ ലൈംഗികമായി ചൂഷണം ചെയ്യുക അല്ലെങ്കില്‍ അതിക്രമിക്കുക എന്നത് വളരെയധികം പ്രധാന്യമേറിയതും ആ വ്യക്തിയെ തീര്‍ത്തും തകര്‍ത്തുകളയുന്നതുമായ ക്രിമിനല്‍ കുറ്റമാണെന്നതില്‍ തര്‍ക്കമില്ല. അത്തരമൊരു അനുഭവം സൃഷ്ടിക്കുന്ന വേദനയും ആഘാതവും ഒരിക്കലും ആ വ്യക്തിക്ക് മറക്കാന്‍ സാധിക്കാത്തതും മറികടക്കാന്‍ ആവാത്തതുമാണ്. എന്നാല്‍ നമ്മുടെ സമൂഹം ലൈംഗികാതിക്രമങ്ങളെ വളരെ ലാഘവത്തോടെ കാണുന്നു എന്നത് വേദനാജനകമാണ്. അത്തരത്തില്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരോട് മമതയും അവരുടെ ചെയ്തികളെ ന്യായീകരിക്കുന്നതുമായ നിലപാടുകള്‍ പലരും കൈക്കൊള്ളാറുണ്ട്. എന്നാല്‍ കൊലക്കുറ്റം പോലെ തന്നെ ന്യായീകരണങ്ങള്‍ ഇല്ലാത്ത ക്രിമിനല്‍ കുറ്റമായി ലൈംഗികാതിക്രമങ്ങളേയും ലൈംഗികചൂഷണങ്ങളേയും വിലയിരുത്തേണ്ട കാലം അതിക്രമിച്ചു. ഇരകള്‍ സ്ത്രീകളോ, പുരുഷന്മാരോ, കുട്ടികളോ ആരുമാവട്ടെ; ലൈംഗിക പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും പൊറുക്കാനാവാത്ത തെറ്റ് തന്നെയാണ്.
മീ ടൂ പ്രസ്ഥാനത്തിന്റെ പ്രസക്തിയേറുന്നത് എന്തുകൊണ്ടാണ്?
അധികാരത്തിലിരിക്കുന്ന ഒരു വ്യക്തി അയാളുടെ അധികാരബലം ഉപയോഗിച്ച് മറ്റൊരു വ്യക്തിയെ ചൂഷണം ചെയ്യുകയും തന്റെ അധികാരബലം കൊണ്ടുതന്നെ അവരെ നിശബ്ദരാക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് മീ ടൂ മൂവ്‌മെന്റിന് പ്രാമുഖ്യമേറുന്നത്. അത്തരത്തില്‍ നിശബ്ദരാക്കപ്പെട്ട ഒരുകൂട്ടം പേര്‍ സമൂഹത്തിന് മുന്‍പില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ധൈര്യം കാട്ടുന്നു എന്നത് തന്നെയാണ് അത് ലോകശ്രദ്ധ നേടാന്‍ ഇടയാക്കിയത്. ഇരകളുടെ ദൗര്‍ബല്യത്തെ മുതലെടുത്ത് അടിച്ചമര്‍ത്തലിന്റെ വാള്‍മുനകൊണ്ട് അവരുടെ അസ്ഥിത്വത്തെ തന്നെ പിച്ചിച്ചീന്തുന്ന ക്രിമിനലുകള്‍ക്കെതിരെ ലോകം തന്നെ കണ്ട ഏറ്റവും വലിയ മൂവ്‌മെന്റാകാന്‍ മീ ടൂവിന് സാധിച്ചത് ആ ധൈര്യം ഒന്നുകൊണ്ടുതന്നെയാണ്.
ഒരു വ്യക്തി ആഗ്രഹിക്കാത്തതോ ഇഷ്ടപ്പെടാത്തതോ ആയ ഒരു ലൈംഗികകൃത്യം അവരുടെ മേല്‍ അടിച്ചേല്‍പിക്കുന്ന എന്തിനേയും ലൈംഗികാതിക്രമങ്ങളുടെ ഗണത്തില്‍ പെടുത്താവുന്നതാണ്. അത്തരത്തിലുള്ള കുറ്റവാളികള്‍ ഇരകളുടെ ബലഹീനതയെ മുതലെടുത്ത് തങ്ങളുടെ അധികാരം അവരുടെ മേല്‍ ലൈംഗിക കൃത്യങ്ങളിലൂടെ അടിച്ചേല്‍പിക്കുന്നതില്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്നു. ചിലരാകട്ടെ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ഇരകളെ ബലഹീനരാക്കാനും ശ്രമിക്കുന്നു. ഇത്തരം കുറ്റവാളികളില്‍ ഭൂരിപക്ഷവും അങ്ങനെ ചെയ്യുന്നതില്‍ തെറ്റായൊന്നും കാണുന്നില്ലായെന്നത് ശ്രദ്ധേയമാണ്. തങ്ങള്‍ക്ക് ആരെയും കീഴ്‌പ്പെടുത്തുവാനുള്ള അവകാശവും അധികാരവും ഉണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. തങ്ങളുടെ ഇച്ഛയ്ക്ക് എതിരുനില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാനും മോശക്കാരായി ചിത്രീകരിക്കാനും ഇത്തരത്തിലുള്ളവര്‍ മടികാട്ടാറുമില്ല. അതിനാല്‍ തന്നെയാണ് ഇരകളുടെ ശബ്ദത്തിന് ഇത്രമാത്രം സ്വീകാര്യതയേറുന്നത്. മാത്രമല്ല, ഇരകളുടെ മാനസിക വികാരങ്ങള്‍ക്ക് ഇത്തരം കുറ്റവാളികള്‍ യാതൊരു വിലയും കല്‍പിച്ചുകാണാറില്ല എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ അവര്‍ക്ക് കുറ്റബോധം ഉണ്ടാവുക വിരളം തന്നെയുമാണ്.
ലൈംഗികാതിക്രമങ്ങളുടെ ഇരകള്‍ നേരിടുന്ന മാനസികപ്രയാസങ്ങള്‍ ചില്ലറയല്ല. ആത്മഹത്യ, വിഷാദം, മറ്റു മാനസികരോഗങ്ങള്‍ എന്നിവ ഇവരില്‍ കൂടുതലായി കണ്ടുവരുന്നു. ചില സമയങ്ങള്‍ ഇവര്‍ അത്തരമൊരു സാഹചര്യത്തില്‍ ചെന്നുപെട്ടതിന് സ്വയമേ കുറ്റപ്പെടുത്തിയേക്കാം. അത്തരം ചിന്തകള്‍ കൂടുതല്‍ മാനസികപ്രയാസങ്ങളിലേക്കും നയിക്കുന്നു. സമൂഹത്തിന്റെ വക കുറ്റപ്പെടുത്തലും കൂടിയാകുമ്പോള്‍ മാനസികപ്രയാസങ്ങള്‍ക്ക് വേറെ വഴി തേടേണ്ടല്ലോ.
സമൂഹത്തിന്റെ ചോദ്യശരങ്ങളാണ് ലൈംഗികാതിക്രമങ്ങളുടെ ഇരകളെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. ‘നിങ്ങള്‍ എന്തു വസ്ത്രമാണ് ധരിച്ചിരുന്നത്’, ‘നിങ്ങള്‍ മദ്യലഹരിയില്‍ ആയിരുന്നോ’, ‘നിങ്ങള്‍ എതിര്‍ക്കാന്‍ ശ്രമിച്ചില്ലേ’ എന്നു തുടങ്ങിയ ചോദ്യങ്ങള്‍ കുറ്റവാളിയേയും കുറ്റകൃത്യത്തേയും ന്യായീകരിക്കുന്നതാണ്. മറ്റൊരു വ്യക്തിയുടെ വ്യക്തിത്വത്തെയും താല്‍പര്യങ്ങളെയും അന്തസിനെയും അസ്ഥിത്വത്തെതന്നെയും ബഹുമാനിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും കടമയാണ്. അത്തരമൊരു ബഹുമാനം ഏതൊരു വ്യക്തിയുടെയും അവകാശവുമാണ്. അത് ഏത് വസ്ത്രം ധരിച്ചാലും, ഏത് സമയത്തും പുറത്തിറങ്ങിയാലും അല്ലാത്ത പക്ഷം അതിനെ ലൈംഗിക അരാജകത്വം എന്നേ വിശേഷിപ്പിക്കാന്‍ സാധിക്കൂ.
മീ ടൂ പ്രസ്ഥാനം ഒരു ശബ്ദമാണ്. കാലങ്ങളായി നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദം. തങ്ങളുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ സാധിക്കും, അത് മറ്റുള്ളവര്‍ സ്വീകരിക്കും എന്ന് അവര്‍ ചിന്തിച്ചുതുടങ്ങിയപ്പോഴാണ് ആ ശബ്ദത്തിന് പുറത്തുവരാന്‍ സാധിച്ചത്. ‘നീ പറഞ്ഞാല്‍ ആരും എന്നെ കുറിച്ച് ഇതൊന്നും വിശ്വസിക്കില്ല’ എന്ന് തങ്ങളെ കീഴ്‌പ്പെടുത്തിയവര്‍ പറഞ്ഞ് അവരെ വിശ്വസിപ്പിച്ചിരുന്നേക്കാം. ‘ഇതൊക്കെ പുറത്തു പറഞ്ഞാല്‍ നിനക്ക് അപകടമാണ്’ എന്ന് വേണ്ടപ്പെട്ടവര്‍ പറഞ്ഞ് പഠിപ്പിച്ചിരുന്നിരിക്കാം. അധികാരബലമുളളവര്‍ക്ക് നേരെ സംസാരിക്കരുത് എന്ന് സമൂഹവും ഇവരെ പറഞ്ഞ് പഠിപ്പിച്ചിരുന്നിരിക്കാം. എന്നാല്‍ അതിനെ മറികടക്കേണ്ട സമയമായി എന്നാണ് മീ ടൂ പ്രസ്ഥാനം നമ്മെ പഠിപ്പിക്കുന്നത്.
ഇരകള്‍ അവരുടെ അനുഭവം തുറന്നുപറയുമ്പോള്‍ അതിന് ചെവികൊടുക്കാം, അവരുടെ അനുഭവങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം അനുഭവമെന്ന പോലെ വില നല്‍കാം, വിയോജിപ്പുണ്ടെങ്കില്‍ അത് ബഹുമാനപൂര്‍വവുമാകാം. അങ്ങനെ സമൂഹമെന്ന നിലയില്‍ നമുക്കും ചെയ്യാനുണ്ട്. ചില പ്രത്യേക തൊഴിലിടങ്ങളില്‍ മാത്രമല്ല മീ ടൂവിന് പ്രസക്തി. പൊതുനിരത്തുകളില്‍ വച്ചും പൊതുസ്ഥലങ്ങളില്‍ വച്ചും പൊതുഗതാഗത സൗകര്യങ്ങളില്‍ വച്ചും സ്വന്തം തന്നെയോ അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ വീടുകളില്‍ വച്ചോ എല്ലാം നമ്മളില്‍ പലര്‍ക്കും ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. നമ്മളില്‍ പലരും ലൈംഗികാതിക്രമങ്ങള്‍ക്ക് പാത്രരുമാണ്. എന്നാല്‍ അത്തരം സാഹചര്യങ്ങളിലെല്ലാം നാം സ്വന്തം ശബ്ദം കണ്ടെത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ പോരാടണമെന്നും അങ്ങനെ ശബ്ദമുയര്‍ത്താനും പോരാടാനും അധികാരകേന്ദ്രങ്ങളെ ഭയക്കരുതെന്നും നമുക്ക് തന്നെയും നമ്മുടെ കുഞ്ഞുങ്ങളേയും ബോധവാന്മാരാക്കാം, ഓര്‍മിപ്പിക്കാം. പത്രങ്ങളിലും മാധ്യമങ്ങളിലും മാത്രമല്ല മീ ടൂ പ്രസ്ഥാനത്തിന്റെ പ്രസക്തി, നമ്മുടെയെല്ലാം വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലുമാണ്.