Janayugom Online
Kareem morani

‘ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു, നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി: ബോളിവുഡ് നിര്‍മ്മാതാവ് കരീം മൊറാനിക്കെതിരെയും ‘മീ ടൂ

Web Desk
Posted on October 14, 2018, 6:16 pm

ബോളിവുഡില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന മീ ടൂ വെളിപ്പെടുത്തല്‍.  ഷാറൂഖ് ഖാന്‍ നായകനായ ചെന്നൈ എക്സ്‌പ്രസ്, റാവണ്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ കരീം മൊറാനിക്കെതിരെയാണ് ആരോപണവുമായി നടി രംഗത്തെത്തിയത്. തനിക്ക് മദ്യം നല്‍കി ബോധരഹിതയാക്കിയ തന്നെ കരീം മൊറാനി ബലാത്സംഗം ചെയ്തുവെന്നും നടി പറയുന്നു.

സംഭവം പുറത്തുപറഞ്ഞാല്‍ നന്ഗചിത്രങ്ങള്‍ പുറത്തുവിടുമെന്ന് കരീം ഭീഷിണിപ്പെടുത്തിയെന്നും നടി വെളിപ്പെടുത്തി. തന്നെ ബലാത്സംഗം ചെയ്യുന്നതിന്‍റെ വീഡിയോയും ഇയാള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അതും ചിത്രങ്ങളും തനിക്ക് നേരെയുള്ള ഭീഷണിയ്ക്ക് ആയുധമാക്കിയതായും നടി വ്യക്തമാക്കി. ഇതിന് ശേഷം കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലാക്കുന്നതിനായി വിവാഹ വാഗ്ദാനവുമായി കരീം തന്നെ സമീപിച്ചിരുന്നുവെന്നും 25കാരിയായ യുവതി ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ആ സമയത്ത് മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേക്ക് വന്നു. ഞാന്‍ മദ്യപിക്കാറില്ല.അയാള്‍ ബലം പ്രയോഗിച്ച്‌ എന്നെ കുടിപ്പിച്ചു. പിറ്റേ ദിവസം വെളുപ്പിന് നാല് മണിക്കാണ് ഞാന്‍ എഴുന്നേറ്റത്. മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്നു. ഉറക്കം എഴുന്നേറ്റപ്പോള്‍ എന്റെ ശരീരം മുഴുവന്‍ പാടുകളായിരുന്നു. അയാള്‍ എന്നെ ഉപദ്രവിച്ചതിനുള്ള തെളിവുകള്‍. ഞാന്‍ ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. അയാള്‍ അവിടെ ഇല്ലായിരുന്നു. മുംബൈയിലാണ് ഇത് നടക്കുന്നത്.”അതെക്കുറിച്ച്‌ മൊറാനിയോട് ഞാന്‍ ചോദിച്ചപ്പോള്‍ ചിരിയായിരുന്നു മറുപടി. എന്നെ പരിസഹിച്ചു, അയാളുടെ ആ ചിരി ഞാന്‍ ഒരിക്കലും മറക്കില്ല. വെറും 21 വയസ്സ് മാത്രമേ എനിക്കന്നുണ്ടായിരുന്നുള്ളൂ. അയാളുടെ മകളുടെ പ്രായം പോലും എനിക്കില്ല എന്ന് നിങ്ങള്‍ ഓര്‍ക്കണം.’

‘സംഭവിച്ച കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ എന്റൈ നഗ്‌നചത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. പരാതിപ്പെട്ടാല്‍ അധോലോകം വഴി എന്നെ ഈ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കുമെന്നും പറഞ്ഞു. അതിനു ശേഷം ഞാന്‍ ആളുകളോട് സംസാരിക്കുന്നത് നിര്‍ത്തി, ജോലി അവസാനിപ്പിച്ചു’. ‘2015 സെപ്റ്റംബര്‍ 12ാം തിയതി അയാള്‍ എന്നെ വിണ്ടും വിളിച്ചു വരുത്തി. നഗ്‌നചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി, എന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. അയാള്‍ക്ക് അതില്‍ യാതൊരു നാണവും ഉണ്ടായിരുന്നില്ല’.

ഷാരൂഖ് ഖാനും വരുണ്‍ ധവാനും തൊട്ടടുത്ത മുറികളില്‍ ഉണ്ടെന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെ പുറത്തേക്ക് വിടാതെ പിടിച്ചു വയ്ക്കുമായിരുന്നു. മദ്യപിച്ച്‌ കഴിഞ്ഞാല്‍ അതിക്രൂരമായി പീഡിപ്പിക്കും. റാമോജി ഫിലിം സിറ്റിയില്‍വച്ചും പീഡിപ്പിച്ചു.‘സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍ അയാളുടെ ഭാര്യയോടും മകളോടും കാര്യം പറഞ്ഞു. ജനുവരി 2017, 10ാം തിയതി ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കി. അയാളുടെ സ്വാധീനം ശക്തമായതുകൊണ്ടായിരിക്കണം അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള ദേഹപരിശോധനയ്ക്ക് പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല’.

‘പലരും പിന്നീട് എന്നെ വിളിച്ച്‌ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എന്റെ ഭാഗം പറയാന്‍ വക്കീല്‍ ഉണ്ടായിരുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ മാത്രമായിരുന്നു ആശ്രയം. അദ്ദേഹം എന്നോട് സംസാരിക്കാന്‍ സമയം ഇല്ലെന്ന് പറഞ്ഞു. ജില്ലാ കോടതിയില്‍ വച്ച്‌ ജഡ്ജി എന്നോട് പുറത്ത് പോകാന്‍ പറഞ്ഞു. ഞാന്‍ കോടതിയില്‍ ഇരുന്ന് പൊട്ടിക്കരഞ്ഞു.’ കോടതി മൊറാനിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയെന്നും നഗ്‌ന ചിത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഫോണ്‍ സമര്‍പ്പിച്ചപ്പോള്‍ മൊറാനി അതില്‍ കൃത്രിമം കാട്ടിയെന്നും നടി പറയുന്നു. 23 സെപ്റ്റംബര്‍ 2017ന് അയാള്‍ ഹൈദരാബാദ് പൊലീസില്‍ കീഴട്ങി. പിന്നീട് ഈ വര്‍ഷം മെയ് 18ന് സുപ്രീം കോടതി അയാള്‍ ജാമ്യം നല്‍കി.

ഷാരൂഖ് ഖാനെപ്പോലുള്ള ഒരു താരം മൊറാനിക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അതൃപ്തിയും അവര്‍ വ്യക്തമാക്കി. ‘എനിക്ക് ഷാരൂഖിനെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. പക്ഷേ എന്നാലും ചോദിച്ചു പോവുകയാണ്. എങ്ങനെയാണ് ഷാരൂഖിനെപ്പോലെ ഇത്രയും വലിയ നടന്‍ 2 ജി സ്പെക്‌ട്രം ( 2 ജി സ്പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മൊറാനിക്കെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്. സിബിഐ ആണ് ഇദ്ദേഹത്തെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്) അഴിമതിയില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന ഒരാള്‍ക്കൊപ്പം ജോലി ചെയ്യുന്നത്. ഇത്രയും അനുഭവിച്ചിട്ടും എനിക്കൊപ്പം ആരുമില്ല’- നടി പറയുന്നു.