കറാച്ചി: ക്രിക്കറ്റ് മത്സരത്തിന് വേണ്ടി ഇന്ത്യയിലേക്ക് ഒരു ടീമും സന്ദർശനം നടത്തരുതെന്ന് മുൻ പാക് താരം ജാവേദ് മിയാന്‍ദാദ്. പൗരത്വ ഭേദഗതിയ്ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് മിയാൻദാദിന്റെ പരാമർശം. പാക് വീഡിയോ വെബ്‌സൈറ്റായ പാക് പാഷന്‍ ഡോട്ട് നെറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മിയാന്‍ദാദ് ഐസിസിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് എല്ലാവരും മനസിലാക്കണം. പാകിസ്ഥാന്‍ മാത്രമല്ല, ഇന്ത്യയും സുരക്ഷിതമായ രാജ്യമല്ല. ഇന്ത്യയെ വിലക്കണമെന്ന് ഞാന്‍ ഐസിസിയോട് ആവശ്യപ്പെടുന്നു. ഒരു ടീമും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തരുത്. ഇക്കാര്യത്തില്‍ ഐസിസിയില്‍ നിന്ന് നീതി കിട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകത്തോട് ഐസിസി എന്താണ് വിളിച്ചുപറയാന്‍ പോകുന്നതെന്ന് അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. ഇന്ത്യ മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കണമെന്നും മിയാന്‍ദാദ് ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ വംശീയ പ്രക്ഷോഭമാണ് നടക്കുന്നത്, കശ്മീരികള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ വെറുപ്പ് പടര്‍ത്തുകയാണ്. കായികതാരങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ ഇതിനെതിരേ ശബ്ദമുയര്‍ത്തണം. മറ്റ് രാജ്യങ്ങള്‍ ക്രിക്കറ്റിന് എത്രയോ സുരക്ഷിതമാണെന്നും മിയാന്‍ദാദ് പറഞ്ഞു.