കൊറോണ വ്യാപനത്തെ തുടർന്ന് ആളുകൾ പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നത് വലിയ തോതിൽ നിയന്ത്രിച്ചിരിക്കുകയാണ്. അങ്ങനെ വീടുകളിൽ സുരക്ഷിതരായി കഴിയുന്നവർക്കായി, വീടുകളിൽ തന്നെ പോഷകസമൃദ്ധമായ ഇല വിഭവങ്ങൾ കൃഷി ചെയ്യുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് ആലുവ മാറമ്പിള്ളിയിലെ യുവ സംരംഭകൻ അനസ് നാസർ.
” മൈക്രോ ഗ്രീൻ എന്ന പേരിലുള്ള ഈ കൃഷി രീതി സാധാരണ ജനങ്ങൾക്ക് ഏറ്റെടുക്കാവുന്ന ഒരു കൃഷി രീതിയാണ്. ഒരു ചെടി ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ പുറത്തെടുക്കുന്നത് അതിന്റെ തളിരിലകളിലൂടെയാണ്. തളിരില കൃഷിചെയ്യുന്ന രീതിയാണ് മൈക്രോ ഗ്രീൻ. പയർ, കടല, തെന, മല്ലിയില, പുതീന, കടുക്, ഉലുവ, സൂര്യകാന്തി എന്നീ വിത്തുകൾ മൈക്രോ ഗ്രീൻ കൃഷിക്ക് ഉപയോഗിക്കാം.
വീടിന്റെ അകത്തായിരുന്നാലും വലിയ കായികാധ്വാനം ഇല്ലാതെ പരീക്ഷിക്കാവുന്ന ഒരു കൃഷിരീതിയാണിത്. വിത്തുകൾ ഒന്നോ രണ്ടോ ദിവസം വെള്ളത്തിലിട്ട് മുള വരുത്തിയതിന് ശേഷം ചെറിയ പാത്രങ്ങളിൽ ചകിരിച്ചോറോ മണ്ണോ അല്ലെങ്കിൽ നടീൽ മിശ്രിതമോ നിറച്ച് അതിൽ നട്ടാൽ ദിവസങ്ങൾക്കുള്ളിലത് മുളച്ച് തളിരില വരും. അത് തണ്ടോടെ വെട്ടിയെടുത്ത് ഉപ്പേരിയായും സാലഡായും ഉപയോഗിക്കാമെന്ന് അനസ് നാസർ പറയുന്നു.
വാഴ നാരും പായൽ നാരും ആഗ്രോമിനറലുകളും ചകിരിച്ചോറും ഉപയോഗിച്ച് നടീൽ മിശ്രിതം സ്വന്തമായി വികസിപ്പിച്ചെടുത്ത് അതിന്റെ ഉത്പാദനം നടത്തുകയാണീ യുവ സംരംഭകൻ. ഓരോ ചെടികൾക്കും പ്രകൃതിദത്തമായ രീതിയിലുള്ള മിനറലുകൾ ചേർത്ത് നടീൽ മിശ്രിതം വികസിപ്പിച്ചെടുത്ത് വിതരണം ചെയ്യുന്ന യുവ സംരംഭകൻ ലോക്ക് ഡൗൺ കാലത്ത് ജനങ്ങളിലേക്ക് കൃഷിയുടെ ബാലപാഠം പ്രാവർത്തിക തലത്തിൽ എത്തിക്കുകയാണ്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.