വെറുതെ ബോറടിച്ച് വീട്ടിലിരിക്കാതെ ക്രിയാത്മകമായി എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള അവസരമായിട്ടാണ് ഭൂരിഭാഗംപേരും ലോക്ഡൗണ്‍ കാലത്തെ കണ്ടിരിക്കുന്നത്. വിഷമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്യാൻ ലോക്ക്ഡൗൺകാലം ഉപയോഗപ്രദമാക്കാമെന്ന മുഖ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും ആഹ്വാനം സംസ്ഥാനത്തെ വീട്ടമ്മമാർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. സ്വന്തമായി സ്ഥലമില്ലാത്തവരും വിഷരഹിത പച്ചക്കറികൾക്കായി കൃഷിയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. വീട്ടിനുള്ളിൽ തന്നെ ഇലക്കറികൾ കൃഷി ചെയ്യുന്ന പുതിയ കൃഷി രീതിയായ മൈക്രോ ഗ്രീൻ കൃഷി രീതിയാണ് ലോക്ഡൗണ്‍ കാലത്ത് തരംഗമായി മാറിയിരിക്കുന്നത്.
വിഷരഹിത ഇലക്കറികൾ സ്വന്തമായി വീട്ടിനുള്ളിൽ തന്നെ കൃഷി ചെയ്ത് ഒരാഴ്ചക്കുള്ളിൽ വിളവെടുപ്പ് നടത്താമെന്നതാണ് മൈക്രോ ഗ്രീൻ പച്ചക്കറി കൃഷിയുടെ പ്രത്യേകത. അധികം അധ്വാനം ഇല്ലാതെ തന്നെ ഒരു കുടുംബത്തിലേക്കുള്ള ഇലക്കറികൾ കൃഷി ചെയ്യാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. മണ്ണും ജൈവവളങ്ങൾ ഉപയോഗിച്ചും മണ്ണില്ലാതെയും മൈക്രോ ഗ്രീൻകൃഷി നടത്താം. ഇലക്കറികൾക്കായി നമ്മൾ ഉപയോഗിക്കുന്ന എല്ലാത്തരം ചെടികളും കൃഷി ചെയ്യുകയും ചെയ്യാമെന്ന പ്രത്യേകതയും ഉണ്ട്. വൻ പയർ, ചെറുപയർ, കടല, ഉലുവ, ഗ്രീൻപീസ്, കടുക്, വിവിധ തരം ചീരകൾ തുടങ്ങിയവയൊക്കെ ഇങ്ങനെ കൃഷിചെയ്യാം. ചെറിയ ഡിഷുകൾ, പാത്രങ്ങൾ, ട്രേകൾ തുടങ്ങി ചിരട്ടകൾ ഉപയോഗിച്ച് വരെ മൈക്രോ ഗ്രീൻ കൃഷി നടത്താം. ട്രേയിൽ മണ്ണുംജൈവവളവും നിറച്ച ശേഷം 24 മണിക്കൂർ വെള്ളത്തിലിട്ട് കിളിർപ്പിച്ച വിത്ത് ഇതിൽ നിരത്തിയിട്ട് കൃഷി ചെയ്യാം. ഒരാഴ്ചകൊണ്ട് വിത്ത് കിളിർത്ത് രണ്ട് ഇലകളായി 2.5 മുതൽ 7.5 സെന്റീമീറ്റർ വരെ ഉയരത്തിലെത്തുമ്പോൾ വേരിന്റെ മുകൾ ഭാഗത്ത് വച്ച് മുറിച്ചെടുത്ത് നമുക്ക് കറികൾക്കായി ഉപയോഗിക്കാം.
വിത്ത് പാകി മുളകൾ പൊങ്ങി വരുന്നതു മുതൽ ദിവസവും രണ്ട് നേരം നനക്കുകയും ഒരു മണിക്കൂർ സൂര്യപ്രകാശം കൊള്ളിച്ചാൽ കൂടുതൽ വളർച്ചയും ആരോഗ്യവും ചെടികൾക്ക് ലഭിക്കും. മണ്ണും വളവും ഇല്ലാതെയും മൈക്രോഗ്രീൻ കൃഷി നടത്താം. കൃഷിക്കായി ഉപയോഗിക്കുന്ന ട്രേയുടെ അടിയിൽ പഴയ ന്യൂസ് പേപ്പർ ചെറുതായി കീറി നിരത്തിയശേഷം അതിന് മുകളിൽ ടിഷ്യുപേപ്പർ വിരിച്ച് അതിന് മുകളിൽ വിത്തുകൾ പാകിയാൽ മതി. ഇങ്ങനെ പാകുന്ന വിത്തുകളും കരുത്തോടെ തന്നെ വളർന്ന് ഒരാഴ്ചക്കുള്ളിൽ വിളവെടുപ്പിന് പാകമാകും. മൈക്രോഗ്രീൻ രീതിയിൽ കൃഷി ചെയ്യുന്ന ഇലക്കറികളിൽ സാധാരണ ഇലക്കറികളിൽ നിന്നും ലഭിക്കുന്ന പോഷക മൂല്യങ്ങളെക്കാൾ പത്തിരട്ടി പോഷകം ലഭിക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ മൈക്രോ ഗ്രീൻ കൃഷി വൈറലായതോടെ സംസ്ഥാനത്തെ ഭൂരിഭാഗം വീട്ടമ്മമാരും ചെലവും അധ്വാനവും കുറഞ്ഞ പുതിയ കൃഷി പരീക്ഷിക്കുന്ന തിരക്കിലാണിപ്പോൾ.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.