June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ശ്വാസകോശത്തിലും മൈക്രോ പ്ലാസ്റ്റിക്

By Janayugom Webdesk
April 6, 2022

പ്രകൃതിയില്‍ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നതിനൊപ്പം മനുഷ്യ ശരീരത്തിലും മൈക്രോപ്ലാസ്റ്റികിന്റെ അംശം കൂടുന്നു. ജീവിച്ചിരിക്കുന്നവരുടെ ശ്വാസകോശത്തിനുള്ളിലും ആദ്യമായി മൈക്രോപ്ലാസ്റ്റികിന്റെ അംശങ്ങള്‍ കണ്ടെത്തി. പരിശോധനയ്ക്കെടുത്ത ഭൂരിഭാഗം സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് കണികകള്‍ ഉണ്ടായിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മൈക്രോപ്ലാസ്റ്റികിന്റെ അംശം പ്രപഞ്ചത്തില്‍ വര്‍ധിച്ചുവരുന്നതോടെ പ്ലാസ്റ്റികില്‍ നിന്ന് രക്ഷനേടുകയെന്നത് മനുഷ്യന് അപ്രാപ്യമായിരിക്കുകയാണ്. മനുഷ്യശരീരത്തില്‍ പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു. 

ശസ്ത്രക്രിയയ്ക്ക് വിധേയരായ 13 രോഗികളുടെ ശ്വാസകോശത്തില്‍ നിന്ന് ശേഖരിച്ച ടിഷ്യുവിലാണ് പഠനം നടത്തിയത്. ഇവരില്‍ 11 പേരുടെ ശ്വാസകോശത്തിലും മൈക്രോപ്ലാസ്റ്റികിന്റെ അംശം കണ്ടെത്തി. ഭക്ഷണം പൊതിയാനും പൈപ്പ് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന പോളിപ്രപിലീന്‍ ആണ് പ്രധാനമായും കണ്ടെത്തിയത്. കുടിവെള്ള കുപ്പികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പിഇടിയും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനിടെ ശേഖരിച്ച ടിഷ്യു ഉപയോഗിച്ച് ഇതിനുമുന്‍പും രണ്ടുതവണ പഠനം നടത്തിയിട്ടുണ്ട്.
മൈക്രോപ്ലാസ്റ്റിക് കണികകള്‍ ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് മനുഷ്യശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നത്. മാലിന്യത്തിന്റെ അളവ് കൂടുന്നതിനൊപ്പം മനുഷ്യശരീരത്തിലെ പ്ലാസ്റ്റികിന്റെ അംശവും വര്‍ധിച്ചുവരികയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ശ്വാസകോശത്തിന്റെ താഴ്‌ഭാഗങ്ങള്‍ ചെറുതായതിനാല്‍ അവിടേക്ക് മൈക്രോ പ്ലാസ്റ്റിക് ഘടകങ്ങള്‍ എത്തുന്നത് ആശ്ചര്യമാണ്. ഇത്രയും ആഴത്തിലേക്ക് എത്തുന്നതിന് മുന്‍പ് ഈ കണികകള്‍ അരിച്ചെടുക്കുകയോ കുടുങ്ങിക്കിടക്കുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ യുകെയിലെ ഹുള്‍ യോര്‍ക്ക് മെഡിക്കല്‍ കോളജിലെ ലൗറ സാഡോഫ്സ്കി പറഞ്ഞു. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വിയോണ്‍മെന്റ് എന്ന മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

2021ല്‍ ബ്രസീലില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയരാക്കിയ 20 മൃതദേഹങ്ങളില്‍ നിന്ന് ശ്വാസകോശ ടിഷ്യൂ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ 13 പേരില്‍ മൈക്രോപ്ലാസ്റ്റികിന്റെ അംശം കണ്ടെത്തുകയും ചെയ്തു. 1998ല്‍ ക്യാന്‍സര്‍ രോഗികളായവരില്‍ നൂറ് പേരില്‍ പഠനം നടത്തിയിരുന്നു. ഇവരില്‍ 97 ശതമാനം ആളുകളുടെ സാമ്പിളുകളിലും ഫൈബറും കോട്ടനും കണ്ടെത്തിയിരുന്നു. ക്യാന്‍സര്‍ ഇല്ലാത്തവരില്‍ നടത്തിയ പഠനത്തില്‍ 83 ശതമാനം ആളുകളുടെ സാമ്പിളുകളിലും മാലിന്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് കണ്ടെത്തി.
മനുഷ്യരക്തത്തില്‍ ആദ്യമായി പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയതായി നേരത്തെ പഠനങ്ങള്‍ പുറത്തുവന്നിരുന്നു. മാര്‍ച്ച് മാസത്തിലാണ് ആദ്യമായി ഇത്തരത്തിലൊരു കണ്ടെത്തല്‍ നടത്തുന്നത്. തുടര്‍ന്നാണ് മനുഷ്യശരീരത്തില്‍ അടങ്ങിരിക്കുന്ന മൈക്രോ-നാനോ പ്ലാസ്റ്റിക് ഘടകങ്ങളെക്കുറിച്ച് വിശദമായ പഠനം പുരോഗമിക്കുന്നത്.

Eng­lish Summary:Microplastics in the lungs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.