ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് മദ്ധ്യവയസ്‌ക്കന്‍ മരിച്ചു

Web Desk
Posted on August 11, 2019, 7:19 pm

രാജാക്കാട്: ആനയിറങ്കല്‍ ജലാശയത്തില്‍ എണ്‍പതേക്കര്‍ ഭാഗത്ത് വള്ളം മറിഞ്ഞ് മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. കുളപ്പാറച്ചാല്‍ സ്വദേശി ഈട്ടിയ്ക്കല്‍ സാബു (55 ) ആണ് മരിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ശേഷമാണ് അപകടം നടന്നത്. കര്‍ഷകനായ ഇദ്ദേഹത്തിന് ബി എല്‍ റാവില്‍ കൃഷിസ്ഥലമുണ്ട്. അവിടുത്തെ കാര്യങ്ങള്‍ക്കായി എത്തിയതായിരുന്നു. ആനയിറങ്കലില്‍ എത്തിയ ശേഷം യന്ത്രം ഘടിപ്പിച്ച സ്വന്തം ഫൈബര്‍ ബോട്ടില്‍ പോകുന്നതിനിടെ എണ്‍പതേക്കര്‍ ഭാഗത്ത് എത്തിയപ്പോള്‍ വള്ളം മറിഞ്ഞ് കാണാതാകുകയായിരുന്നു. ജലാശയത്തില്‍ മീന്‍ പിടിക്കുവാന്‍ എത്തിയവര്‍ ഇദ്ദേഹം വള്ളത്തില്‍ കയറി മറുകരയിലേയ്ക്ക് പോകുന്നത് കണ്ടിരുന്നു.

പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഈ സമയത്ത് അനുഭവപ്പെട്ടിരുന്നു. ഇവര്‍ പിന്നീട് എണ്‍പതേക്കര്‍ എത്തിയപ്പോള്‍ ജലാശയത്തില്‍ ഇതേ വള്ളം മറിഞ്ഞ് കിടക്കുന്നത് കണ്ടു. എന്നാല്‍ ആളിനെ സമീപത്തെങ്ങും കണ്ടതുമില്ല. കാറ്റടിച്ച് വഞ്ചി മറിഞ്ഞതാകാമെന്ന നിഗമനത്തില്‍ ഇവര്‍ മറ്റുള്ളവരെ വിവരം അറിയിച്ചു. ശാന്തന്‍പാറ എസ്. ഐ കെ പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസും, നെടുങ്കണ്ടത്ത് നിന്നും ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘവും എത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

you may also like this video