ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk

രാജാക്കാട്:

Posted on September 20, 2020, 7:05 pm

രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴി ആദിവാസി കുടിയോട് ചേർന്ന് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിയാനായിട്ടില്ല. വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

മഞ്ഞക്കുഴിയിൽ നിന്നും പൂപ്പാറ മുള്ളൻതണ്ടിലേയ്ക്കുള്ള പാതയോട് ചേർന്ന് മൃതദ്ദേഹം കിടക്കുന്നത് സമീപത്തെ ആദിവാസി കുടുംബത്തിലെ അംഗങ്ങൾ ഇന്നലെ രാവിലെയാണ് കണ്ടത്. തുടർന്ന് ഇവർ ശാന്തൻപാറ പൊലീസിൽ അറിയിച്ചു. കഴിഞ്ഞ രാത്രി ഇവരുടെ വീടിന്റെ താഴ്ഭാഗത്ത് നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടിരുന്നു. കനത്ത മഴയും, കാട്ടാന എത്തിയതായിരിക്കും എന്ന ഭീതിയും കാരണം ആരും പുറത്തുറങ്ങി നോക്കിയില്ല.

ശാന്തൻപാറ പൊലീസ് സംഭവ സ്ഥാലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദ്ദേഹത്തിലെ വസ്ത്രങ്ങൾ കീറിയ നിലയിലാണ്. വീണതിന്റെ അടയാളം ശരീരത്തിലുണ്ട്. മുള്ളൻതണ്ടിലെ ബെവ്കോ ഔട്ലറ്റിൽ നിന്നും മദ്യം വാങ്ങി കഴിച്ച ശേഷം നടന്നുവരുന്നതിനിടെ വഴി നിശ്ചയമില്ലാതെ വീണതാകാമെന്നും മഴയും തണുപ്പുമേറ്റ് ഏറെനേരം വീണുകിടന്നതാകാം മരണകാരണമെന്നും ആണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആളെ തിരിച്ചറിയാനുള്ള അടാളങ്ങളൊന്നും ശരീരത്തിൽ കണ്ടെത്തുകയോ, ആരെങ്കിലും ആളെ തിരക്കി എത്തുകയോ ചെയ്തിട്ടില്ല.മൃതദ്ദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനുമായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റും.

ENGLISH SUMMARY: migrant labour died in rajakad

YOU MAY ALSO LIKE THIS VIDEO