Web Desk

ലഖ്നൗ:

June 28, 2020, 10:30 pm

മഹാമാരി വകവയ്ക്കാതെ കുടിയേറ്റ തൊഴിലാളികൾ മടങ്ങുന്നു

വിശപ്പിനേക്കാൾ വലുതല്ല കൊറോണ
Janayugom Online

കോവിഡ് മഹാമാരിയും സാമ്പത്തിക തകർച്ചയും രാജ്യത്തെ പിടിച്ചുലച്ചതോടെ ഉത്തർപ്രദേശിലെ 30 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികൾ ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചു പോകുന്നതായി റിപ്പോർട്ട്. വിശപ്പ് സഹിക്കാതായതോടെയുപിയിൽ നിന്നും കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും തൊഴിൽ തേടി ഇറങ്ങാൻ ഇവർ നിർബന്ധിതരാവുകയായിരുന്നു.

മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഗോരഖ്പൂരിൽ നിന്നുള്ള ട്രെയിൻ കയറാൻ പോകുന്നവരുടെ തിരക്കാണ് യുപിയിലെ ദിയോറിയയിൽ നിന്നുള്ള സർക്കാർ ബസുകളിൽ. മഹാരാഷ്ട്രയിലേക്ക് ഇതിനോടകം മൂന്ന് ലക്ഷം പേർ മടങ്ങിയെത്തിയിട്ടുണ്ട്. ഒരുമാസം മുമ്പാണ് താൻ മഹാരാഷ്ട്രയിൽ നിന്നും സ്വദേശമായ യുപിയിലേക്ക് മടങ്ങിയതെന്ന് ഫാക്ടറി തൊഴിലാളിയായ അൻസാരി പറയുന്നു. എന്നാൽ ഇപ്പോഴും താൻ ജോലി ചെയ്യുന്ന സ്ഥാപനം തുറന്നിട്ടില്ല. മറ്റ് എന്തെങ്കിലും ജോലി തേടിയാണ് താൻ മഹാരാഷ്ട്രയിൽ മടങ്ങിയെത്തിയത്. യുപിയിൽ എന്തെങ്കിലും ജോലി ലഭിക്കുമായിരുന്നെങ്കിൽ താൻ ഒരിക്കലും ഇവിടേക്ക് തിരിച്ച് വരില്ലായിരുന്നുവെന്നും അൻസാരി പറയുന്നു.

വിശപ്പിനേക്കാൾ വലുതല്ല കൊറോണ. എന്റെ മക്കൾ ഭക്ഷണം കിട്ടാതെ മരിക്കുന്നതിനേക്കാൾ നല്ലത് താൻ മരിക്കുന്നതാണെന്നും അൻസാരി പറഞ്ഞു. ഹോളിക്കായി നാട്ടിൽ എത്തിയ പ്രസാദ് ലോക്ഡൗണിനെ തുടർന്ന് ഇവിടെ അകപ്പെട്ടു പോകുകയായിരുന്നു. കൊൽക്കത്തയിൽ ടെക്നീഷ്യനായ ഇയാൾ മൂന്നു മാസമായി വരുമാനമില്ലാതെ വീട്ടിൽ തന്നെ തുടരുകയാണ്. കൊൽക്കത്തയിൽ താൻ പ്രവർത്തിച്ച സ്ഥാപനം തുറന്നതോടെ അവിടേക്ക് തിരിച്ചു പോകുകയാണ് പ്രസാദ്. സർക്കാർ വാഗ്ദാനം ചെയ്ത തൊഴിൽ ലഭിക്കാതായതോടെയാണ് തങ്ങൾ കോവിഡ് ഭീതിയിലും ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചു പോകുന്നതെന്ന് അൻസാരിയും പ്രസാദും പറയുന്നു. തൊഴിലുറപ്പ് പദ്ധതിക്കുകീഴിൽ ജോലി ചെയ്യുന്നവരുടെ കണക്കിൽ ഉത്തർപ്രദേശ് റെക്കോഡ് നേട്ടം കരസ്ഥമാക്കിയതായി കഴിഞ്ഞ ദിവസം സർക്കാർ അവകാശപ്പെട്ടിരുന്നു.

സംസ്ഥാനത്തെ 60 ലക്ഷം ആളുകളും ചെറുകിട തൊഴിലുകളെ ആശ്രയിച്ച് കഴിയുന്നവരാണെന്നും ആദിത്യനാഥ് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികൾ തിരിച്ചെത്തിയതും ദുരിതത്തിലായതും ഉത്തർപ്രദേശിലാണ്. സർക്കാർ തൊഴിൽ പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും അത് തങ്ങളിലേക്ക് എത്തുന്നില്ലെന്ന് അബിദ് എന്നയാൾ പറഞ്ഞു. സർക്കാർ റേഷൻ നൽകുന്നുണ്ടെങ്കിലും വീട്ടിൽ മറ്റ് ചെലവുകളും ഉണ്ടെന്ന് ഇവർ പറയുന്നു. സ്വദേശത്തേക്ക് മടങ്ങിയെത്തുമ്പോൾ തൊഴിലുറപ്പ് പണികളെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. അത്തരത്തിൽ ഒരു ജോലിയും ലഭിച്ചില്ല. നിരവധി പേർ മറ്റ് സംസ്ഥാനങ്ങളിൽ കട വാടകയ്ക്കെടുത്ത് കച്ചവടവും മറ്റും ചെയ്യുന്നവരാണ്. പട്ടിണിയും കടവും വർധിച്ചതോടെയാണ് അപകടം മുന്നിൽ കണ്ടുകൊണ്ടുതന്നെ ജോലി തേടി ഇറങ്ങാൻ തയ്യാറായതെന്ന് ഇവർ പറയുന്നു.

ENGLISH SUMMARY: migrant labours come back to their job place

YOU MAY ALSO LIKE THIS VIDEO