March 31, 2023 Friday

Related news

June 25, 2020
May 30, 2020
May 28, 2020
May 24, 2020
May 18, 2020
May 13, 2020
May 11, 2020
May 8, 2020
May 2, 2020
April 30, 2020

അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി

Janayugom Webdesk
ചങ്ങനാശ്ശേരി:
March 29, 2020 1:29 pm

പായിപ്പാടും പരിസരങ്ങളിലുമുള്ള ആയിരത്തില്‍ അധികം അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി പ്രതിഷേധിച്ചതും സമൂഹ അകലം പാലിക്കാതെ കൂട്ടം കൂടിയതും ഗൂഢാലോചനയെന്ന് വ്യക്തമായി. കഴിഞ്ഞ 26ന് തൊഴിലാളികള്‍ ആവശ്യത്തിന് ഭക്ഷണമോ പണമോ ഇല്ലാത്ത അവസ്ഥയിലാണെന്ന വിവരത്തെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് ഭക്ഷണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. നാട്ടിലേയ്ക്ക് പോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ 11ന് പൊടുന്നനെ തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

പാകം ചെയ്ത ഭക്ഷണം നൽകാനാണ് നടപടിയെടുത്തിരുന്നതെങ്കിലും കേരളീയ ഭക്ഷണം തൊഴിലാളികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. തുടര്‍ന്ന് സ്വയം പാകം ചെയ്യാന്‍ ധാന്യങ്ങളും മറ്റും നല്‍കുകയും ചെയ്തു. കൂട്ടമായി പ്രതിഷേധിച്ചാല്‍ കാര്യങ്ങള്‍ വാര്‍ത്തയാകുമെന്നും ഇതിലൂടെ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് തൊഴിലാളികളെ ഇളക്കിവിട്ടതെന്ന് സൂചനയുണ്ട്. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിൽനിന്നുള്ള തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. 22മുതല്‍ ലോക് ഡൗണ്‍ ആരംഭിച്ചതിനാല്‍ ജോലിയും കൂലിയും ഇല്ലാത്ത അവസ്ഥയിലായി ഇവര്‍. മദ്യവും പുകയില ഉല്‍പന്നങ്ങളും ലഭ്യമാകാത്ത അവസ്ഥ കൂടി ആയതോടെ തൊഴിലാളികള്‍ കടുത്ത മാനസിക പിരിമുറുക്കത്തിലായി. എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകാനുള്ള പരിശ്രമം പൊതുഗതാഗതം നിര്‍ത്തിയതോടെ അസാധ്യവുമായി.

നാട്ടില്‍ നിന്നും ബന്ധുക്കളുടെ ഫോണ്‍ സന്ദേശങ്ങള്‍ കൂടുതല്‍ അസ്വസ്ഥതയ്ക്ക് വഴിയൊരുക്കി. ഇത് മുതലെടുത്ത് ചിലര്‍ ഇവരെ തെരുവിലിറക്കിയെന്നാണ് സൂചന. അതിഥി തൊഴിലാളികളെയെത്തിച്ച ചില കരാറുകാർ ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെയാണ് ഇത് ചെയ്തതെന്നാണ് അധികൃതരുടെ നിഗമനം. പെട്ടെന്ന് ദൃശ്യമാധ്യമങ്ങൾ ഇവിടെ എത്തിച്ചേർന്നതും ദുരൂഹത വർധിപ്പിക്കുന്നു. ജില്ലാ കളക്ടറും എസ് പിയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇവര്‍ പിരിഞ്ഞുപോകുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണവും താമസവും സംബന്ധിച്ചുള്ള ആശങ്ക സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു. തുടര്‍ന്ന് ചങ്ങനാശ്ശേരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിച്ചിട്ടുള്ള ഷെല്‍ട്ടര്‍ ഉടമകളെ ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും പലരും പങ്കെടുക്കാന്‍ മടിച്ചു. താലൂക്ക് അധികൃതരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നതിന് തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍, ജില്ലാ കളക്ടര്‍ പി കെ സുധീര്‍ബാബു, ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ്, മാത്യു ടി തോമസ് എംഎൽഎ, എന്നിവര്‍ സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. സ്വയം ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യം തുടരുമെന്നും ലോക് ഡൗണ്‍ കഴിയുമ്പോള്‍ നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കുമെന്നും കളക്ടര്‍ തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി. തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടും ഇങ്ങനെ സംഘടിച്ചതിനു പിന്നില്‍ ബോധപൂർവം ആരോ ശ്രമിച്ചിട്ടുണ്ടാകാമെന്ന് സ്ഥലത്തെത്തിയ മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ദൗർഭാഗ്യകരം: മുഖ്യമന്ത്രി 

അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികള്‍ എന്ന സംബോധന തന്നെ ഈ നാടിന്റെ കരുതലിന്റെ സൂചനയാണ്. തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്റെ വഴിയിലേക്ക് നയിച്ച ശക്തികളെക്കുറിച്ച് കൃത്യമായ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. നാടാകെ കോവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത ഒന്നാണിതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

 

Eng­lish Sum­ma­ry: Migrant work­ers protest in Payippad.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.