നെടുങ്കണ്ടം ടൗണില്‍ തൊഴിലുടമ ഒഴിവാക്കിയ നിലയില്‍ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ മൂന്നോടെയാണ് കിഴക്കേക്കവലയില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ അഞ്ചുപേരെ വാഹനത്തില്‍ എത്തിച്ച് ഇറക്കിവിട്ടത്. പാലായിലെ ഇഷ്ടികക്കളത്തില്‍ ജോലി ചെയ്തിരുന്നവരാണ് തങ്ങളെന്ന് ഇവര്‍ പറഞ്ഞു. ഇഷ്ടികക്കളത്തിന്റെ ഉടമ രാവിലെ വാഹനത്തില്‍ കയറ്റി അയയ്ക്കുകയായിരുന്നു എന്നും നെടുങ്കണ്ടം കിഴക്കേക്കവലയില്‍ എത്തിയപ്പോള്‍ ഇറക്കിവിട്ട ശേഷം വാഹനം തിരികെ പോയതായും ഇവര്‍ പറയുന്നു.
ക്വാളിസ് വാനിലാണ് ഇവരെ എത്തിച്ചത്. പിന്നീട് വാനിന്റെ ഡ്രൈവര്‍ പടിഞ്ഞാറേക്കവലയിലേക്ക് പോയി വഴിയില്‍ കണ്ട ഒരു ഓട്ടോറിക്ഷ വിളിക്കുകയും ഇവരെ പടിഞ്ഞാറേക്കവലയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ശേഷം വാന്‍ മടങ്ങിപ്പോകുകയായിരുന്നു. ഇതിനിടെയാണ് വഴിയരികില്‍ കാണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ച് നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ആംബുലന്‍സില്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഇതരസംസ്ഥാന തൊഴിലാളികളെ താല്‍ക്കാലിക ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
English Summary: migrant workers quarantine by local police in idukki district
you may also like this video;