Web Desk

ന്യൂഡൽഹി

April 08, 2021, 10:36 am

ലോക്ഡൗണ്‍ ഭീതി: കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു

Janayugom Online

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ വീണ്ടും അപ്രതീക്ഷിത ലോക്ഡൗൺ പ്രഖ്യാപനമുണ്ടായേക്കാം എന്ന ഭീതിയിൽ കുടിയേറ്റത്തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. പൊതുഗതാഗത സംവിധാനങ്ങളിൽ വര്‍ധിച്ചുവരുന്ന തിരക്കിനെ ചൂണ്ടിക്കാട്ടിയാണ് പുതിയ റിപ്പോര്‍ട്ടുകൾ.

ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടായേക്കാമെന്ന ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ന​ഗരങ്ങളിൽ നിന്ന് ബിഹാറിലേക്കുള്ള ട്രെയിൻ, ബസ് സർവീസുകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് വീണ്ടുമൊരു അപ്രതീക്ഷിത ലോക്ഡൗൺ ഉണ്ടായേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നത്. ഇതോടെ മുംബൈ, പൂനെ, ചണ്ഡീ​ഗഡ്, സൂറത്ത്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ, ബസ് മാർഗം വലിയ തോതിലുള്ള ജനങ്ങളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ നിന്നാണ് തൊഴിലാളികൾ കൂടുതലായും നാടുവിടുന്നത്.

മുംബൈയാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളില്‍ ഒന്നാം സ്ഥാനത്തുള്ളത്. മാത്രമല്ല കുടിയേറ്റത്തൊഴിലാളികളാണ് കോവിഡ് വ്യാപനത്തിന് വഴിവയ്ക്കുന്നതെന്ന നവനിർമ്മാൺ സേനയുടെ അധ്യക്ഷൻ രാജ്താക്കറെയുടെ ആരോപണവും തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

മുംബൈ, പൂനെ ഉൾപ്പെടെയുള്ള ന​ഗരങ്ങളിൽ നിന്നും ബിഹാറിലേക്ക് പോകുന്ന ട്രെയിനുകളെല്ലാം തിങ്ങിനിറഞ്ഞിരിക്കുകയാണെന്ന് ഈസ്റ്റ് — സെൻട്രൽ റയിൽവേ വക്താവ് രാജേഷ് കുമാർ പറഞ്ഞു. എന്നാൽ ബിഹാറിലേക്ക് മടങ്ങുന്നവരെല്ലാം കുടിയേറ്റ തൊഴിലാളികളാണോ എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ തിരിച്ചു വരവ് നേരിടാൻ നടപടിയാരംഭിച്ചതായി ബിഹാർ തൊഴിൽ മന്ത്രി ജിബേഷ് കുമാർ പറഞ്ഞു. തിരിച്ചെത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്തും. കൂടിയ രോ​ഗവ്യാപനമുള്ള ന​ഗരങ്ങളിൽ നിന്ന് വരുന്നവരെ പ്രത്യേകം പരി​ഗണിക്കും. വേണ്ടി വന്നാൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ വീണ്ടും തുറക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: Migrant work­ers return­ing homes 

You may also like this video: