Web Desk

ഹരിപ്പാട്

January 21, 2020, 9:16 pm

കർഷകർക്ക് ഭീഷണിയായി ദേശാടന പക്ഷികൾ

Janayugom Online

കാർഷിക മേഖലയെ ഉപജീവനമാർഗമായി കാണുന്ന കുട്ടനാട്ടിലെ കർഷകർക്ക് ഭീഷണിയായി ദേശാടന പക്ഷികൾ. മാനം നിറയെ പാറിപറക്കുന്ന ഇവറ്റകൾ തീറ്റയ്ക്കു വേണ്ടിയാണ് പാടശേഖരങ്ങളെ ആശ്രയിക്കുന്നത്. നെൽക്കതിരുകൾ തിന്നുകയും നെൽച്ചെടികൾ നശിപ്പിക്കുകയുമാണ് ഇവയുടെ പതിവ്. അന്തരീക്ഷ വായു അപകടകരമാം വിധം മലിനമായതോടെ പല സംസ്ഥാനങ്ങളിൽ നിന്നും വളരെ നേരത്തെ തന്നെ കുട്ടനാട്ടിലേക്ക് ദേശാടന പക്ഷികൾ ചേക്കേറാൻ തുടങ്ങി. സൈബീരിയൻ കൊക്ക്, പെലിക്കനുകൾ, ഫ്ലൈസ്കാച്ചറുകൾ, പർപ്പിൾ ഹറോണുകൾ, ബൾഗേറിയ എരണ്ടകൾ, താമരക്കോഴി, കോഴിച്ചുണ്ടൻ, വാലൻ, ചന്ദനക്കുറിയൻ എന്നീ ഇനങ്ങളാണ് ദേശാടനപക്ഷികളുടെ സംഘത്തിലുള്ളത്.

ദേശാടനപക്ഷികൾ ഉൾപ്പെടെ 500 ൽ അധികം പക്ഷിവർഗങ്ങളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് കേരളം. പ്രളയശേഷം ഏറെ വിയർപ്പൊഴുക്കി കൃഷിയിറക്കിയ നെല്ലാണ് ദേശാടന പക്ഷികൾ വ്യാപകമായി നശിപ്പിക്കുന്നത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൂട്ടത്തോടെ എത്തുന്ന ഇവ നെൽച്ചെടികൾ നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. ഏക്കറു കണക്കിന് കൃഷി ഇപ്പോൾ തന്നെ ഇവ നശിപ്പിച്ചുകഴിഞ്ഞു. സാധാരണയായി വിതകഴിഞ്ഞ, വെള്ളമുള്ള പാടത്താണ് എരണ്ടയുടെ ആക്രമണം അനുഭവപ്പെടുക. എന്നാൽ കഴിഞ്ഞ വർഷം മുതലാണ് വിളവെടുക്കുമ്പോഴും ഇവയുടെ ഭീഷണിയുണ്ടാകുന്നത്.

വിതകഴിഞ്ഞ പാടങ്ങളിൽ ഇവ വിത്തു നശിപ്പിച്ചതിനെത്തുടർന്ന് രണ്ടാംതവണ വിതയ്ക്കുക വരെ ഉണ്ടായി. ഒരു കൃഷിഭവൻ പരിധിയിൽ തന്നെ പല സമയങ്ങളായിട്ടാണ് കൃഷികൾ ആരംഭിച്ചത്. കരുവാറ്റയിൽ വിതകഴിഞ്ഞ് 14 ദിവസം പിന്നിട്ട പാടമുണ്ട്. എന്നാൽ ഇവിടുത്തെ ചാലുങ്കൽ, കൊച്ചു പുത്തൻ കേരിൽ പാടത്ത് കൊയ്ത്തു തുടങ്ങി. വീയപുരത്ത് അച്ചനാരിയിൽ വിതകഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് മറ്റ് 15 പാടങ്ങളും വിതയ്ക്കുന്നത്. എടത്വ, തലവടി, നിരണം, നെടുമുടി, ചമ്പക്കുളം. വെളിയനാട്, തകഴി എന്നിവിടങ്ങളിലെ പാടങ്ങളിലും ഒരേസമയം വിതയ്ക്കുകയും അതുപോലെ വിളവെടുപ്പും നടക്കുന്നുണ്ട്.

കായൽ നിലങ്ങളിലെ കർഷകർ മിക്കവരും കാവാലം, കൈനടി, പുളിങ്കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ദേശാടന പക്ഷികളുടെ ഉപദ്രവങ്ങൾ വർദ്ധിക്കുന്നതിനാലും പാടത്തു നിന്ന് കിലോ മീറ്ററുകൾ ദൂരമുള്ള വീടുകളിലേക്ക് വന്നു പോകുക പ്രയാസമായതിനാലും ഇവർ കായലിൽ തന്നെ തങ്ങേണ്ടി വരുന്നു. കൂടുതൽ കൃഷിയുള്ളവരാകട്ടെ നാലും അഞ്ചും തൊഴിലാളികളെ വീതം രാത്രിയും പകലും മാറി മാറി കാവലിന് നിർത്തുകയാണ് പതിവ്. എന്നാൽ കൃഷി നശിപ്പിക്കുന്ന പക്ഷികളെ നിയന്ത്രിക്കാൻ നിലവിലെ നിയമങ്ങൾ കർഷകരെ അനുവദിക്കുന്നില്ല.

Eng­lish Sum­ma­ry: Migra­to­ry birds as threats to farmers

You may also like this video