September 28, 2022 Wednesday

കണ്ണിന് വിരുന്നായി ദേശാടനപ്പക്ഷികളെത്തി

Janayugom Webdesk
കോട്ടയം
December 19, 2020 9:39 pm

കാഴ്ചക്കാർക്ക് കണ്ണിന് വിരുന്നായി കോട്ടയത്തെ പാടങ്ങളിൽ ദേശാടനപക്ഷികളെത്തി. കോട്ടയം ഈരയിൽക്കടവിന് സമീപത്തെ മുപ്പായിപ്പാടത്താണ് ദേശാടനപ്പക്ഷികൾ ദൃശ്യവിരുന്നൊരുക്കുന്നത്. കോട്ടയത്ത് കൃഷിക്കൊരുങ്ങുന്ന ഒട്ടുമിക്ക പാടങ്ങളിലും വിരുന്നുകാരെത്തിയിട്ടുണ്ട്. എങ്കിലും നഗരത്തിനോടടുത്ത മുപ്പായിപ്പാടത്തെ അതിഥികളെ കാണാൻ കാഴ്ചക്കാർ ഏറെയെത്തുന്നുണ്ട്. പുള്ളിച്ചുണ്ടൻ കൊതുമ്പനും (സ്പോട്ട് ബിൽഡ് പെലിക്കൻ) വർണകൊക്കുകളുമാണ് (പെയിന്റഡ് സ്റ്റോർക്) പുതിയ അതിഥികൾ. കൃഷിക്കൊരുക്കുന്ന 90 ഏക്കർ പാടശേഖരത്തിൽ നിറങ്ങൾ വാരിവിതറി പാറിനടക്കുകയാണ് ഇവ. പാടങ്ങളിലും തണ്ണീർത്തടങ്ങളിലും കാണുന്നയിനം വെള്ളകൊക്കുകളും മുണ്ടികളും മറ്റു പക്ഷികളും ഇവയ്ക്കൊപ്പമുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന പുള്ളിച്ചുണ്ടൻ കൊതുമ്പനും ജലാശയങ്ങൾക്കരികിലും മനുഷ്യവാസം ഉള്ളിടത്തുമാണ് കൂടുകൂട്ടി മുട്ടയിടുക. സഞ്ചിപോലെയുള്ള താടയാണ് ചാരനിറത്തിലുള്ള പുള്ളിച്ചുണ്ടൻ കൊതുമ്പനത്തിന്റെ പ്രത്യേകത. കൊക്കിന് മീതെ പുള്ളിക്കുത്തുകളുമുണ്ട്. ശീതകാലത്ത് കേരളത്തിലെത്തുന്ന ഇവ വൻതോതിൽ കുമരകത്ത് പക്ഷിസങ്കേതത്തിനു സമീപം തമ്പടിച്ചിട്ടുണ്ട്.

തൂവലുകളില്ലാത്ത മഞ്ഞനിറമുള്ള മുഖവും അറ്റം കീഴോട്ട് വളഞ്ഞ കൊക്കും നീളൻകാലുകളുമാണ് വർണകൊക്കുകളുടെ പ്രത്യേകത. ചിറകിൽ വാലറ്റത്തെ പിങ്ക് നിറമാണ് ഇവയ്ക്ക് മനോഹാരിതയേകുന്നത്. കോട്ടയം ഈരയിൽക്കടവ് ‑മണിപ്പുഴ ബൈപാസിനു സമീപമുള്ള മുപ്പായിപ്പാടത്ത് പക്ഷികളെ കാണാനും ക്യാമറയിൽ പകർത്താനും നിരവധി പേരാണ് എത്തുന്നത്. കൃഷിക്കായി വെള്ളം വറ്റിച്ചു തുടങ്ങിയ പാടത്തെ ചെറുമീനുകൾ ഭക്ഷണമാക്കാനാണ് ഇവ കൂട്ടത്തോടെയെത്തുന്നത്.

Eng­lish sum­ma­ry; Migra­to­ry birds came as a feast for the eyes

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.