യുഎസ്‌ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ന് ഇന്ത്യയിലെത്തും

Web Desk
Posted on June 25, 2019, 9:49 am

ന്യൂഡല്‍ഹി: യുഎസ്‌ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും.
ജപ്പാനില്‍ ജി 20 ഉച്ചകോടിയില്‍ നടക്കാനിരിക്കുന്ന ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യ മന്ത്രി എസ്‌.ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്‌. ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും.

എച്ച്‌ 1 ബി വിസ നല്‍കുന്നതില്‍ നിന്നും ഇന്ത്യാക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. അമേരിക്കന്‍ ആഡംബര ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന നികുതിയെ തുടര്‍ന്ന്‍ വ്യാപാര സൗഹൃദ പട്ടികയില്‍ നിന്നും ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയിരുന്നു. ഇതിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ഉണ്ടാകും.