20 April 2024, Saturday

Related news

April 15, 2024
April 7, 2024
April 4, 2024
March 28, 2024
March 26, 2024
March 21, 2024
March 14, 2024
March 14, 2024
March 14, 2024
March 14, 2024

ഓർമ്മയും ഒരു സമരായുധമാണ്

ഡോ. പി കെ സബിത്ത്
October 9, 2022 2:27 am

നമുക്ക് ചുറ്റുമുള്ള സാംസ്കാരിക രൂപകങ്ങളെല്ലാം നിർമ്മിക്കപ്പെട്ടിരിക്കുനത് ഓർമ്മകൾ കൊണ്ടാണ്. ഓർമ്മ ശക്തമായ സമരായുധമാണെന്ന് മിലാൻ കുന്ദേരയും അഭിപ്രായപ്പെടുന്നു. ഓർമ്മകളാണ് നമ്മുടെ സ്വത്വത്തെ നിർണയിക്കുന്ന ഘടകം. ശക്തമായ അടിത്തറയുള്ള സംസ്കാരങ്ങൾ രൂപപ്പെടുന്നതിന്റെ സുപ്രധാന ഘടകവും അതാണ്. ചലച്ചിത്രങ്ങളിലൂടെ ഭൂതവർത്തമാനങ്ങളെ സമന്വയിപ്പിക്കുന്നത് ഒരു പുതിയ ദൃശ്യാനുഭവമല്ല. വൈയക്തികമായ അനുഭവപരിസരങ്ങളെ അവതരിപ്പിച്ചു കൊണ്ട് സിനിമയിലൂടെ ഒരു സാമൂഹിക പശ്ചാത്തലത്തെ അവതരിപ്പിക്കുകയാണ് സ്പാനിഷ് ചലച്ചിത്രകാരനായ പെഡ്രോ അൽമദോവാറിന്റെ പെയിൻ ആന്റ് ഗ്ലോറി എന്ന സിനിമ വ്യക്തിസ്വത്വത്തിന്റെ ആന്തരിക സംഘർഷങ്ങളെയാണ് ചിത്രീകരിക്കുന്നത്. ഇവിടെ മുഖ്യകഥാപാത്രരായി സാൽവദോർ മല്ലെ രംഗത്ത് പ്രത്യക്ഷപ്പെടുമ്പോൾ അതൊരിക്കലും മറ്റൊരാളായിരുന്നില്ല. പെഡ്രോ അൽമദോവാർ എന്ന ചലച്ചിത്ര സംവിധായകന്റെ ഭൂതവർത്തമാനങ്ങളിലൂടെയുള്ള സഞ്ചാരം തന്നെയായിരുന്നു അത്. ഒരു സവിശേഷ ഘടന പാലിച്ചു കൊണ്ടാണ് ചിത്രം പ്രേക്ഷകരുമായി സംവദിക്കുന്നത്. വർത്തമാനത്തിൽ നിന്നും ഭൂതകാലത്തിലേക്കുള്ള ചിത്രത്തിന്റെ പ്രയാണം നൈരന്തര്യമായാണ് നടക്കുന്നത്. പ്രേക്ഷകരിൽ ഒരു തരത്തിലുള്ള അസ്വസ്ഥതയും സൃഷ്ടിക്കാതെ അനായാസം ഈ സങ്കേതം സിനിമയിൽ അവതരിപ്പിക്കുന്നു. കാലങ്ങൾക്ക് മുമ്പ് ബാറ്റിൽഷിപ്പ് പൊട്ടം കിൻ എന്ന വിശ്വപ്രസിദ്ധ സിനിമയിൽ ഐസൻസ്റ്റിൻ തുടങ്ങി വെച്ച മൊണ്ടാഷ് എന്ന സങ്കേതം പെഡ്രോ അൽമദോവാർ അതിവിധഗ്ദ്ധമായി ഉപയോഗിക്കുന്നുണ്ട്. രണ്ട് വ്യത്യസ്ത അർത്ഥങ്ങൾ ജനിപ്പിക്കുന്ന ഷോട്ടുകൾ ഒന്നിപ്പിച്ച് മൂന്നാമത് തികച്ചും വ്യത്യസ്തമായ ഒരു അർത്ഥം പ്രതിഫലിക്കുന്ന ഷോട്ട് പുനഃസൃഷ്ടിച്ചു കൊണ്ടുള്ള ധ്വന്യാത്മകമായ ഒട്ടനവധി ചിന്തകൾ പെയിൻ ആന്റ് ഗ്ലോറി എന്ന ചിത്രം പ്രേക്ഷകരിൽ ഉണർത്തുന്നു. സാൽവദോർമല്ലോയുടെ ബാല്യകാല അനുഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത അൽമദോവറുടെ സ്വത്വം തന്നെയാണ് ഇവിടെ ആവിഷ്കരിക്കുന്നത്. വിവിധ കാലഘട്ടങ്ങളെ അതിസൂഷ്മമായി സമന്വയിപ്പിക്കുന്ന ചിത്രം സാൽവദോർ മല്ലോയുടെ ബാല്യകാലം, പൂർവകാലജീവിതം, വർത്തമാനകാലം എന്നിവയുടെ കൂടിച്ചേരലാണ്.

സാൽവദോർ മല്ലോ എന്ന കഥാ പാത്രത്തിന്റ സമീപദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. നെഞ്ചിൽ ശസ്ത്രക്രിയ അടയാളങ്ങളോടെ ശാരീരികവും മാനസികവുമായി തളർന്ന മല്ലോ, വാർദ്ധക്യവും ക്ഷീണവും നിരാശയും നിഴലിക്കുന്ന മുഖം. തുടർദൃശ്യത്തിൽ മല്ലോയുടെ ആഹ്ലാദകരമായ ബാല്യകാലത്തിൽ പുഴയിൽ വസ്ത്രമലക്കിക്കൊണ്ടിരിക്കുന്ന മാതാവ് ജസീന്തയും കൂട്ടുകാരികളും. ഈ ഭാഗം അതീവസുന്ദരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. പ്രകൃതിരമണീയമായ കാഴ്ചകളെ അതേപടി ഒപ്പിയെടുത്തുകൊണ്ടുള്ള കാഴ്ച ഒട്ടും അലോസരപ്പെടുത്തുന്നില്ല എന്നു മാത്രമല്ല ഒരു പ്രശാന്തസുന്ദരമായ മാനസികാവസ്ഥയിലേക്ക് പ്രേക്ഷകനെ നയിക്കുന്നു. ജസീന്തയായി വേഷമിടുന്നത് പ്രസിദ്ധ നടി പെനെലോപ്പ് ക്രസ് ആണ്. മത്സ്യക്കുഞ്ഞുങ്ങളെ കൗതുകപൂർവ്വം നോക്കിക്കൊണ്ടിരിക്കുന്ന കൊച്ചു സാൽവദോർ. ആടിയും പാടിയും ആഹ്ലാദഭരിതരായി ജസീന്തയും സുഹൃത്തുക്കളും. തൊട്ടടുത്ത ദൃശ്യത്തിൽ വീട്ടിലെ നീന്തൽക്കുളത്തിൽ കുളിക്കുന്ന ക്ഷീണിതനായ മല്ലോ. നേരത്തെ അനുഭവപ്പെട്ട പ്രസന്നത ഇവിടെയില്ല. സംവിധായകൻ ബോധപൂർവ്വമുള്ള ഇടപെടലാണിത്. ഭൂതവർത്തമാനങ്ങളുടെ കാഴ്ചയിലൂടെ മൊണ്ടാഷ് എന്ന സങ്കേതത്തിന്റെ അനുഭൂതി പ്രേക്ഷകർക്ക് നേരിട്ട് അനുഭവിച്ചറിയാനുള്ള സാധ്യതയാണ് ഈ ദൃശ്യങ്ങൾ ഒരുക്കുന്നത്.
സാൽവദോർ മല്ലോയുടെ ഓർമ്മകൾ ചിത്രത്തിന് ശക്തമായൊരു അടിത്തറ നൽകുന്നുണ്ട്. വർത്തമാനകാലം ദൃശ്യവൽക്കരിക്കുന്നതിലുമധികം സമയം മല്ലോയുടെ ഓർമ്മകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മല്ലോയുടെ ബാല്യകാലത്തിലൂടെയുള്ള യാത്ര ചിത്രത്തിന്റെ പ്രധാന ചാലകശക്തിയായി മാറുന്നുണ്ട്. തികച്ചും ദരിദ്രമായ ചുറ്റുപാടുകളിൽ കഴിഞ്ഞ ബാല്യം, സ്കൂൾ പഠനച്ചെലവ് താങ്ങാനാകാതെ സെമിനാരിയിലെ പഠനം.

മറ്റ് വിഷയങ്ങളുപേക്ഷിച്ച് സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവശ്യപ്പെട്ട അദ്ധ്യാപകർ. സംവിധായകനായി ലോകം ചുറ്റുമ്പോഴാണ് താൻ ഭൂമിശാസ്ത്രം കൃത്യമായി മനസ്സിലാക്കിയതെന്ന് മല്ലോ ഓർമ്മിക്കുന്നു. ഗുഹസമാനമായ വീട്ടിലേക്ക് താമസം മാറ്റിയ ഘട്ടം. മദ്യപാനിയായപിതാവ്. മാതാവിന്റെ സംരക്ഷണത്തിൽ വളരുന്ന മല്ലോ. അക്ഷരങ്ങളും ഗണിതക്രിയകളും പഠിക്കാനായി വീട്ടിലെത്താറുള്ള എഡ്വേർഡോ. ചിത്രകാരനായ അയാൾ വീട്ടിലെ ചുവരുകൾ പെയിന്റ് ചെയ്തു മനോഹരമാക്കിയിരുന്നു. അയാൾ അന്നു വരച്ച സാൽവദോറിന്റെ ചിത്രത്തിന്റെ അവസാന ഭാഗത്ത് നഗരത്തിൽ നടക്കുന്ന ചിത്രപ്രദർശനത്തിനായിവെച്ചത് എഡ്വേർഡോയെ ഓർക്കാൻ കാരണമാകുന്നു. ആ പ്രദർശനത്തിനു പോയ മല്ലോ അവിടെവെച്ച് വളരെക്കാലം മുൻപ് എഡ്വേർഡോ വരച്ച ചിത്രം അയാളെക്കുറിച്ചുള്ള സ്മരണകൾ വീണ്ടെടുക്കുന്നു. ചിത്രത്തിന്റെ പുറകുവശത്ത് എഡ്വേർഡോ എഴുതിയ വരികൾ അയാളെ ബാല്യകാല ഓർമ്മകളുടെ സമ്പന്നതയിലേക്ക് കൊണ്ടുപോകുന്നു. ഈ സ്മരണകൾ മല്ലോയുടെ തിരിച്ചുവരവിനു കുറച്ചൊന്നുമല്ല സഹായകരമാകുന്നത്. മാതാവിനെക്കുറിച്ചുള്ള വാർദ്ധക്യകാല ഓർമ്മകൾ സാൽവദോർ മല്ലോയെ വികാരഭരിതനാക്കുന്നുണ്ട്. തികഞ്ഞ നഷ്ടബോധത്തിന്റേയും പശ്ചാത്താപത്തിന്റേയും അന്തരീക്ഷമാണിവ അയാളുടെ ജീവിതത്തിലുണ്ടാക്കുന്നത്. മാതാവിനെക്കുറിച്ചുള്ള ബാല്യകാലസ്മരണകൾ സന്തോഷഭരിതമാണെങ്കിൽ അവസാനകാലത്തേത് തികച്ചും ദുഃഖഭരിതമാണ്. തിരക്കുകൾക്കിടയിൽ മാതാവിനെക്കുറിച്ച് ഓർക്കാൻ കഴിയാതിരുന്ന മല്ലോയ്ക്ക് അവർ തന്റെ സാമീപ്യം ഏറെ ആഗ്രഹിച്ചിരുന്നു എന്ന അറിവ് താങ്ങാവുന്നതിലുമപ്പുറമാണ്. അവരുടെ അവസാന ആഗ്രഹമായി ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയിലെ ഐസിയുവിൽ അവർ മരിക്കുന്നു. ചിത്രം അവസാനിക്കുന്നത് അമ്മയെക്കുറിച്ചുള്ള ഓർമ്മയിൽത്തന്നെ.

മുറിയിൽ ബാലനായ സാൽവദോറും മാതാവും. അത് ഷൂട്ട് ചെയ്യുന്നത് സാൽവദോർ മല്ലോ എന്ന സംവിധായകനും. ‘പെയിൻ ഏൻഡ് ഗ്ലോറി’ സാൽവദോർ മല്ലോയെന്ന സംവിധായകന്റെ ജീവിതത്തിലെ വേദനകളുടേയും ആഹ്ലാദസന്ദർഭങ്ങളുടേയും വീണ്ടെടുക്കലുകളുടെ ചിത്രമാണ്. ശാരീരികമായും മാനസികവുമായി തകർന്ന പ്രഗൽഭനായ ഒരു സംവിധായകന്റെ തിരിച്ചുവരവിന്റെ ആഖ്യാനം കൂടിയാണ്. ഈ തിരിച്ചുവരവ് അയാളുടെ ഭൂതകാല ജീവിതത്തിലെ ഓർമ്മകളും അയാളെ സ്വാധീനിച്ച വ്യക്തികളുടെ സാന്നിദ്ധ്യവുമാണ് സാദ്ധ്യമാക്കുന്നത്. ഇവ തന്റെ പൂർവ്വകാല ജീവിതത്തിലേക്ക് അയാളെ ഒരിക്കൽക്കൂടെ എത്തിക്കുന്നു. ദീർഘകാലമായി പിരിഞ്ഞിരിക്കുന്ന നടൻ ആൽബർട്ടോ, ദീർഘകാലം ജീവിതപങ്കാളിയായിരുന്ന ഫ്രെഡറിക്കോ, കുട്ടിക്കാലത്തെ സുഹൃത്ത് എഡ്വേർഡോ, തന്നെ ഏറെ സ്വാധീനിച്ച മാതാവ് എന്നിവരുടെ സ്മരണകൾ മല്ലോയെ ഒരു പുതിയ ജീവിതത്തിലേക്ക് നയിക്കുന്നു.
സ്പെയിനിലെ ചലച്ചിത്രകാരിൽ ഏറ്റവും ശ്രദ്ധേയനും ലോകസിനിമയിലെ അറിയപ്പെടുന്ന സംവിധായകനുമായ പെഡ്രോ അൽമദോവാർ തന്റെ എഴുപതാം വയസ് പിന്നിടുമ്പോഴാണ് തന്റെ മാസ്റ്റർപീസെന്ന് നിരൂപകർ വിശേഷിപ്പിച്ച പെയിൻ ഏൻഡ് ഗ്ലോറി സംവിധാനം ചെയ്യുന്നത്. വ്യക്തി ജീവിതത്തിന്റെ ആത്മസംഘർഷങ്ങളെ പൊതുസാമൂഹിക പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. ആത്മനിഷ്ഠമായ അവതരണമാണെങ്കിൽ പോലും ചില ശാസ്ത്രീയമായ സമീപനങ്ങളും ചിത്രത്തിൽ സ്വീകരിച്ചിട്ടുണ്ട്. ഓർമ്മയുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ ഘടകങ്ങളെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്നത് ഒരു ദൃഷ്ടാന്തമാണ്. ജീവിതം അനായാസമാകുന്നതിനെക്കാൾ സങ്കീർണമാകുമ്പോഴാണ് അത് കൂടുതൽ ദാർശനികമാകുന്നതെന്ന് ഈ ചിത്രം നമ്മേട് പറഞ്ഞുതരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.