ഇറാഖില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴ് പേര്‍ കൊല്ലപ്പെട്ടു

Web Desk
Posted on March 17, 2018, 12:15 pm

ബഗ്ദാദ്: ഇറാഖില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഹെലികോപ്റ്ററില്‍ ആകെയുണ്ടായിരുന്നത് ഏഴ് പേരാണ്, അവര്‍ ഏഴ് പേരും കൊല്ലപ്പെട്ടതായി  യുഎസ് സൈനിക വക്താവ് പറഞ്ഞു.

യുഎസ് എച്ച്എച്ച് 60 ഹെലികോപ്റ്ററാണ് അന്‍ബാര്‍ പ്രവിശ്യയിലെ അല്‍ ഖയ്യിമിനടുത്ത് തകര്‍ന്നു വീണത്. ശത്രുവിഭാഗത്തിന്‍റെ ആക്രമണത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് കരുതുന്നില്ലെന്ന് യു എസ് സൈന്യം അറിയിച്ചു. അതേ സമയം തകര്‍ച്ചയുടെ കാരണമെന്തെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

ഹെലികോപ്റ്ററിലുണ്ടായിരുന്നവര്‍  സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടതായി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജൊനാഥന്‍ പി ബ്രാഗ അറിയിച്ചു. സംഭവത്തെ കുറിച്ച്  അന്വേഷിക്കാന്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ്  ഉത്തരവിട്ടിട്ടുണ്ട്. മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്‍റെ കാലത്ത് നടത്തിയ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്തെത്തിയതാണ് സൈന്യം.