18 April 2024, Thursday

അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും

Janayugom Webdesk
തിരുവനന്തപുരം
July 30, 2022 10:59 pm

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.
പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കുന്നു. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്.
ഒരു കുട്ടിക്ക് ഒരു ഗ്ലാസ് പാല്‍ വീതം തിങ്കള്‍, വ്യാഴം ദിവസങ്ങളിലും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കും. അങ്കണവാടിയിലെ മൂന്ന് വയസ് മുതല്‍ ആറ് വയസ് വരെയുളള നാല് ലക്ഷത്തോളം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴി ഈ പദ്ധതിക്ക് ആവശ്യമായ പാല്‍ അങ്കണവാടികളില്‍ നേരിട്ട് എത്തിക്കും. ഈ സംവിധാനങ്ങള്‍ ഒന്നും ലഭ്യമല്ലാത്ത മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടികളില്‍ മില്‍മയുടെ യുഎച്ച്ടി പാല്‍ വിതരണം ചെയ്യും. അങ്കണവാടികളില്‍ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂര്‍ണമായ ബാല്യം പ്രദാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Milk and eggs for Angan­wa­di chil­dren from now on

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.