Wednesday
20 Feb 2019

പാല്‍ ഇറക്കുമതി നീക്കം ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയാകും: മന്ത്രി കെ രാജു

By: Web Desk | Monday 26 November 2018 10:22 PM IST

കൊച്ചി: പാലും പാലുല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലടക്കമുള്ള ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി കെ രാജു ആശങ്ക പ്രകടിപ്പിച്ചു. മില്‍മയുടെ ആഭിമുഖ്യത്തില്‍ ദേശീയ ക്ഷീരദിനാചരണവും ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട പാല്‍ വില ലഭിക്കുന്ന കേരളത്തില്‍ ഇറക്കുമതി ദോഷകരമായി ബാധിക്കും. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ 21 രൂപ പാലിന് ലഭിക്കുമ്പോള്‍ കേരളത്തില്‍ 35 രൂപ വരെ കര്‍ഷകന് ലഭിക്കുന്നുണ്ട്. ഇതിന് പുറമെ സ്വകാര്യ വില്‍പ്പനയില്‍ ഇതിലും കൂടുതല്‍ വില ലഭിക്കുന്നുണ്ട് .
കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികത കൈവശമുള്ള രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വരുന്നതോടെ നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ വില കുറയാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരളത്തില്‍ പ്രളയം നാശം വിതച്ച ക്ഷീരമേഖല തിരിച്ചുവരവിന്റെ പാതയിലാണ്. പ്രളയകാലത്തു രണ്ടര ലക്ഷം ലിറ്റര്‍ പാലിന്റെ കുറവ് അനുഭവപ്പെട്ടിരുന്ന സ്ഥാനത്തു ഇപ്പോള്‍ ഒരു ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് പുറത്തുനിന്ന് കണ്ടെത്തേണ്ടി വരുന്നത്. പാല്‍ സംഭരണത്തിന്റെ കാര്യത്തില്‍ 16 ശതമാനം മുന്നോട്ടുപോകാന്‍ മില്‍മയ്ക്ക് കഴിഞ്ഞു. എന്നാല്‍ വിപണന രംഗത്ത് മില്‍മ പുറകില്‍ പോയി. പുതിയ ഉല്‍പ്പന്നങ്ങള്‍ രംഗത്തിറക്കിയും കൂടുതല്‍ പരസ്യത്തിലൂടെയും ഈ രംഗത്ത് മുന്നേറ്റം നടത്താന്‍ മില്‍മയ്ക്ക് കഴിയും. പ്രളയ കാലത്തു മൂന്നുകോടിയുടെ നഷ്ടമാണ് ക്ഷീരമേഖലയില്‍ ഉണ്ടായത്. ആറായിരത്തിലധികം പശുക്കളും 5000 കിടാരികളും നഷ്ടപ്പെട്ടു. രണ്ടര ലക്ഷത്തിലധികം വരുന്ന ക്ഷീരകര്‍ഷകരെ കൈപിടിച്ചു കയറ്റുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയത്തിലേക്ക് കടക്കുകയാണ്. പ്രളയം ഏറ്റവും നാശം വിതച്ച 51 ബ്ലോക്കുകളില്‍ 22 കോടിയുടെ ആനുകൂല്യങ്ങള്‍ നല്‍കും. ക്ഷീരകര്‍ഷകര്‍ക്കായി കേന്ദ്ര കൃഷി വകുപ്പിന് സമര്‍പ്പിച്ച 54 കോടിയുടെ പദ്ധതി അംഗീകരിക്കപ്പെട്ടു.
മില്‍മ എം ഡി ഡോ.പി പുകഴേന്തി,ക്ഷീരവികസന വകുപ്പ് സെക്രട്ടറി അനില്‍ എക്‌സ് ,മില്‍മ തിരുവനതപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേഷ്, മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍, ക്ഷീര വികസനവകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ്, ഡോ. ജോസ് ജെയിംസ് ,ഡോ. മുരളീധര ദാസ് എന്നിവര്‍ സംസാരിച്ചു.