Friday
22 Feb 2019

ക്ഷീര മേഖലയില്‍ ശ്രദ്ധിക്കേണ്ടത്

By: Web Desk | Friday 2 February 2018 10:31 PM IST

ഡോ. സാബിന്‍ ജോര്‍ജ്ജ്
ആറ്റുനോറ്റു വാങ്ങിയ പശുവിന് പ്രതീക്ഷിച്ചത്ര പാല്‍ കിട്ടുന്നില്ലായെന്നത് ക്ഷീര കര്‍ഷകരുടെ പരാതികളിലൊന്നാണ്. കറവക്കാലത്ത് ഉയര്‍ന്ന ഉത്പാദനത്തിലേക്ക് എത്താതെ പാല്‍ പെട്ടെന്ന് കുറഞ്ഞു പോവുന്നു. ഹ്രസ്വമായ കറവക്കാലമേ ലഭിക്കുന്നുള്ളൂ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ വേറെയും ഇവയ്‌ക്കെല്ലാം ഒറ്റക്കാരണം കണ്ടുപിടിച്ച് പറയുക എളുപ്പമല്ല. എങ്കിലും ഇത്തരം സാഹചര്യമുണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തിയാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
ജനിതകശേഷിയാണ് പാലുത്പാദനത്തിന്റെ അളവ് തീരുമാനിക്കുന്ന അടിസ്ഥാന ഘടകം. ഇങ്ങനെ പാരമ്പര്യഗുണമുള്ള പശുക്കള്‍ക്ക് ആവശ്യമായ പോഷണവും കൃത്യമായ പരിപാലനവും ലഭിക്കുമ്പോള്‍ അവ പരമാവധി പാല്‍ ചുരത്തുന്നു. അതിനാല്‍ വര്‍ഗഗുണമുള്ള പശുക്കളെ തൊഴുത്തിലെത്തിക്കുക ഏറെ പ്രധാനമാണ്. 9-10 മാസം നീളുന്ന പശുവിന്റെ കറവക്കാലം പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. പ്രസവശേഷം പാലുത്പാദനം ക്രമമായി ഉയരുകയും 6-8 ആഴ്ചയില്‍ ഏറ്റവും ഉയര്‍ന്ന ഉത്പാദനത്തിലെത്തുകയും ചെയ്യുന്നു. പരമാവധി ഉത്പാദനകാലം നിലനില്‍ക്കുന്ന ഘട്ടത്തിനുശേഷം പാലുത്പാദനം പ്രതിമാസം 8-10 ശതമാനം എന്ന നിരക്കില്‍ കുറഞ്ഞു വരികയും ചെയ്യുന്നു. അടുത്ത പ്രസവത്തിനു രണ്ടുമാസം മുമ്പ് കറവ അവസാനിപ്പിക്കുകയും, പശുക്കള്‍ക്ക് വറ്റുകാല വിശ്രമം നല്‍കുകയുമാണ് കര്‍ഷകര്‍ ചെയ്യുന്നത്. പരമാവധി ഉത്പാദനം ലഭിയ്ക്കുന്ന ഘട്ടത്തില്‍ ഒരു ലിറ്റര്‍ കുറവുണ്ടായാല്‍ ആ കറവക്കാലത്തെ പാലിന്റെ അളവ് 200 ലിറ്ററോളം കുറവായിരിക്കുമെന്ന് കണക്കുകള്‍ പറയുന്നു. അതിനാല്‍ കറവയുടെ ഓരോ ഘട്ടത്തിലും കൃത്യമായ പരിപാലനം നല്‍കുകയും ഉത്പാദനത്തില്‍ കുറവുണ്ടായാല്‍ ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും വേണം.
തീറ്റയും തീറ്റക്രമവും പരിശോധിക്കുക
പ്രസവത്തിന് മുമ്പ് 7-8 ആഴ്ച പശുക്കള്‍ക്ക് വറ്റുകാലം നല്‍കിയോ എന്ന് പരിശോധിക്കുക. കറവയുടെ അവസാനകാലത്തും വറ്റുകാലത്തും അമിതമായ തീറ്റ നല്‍കി പശുവിനെ തടിപ്പിക്കുന്നത് പ്രസവശേഷം തീറ്റയുടെ അളവ് കുറയ്ക്കുകയും പരമാവധി ഉത്പാദനത്തിന് വിഘാതമാകുകയും ചെയ്യുന്നു. വറ്റുകാലത്തില്‍ നിന്ന് പ്രസവത്തോടടുക്കുന്ന സമയത്ത് നല്‍കുന്ന തീറ്റ ഏറെ പ്രധാനമാണ്. പ്രസവശേഷം നല്‍കേണ്ട തീറ്റ പ്രസവത്തിന് മുമ്പേ തന്നെ നല്‍കിത്തുടങ്ങി പരിചയപ്പെടുത്തുന്ന സ്റ്റീമിങ്ങ് അപ്’രീതി നടപ്പാക്കിയെന്ന് ഉറപ്പാക്കണം. ഊര്‍ജ്ജവും, ധാന്യങ്ങളും കൂടുതല്‍ അടങ്ങിയ സാന്ദ്രാഹാരം കറവയുടെ തുടക്കത്തില്‍ നല്‍കിയില്ലെങ്കില്‍ ഉയര്‍ന്ന ഉത്പാദനത്തിലെത്താന്‍ പശുക്കള്‍ക്ക് കഴിയില്ല. പ്രസവശേഷം ആദ്യത്തെ 60 ദിവസം തീറ്റയുടെ അളവ് ഓരോ 4 ദിവസം, കൂടുമ്പോഴും അരക്കിലോഗ്രാം കൂട്ടിക്കൊടുക്കുന്ന ചലഞ്ച് ഫീഡിംഗ്’രീതി പരീക്ഷിച്ചാല്‍ മാത്രമേ പരമാവധി ഉത്പാദനം സാധ്യമാകൂ. പാലിന്റെ ഉത്പാദനം കൂടുന്നില്ലെങ്കില്‍ തീറ്റയുടെ അളവ് അങ്ങനെ തന്നെ നിര്‍ത്തുക. തീറ്റപ്പുല്ലില്‍ നിന്നുള്ള ശുഷ്‌കാഹാരം (ഡ്രൈ മാറ്റര്‍), ഫലപ്രദമായ നാരുകളുടെ അളവ് എന്നിവയിലുണ്ടാകുന്ന കുറവ് ദഹനത്തെ ബാധിക്കുകയും ഉത്പാദനം ഉയര്‍ന്ന അളവിലെത്തുന്നത് തടയുകയും ചെയ്യുന്നു. ശരീരഭാരത്തിന്റെ 1.5 ശതമാനം എന്ന നിരക്കില്‍ (20-30 കിലോഗ്രാം പച്ചപ്പുല്ല്) തീറ്റപ്പുല്ലില്‍ നിന്നുള്ള ശുഷ്‌ക പദാര്‍ത്ഥങ്ങള്‍ കിട്ടുന്നുണ്ടോയെന്നു പരിശോധിക്കുക. പ്രസവത്തിനു മുന്‍പും പിന്‍പും കറവയുടെ വിവിധ ഘട്ടങ്ങളിലുള്ള വിവിധ പോഷക ന്യൂനതകള്‍ ഉത്പാദനം കുറയ്ക്കുന്നു. ഊര്‍ജ്ജം, മാംസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സള്‍ഫര്‍, ഉപ്പ് എന്നിവയുടെ ന്യൂനതയും പരിശോധിച്ചറിയണം. ശുദ്ധമായ ജലം ആവശ്യത്തിനും കൃത്യസമയത്തും ലഭ്യമാക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.
കൊഴുപ്പ്, ധാന്യഭക്ഷണം, എളുപ്പം ദഹിപ്പിക്കാവുന്ന അന്നജം എന്നിവ നല്‍കുന്നത് ദഹനത്തെ ബാധിക്കുകയും ദീര്‍ഘകാലം നിലനില്‍ക്കുന്ന അസിഡോസിസ് വരുത്തി വയ്ക്കുകയും ചെയ്യുന്നു. പാല്‍ പെട്ടെന്നു കുറയാനിടയുള്ള കാരണങ്ങളിലൊന്നാണിത്. സാന്ദ്രാഹാരത്തിന്റെയും, പരുഷാഹാരത്തിന്റെയും അനുപാതം പരിശോധിക്കണം. ഉയര്‍ന്ന ഉത്പാദനത്തില്‍ ഇത് 60:40 എന്ന വിധത്തിലും പിന്നീട് 50:50 അല്ലെങ്കില്‍ 40:60 എന്ന രീതിയിലും ആയിരിക്കണം. ഉയര്‍ന്ന ഉത്പാദന ശേഷം കറവയുടെ അടുത്ത ഘട്ടത്തിലെത്തുമ്പോള്‍ തീറ്റയില്‍ സാന്ദ്രാഹാരത്തിന്റെ അളവ് കുറഞ്ഞാല്‍ അത് കറവക്കാലത്തിനെ ഹ്രസ്വമാക്കുന്നു.
അകിടിന്റെ ആരോഗ്യവും കറവയുടെ കൃത്യതയും
അകിടുവീക്കമാണ് ശരിയായ ഉത്പാദനത്തിനുള്ള പ്രധാന തടസ്സം. തീവ്രസ്വഭാവമുള്ള അകിടുവീക്കവും, ലക്ഷണരഹിതമായ സബ് ക്ലീനിക്കല്‍ അകിടുവീക്കവും പാലുത്പാദനത്തില്‍ 25-50 ശതമാനം വരെ കുറവു വരുത്താം. ഉത്പാദനത്തില്‍ കുറവ് കണ്ടാല്‍ പാല്‍ പരിശോധിക്കണം.ലക്ഷണരഹിത അകിടുവീക്കം നിര്‍ണ്ണയ കിറ്റ് മൃഗാശുപത്രികളില്‍ ലഭ്യമാണ്. കറവയുടെ മുന്‍പും പിന്‍പും മുലക്കാമ്പുകള്‍ അണുനാശിനിയില്‍ മുക്കുന്ന ടീറ്റ് ഡിപ്പിങ്ങ്’അനുവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. അകിടുവീക്കത്തിനെതിരെ വറ്റുകാല ചികിത്സയും നടപ്പിലാക്കാം. മുലക്കാമ്പുകളില്‍ വ്രണങ്ങളോ, മുറിവുകളോ ഉണ്ടോയെന്ന് പരിശോധിക്കാം. കറവയന്ത്രത്തിന്റെ പ്രവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പുവരുത്തണം. കൃത്യ സമയത്ത് യന്ത്രം ഘടിപ്പിക്കാനും മാറ്റാനും ശ്രദ്ധിക്കണം. കറവസമയത്ത് കുത്തിവെയ്പുകള്‍ നല്‍കുന്നതും വെറളി പിടിപ്പിക്കുന്ന അസുഖകരമായ സാഹചര്യങ്ങള്‍ ഉണ്ടാകുന്നതും ഒഴിവാക്കണം.
രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും
പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളായ അകിടുവീക്കം, ഗര്‍ഭാശയ വീക്കം, കീറ്റോണ്‍ രോഗം, ആമാശയ സ്ഥാനഭ്രംശം എന്നിവ ഉയര്‍ന്ന ഉത്പാദനം അസാധ്യമാക്കുന്നു. ശ്വാസകോശ, ആമാശയ പ്രശ്‌നങ്ങള്‍, ആന്തരബാഹ്യ പരാദബാധ എന്നിവ പാലുത്പാദനം കുറയ്ക്കുന്ന പ്രധാന വില്ലന്‍മാരാണ്. ദീര്‍ഘകാലമുള്ള മാംസ്യം, അയണ്‍, കോപ്പര്‍, കൊബാള്‍ട്ട്, സെലീനിയം എന്നിവയുടെ കുറവും, വിരബാധയും വിളര്‍ച്ചയിലേക്കും ഉത്പാദന നഷ്ടത്തിലേക്കും വഴിതെളിയിക്കുന്നു. പാദത്തിന്റേയും, കുളമ്പിന്റേയും അനാരോഗ്യം പാലുത്പാദനത്തെ തളര്‍ത്തുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ഗര്‍ഭമലസല്‍, സമയമെത്തും മുമ്പേയുള്ള പ്രസവം എന്നിവ പാല്‍ കുറയുന്നതിന് കാരണമാകും. വിഷസസ്യങ്ങള്‍, പൂപ്പല്‍ബാധ, എന്നിവ തീറ്റയെടുക്കുന്നത് കുറയ്ക്കുകയും, പാല്‍ പെട്ടെന്ന് വലിയ അളവില്‍ കുറയാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന പനിയുണ്ടാക്കുന്ന സാംക്രമിക രോഗങ്ങള്‍ പാല്‍ പെട്ടെന്ന് താഴ്ന്നു പോകുന്നതിന് കാരണമാകും.
തൊഴുത്തിലേക്ക് നോക്കുക
ഉയര്‍ന്ന ചൂടും, അന്തരീക്ഷ ആര്‍ദ്രതയും പാലുത്പാദനത്തിന്റെ പ്രധാന ശത്രുക്കളാണ്. തീറ്റയെടുക്കുന്നതിലുണ്ടാകുന്ന കുറവ് പാലുത്പാദനം കുറയ്ക്കുന്നു. അതിനാല്‍ കാലാവസ്ഥയുടെ കാഠിന്യങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന വിധത്തില്‍ തൊഴുത്തിലും ക്രമീകരണങ്ങളുണ്ടെന്ന് ഉറപ്പാക്കണം. 24 മണിക്കൂറും ആവശ്യമായ അളവില്‍ ശുദ്ധജലം ലഭിക്കുന്ന വിധം വെള്ളപാത്രങ്ങള്‍ സജ്ജീകരിക്കണം. ആവശ്യത്തിന് സ്ഥല സൗകര്യമില്ലാത്ത തൊഴുത്തില്‍ പശുക്കള്‍ക്ക് കിടക്കാന്‍ കഴിയാതെ വരുന്നതും ദീര്‍ഘ സമയം നില്‍ക്കേണ്ടിവരുന്നതും അവയെ സമ്മര്‍ദ്ദത്തിലാക്കുകയും പാല്‍ ചുരത്താന്‍ മടിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ പാല്‍ അളവ് കുറയാന്‍ ഇടയാക്കുന്നു.
പാല്‍ കിട്ടുന്നില്ലായെന്ന’പരാതി പരിഹരിക്കാന്‍ പരിപാലനത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച് തിരുത്തലുകള്‍ വരുത്തണമെന്ന് മനസിലായല്ലോ.

(ലേഖകന്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ
അസിസ്റ്റന്റ് പ്രൊഫസറാണ്)