പാല്‍ ഉല്‍പാദനത്തില്‍ കേരളം ചരിത്ര നേട്ടത്തിലേക്ക്

Web Desk
Posted on April 20, 2018, 10:56 pm

മനോജ് മാധവന്‍
തിരുവനന്തപുരം: പാല്‍ ഉല്‍പാദനത്തില്‍ കേരളം ചരിത്ര നേട്ടത്തിലേക്ക്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായുള്ള ക്ഷീരവകുപ്പിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണിത്. ഡിസംബറോടെ ആഭ്യന്തര പാല്‍ ഉല്‍പാദനത്തില്‍ കേരളം സ്വയം പര്യാപ്തത കൈവരിക്കാനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ക്ഷീരവികസന വകുപ്പ് ഊര്‍ജിതമാക്കുന്നത്.
കേരളത്തിന്റെ പാല്‍ ആവശ്യകതയുടെ 81 ശതമാനവും നിലവില്‍ സംസ്ഥാനത്തു തന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ കേരളത്തിന് ആവശ്യമായ പാല്‍ ലഭ്യതയ്ക്ക് അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. പാലിന്റെ ആവശ്യകത മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി കൂടിയെങ്കിലും ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിച്ചതോടെ മില്‍മ മേഖലാ യൂണിയനുകള്‍ ഇറക്കുമതി ചെയ്തിരുന്ന പാലിന്റെ അളവില്‍ അഞ്ച് ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്. 2015–16 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 4.7 ലക്ഷം ലിറ്റര്‍ പാല്‍ ഇറക്കുമതി ചെയ്തിരുന്നുവെങ്കില്‍ 2018 ല്‍ ഇതുവരെ ഇത് രണ്ടു ലക്ഷം ലിറ്ററില്‍ താഴെ മാത്രമായി ചുരുങ്ങി. കേരളത്തില്‍ എട്ടു ലക്ഷത്തോളം കുടുംബങ്ങളാണ് ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 3.5 ലക്ഷത്തോളം കര്‍ഷകരാണ് പ്രതിദിനം ക്ഷീരസഹകരണ സംഘങ്ങളില്‍ പാലെത്തിക്കുന്നത്. ക്ഷീരമേഖലയുടെ വികസനത്തിന് പ്രതികൂലമായ ഒട്ടനവധി പ്രതിസന്ധികളെ അതിജീവിക്കാന്‍ ക്ഷീരവകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുള്ള ക്ഷീരവികസന മന്ത്രി അഡ്വ. കെ രാജുവിന്റെ ശക്തമായ ഇടപെടലുകളാണ് പാല്‍ ഉല്‍പാദന സ്വയം പര്യാപ്തതയെന്ന ചരിത്ര നേട്ടത്തിലേയ്ക്ക് കേരളത്തെ നയിക്കുന്നത്.
കേരളത്തിലെ സങ്കരയിനം ഉരുക്കളുടെ ഉല്‍പാദന ശേഷിയിലും വര്‍ധനവുണ്ട്. പ്രതിദിനം 8.62 ലിറ്ററായിരുന്നത് 2017 ല്‍ 10.22 ലിറ്ററായി ഉയര്‍ന്നു. ഇത് സര്‍ക്കാര്‍ സ്വീകരിച്ച പ്രജനന നയത്തിന്റെ വിജയമാണ്. രാജ്യത്ത് പ്രതിദിന പാല്‍ ഉല്‍പാദന ശേഷിയില്‍ പഞ്ചാബ് ഒന്നാം സ്ഥാനത്തും കേരളം രണ്ടാം സ്ഥാനത്തുമാണ്.
ക്ഷീരസഹകരണ സംഘങ്ങളിലൂടെയുള്ള പാല്‍ സംഭരണത്തില്‍ റെക്കാര്‍ഡ് വര്‍ദ്ധനവാണ് 2016–18 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ ഉണ്ടായത്. ക്ഷീരസഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറച്ച പിന്തുണ നല്‍കി പുതിയൊരു ദിശാമുഖം തുറന്നതോടെ വന്‍ നഷ്ടത്തിന്റെ പിടിയിലമര്‍ന്ന് ക്ഷീര വ്യവസായം ഉപേക്ഷിച്ച കര്‍ഷകര്‍ വീണ്ടും സജീവമായി. ഇതിന്റെ ഫലമായി ക്ഷീരസഹകരണ സംഘങ്ങളിലൂടെ ഉള്ള പാല്‍ സംഭരണത്തില്‍ 2016–17 വര്‍ഷത്തിലെ 5.94 ലക്ഷം മെട്രിക് ടണ്‍ ഉല്‍പാദനത്തില്‍ നിന്നും 2017–18 ല്‍ 6.57 മെട്രിക് ടണ്ണിലേക്ക് ഉയര്‍ന്നു. പ്രതിദിനം 16.27 ലക്ഷം ലിറ്ററില്‍ നിന്നും 18.01 ടണ്‍ ആയി ഉയര്‍ന്ന് 10.70 ശതമാനം വളര്‍ച്ചയാണുണ്ടായത്.
ക്ഷീരോല്‍പാദനത്തിന് സാധ്യത കൂടുതലുളള പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ‘ക്ഷീരഗ്രാമം പദ്ധതി’ നടപ്പിലാക്കിയതാണ് സര്‍ക്കാരിന് അഭിമാന നേട്ടമായി മാറിയത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീരഗ്രാമം പദ്ധതിയിലൂടെ 1,050 കറവപ്പശുക്കളേയും 225 കന്നുകുട്ടികളെയും പുതിയതായി സംസ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞു. 2016–17 സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയ സമഗ്രക്ഷീരവികസനപദ്ധതി പ്രകാരം കൊല്ലം, എറണാകുളം ജില്ലകളിലായി 11.66 കോടിരൂപ ചെലവഴിച്ച് പദ്ധതിപൂര്‍ത്തീകരിച്ചു. ഇതിലൂടെ 2,895 കറവപ്പശുക്കളെയും 550 കന്നുകുട്ടികളെയും വിതരണംചെയ്തു. കൂടാതെ സംസ്ഥാനത്തെ 50 തെരഞ്ഞെടുത്ത ബ്ലോക്കുകളിലായി പ്രത്യേക ഡയറിസോണുകള്‍ക്ക് രൂപം നല്‍കുന്ന പദ്ധതിയും അവസാന ഘട്ടത്തിലാണ്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,122 കറവപ്പശുക്കളേയും 1,170 കിടാരികളേയും വാങ്ങുവാന്‍ സാമ്പത്തിക സഹായം സര്‍ക്കാര്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 100 കിടാരികള്‍ വീതം ഉള്‍പ്പെടുന്ന അഞ്ച് പുതിയ കിടാരി പാര്‍ക്കുകള്‍ സ്ഥാപിക്കുവാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. 77.5 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
കന്നുകുട്ടികളെ ജനന തീയതി മുതല്‍ നാല് മാസം വരെ സംരക്ഷിച്ച് മികച്ച തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിക്ക് ഈ വര്‍ഷം മുതല്‍ ക്ഷീരവികസന വകുപ്പ് തുടക്കം കുറിക്കും. 2,000 കന്നുകുട്ടികളെയാണ് പദ്ധതിയിലൂടെ ദത്തെടുക്കുക.