Tuesday
19 Feb 2019

പാല്‍ ഉല്‍പ്പാദന ഗവേഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കണം: മന്ത്രി

By: Web Desk | Thursday 8 February 2018 6:51 PM IST

ദേശീയ ക്ഷീരവ്യവസായ സമ്മേളനത്തിന്അങ്കമാലിയില്‍ തുടക്കം

കൊച്ചി: പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്  ലക്ഷ്യമിടുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന്ക്ഷീരവികസന വകുപ്പ്  മന്ത്രി കെ രാജു .ക്ഷീരവ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന 46-ാമത് ദേശീയ സമ്മേളനം അങ്കമാലിയില്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയ ഇനങ്ങളുടെ പാല്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും പാല്‍ ചുരത്തല്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും ഗവേഷണത്തില്‍ ഊന്നല്‍ നല്‍കണം. തദ്ദേശീയ കന്നുകാലികള്‍ രോഗങ്ങളെ പ്രതിരോധിക്കുന്നവയാണെങ്കിലും പാല്‍ ഉല്‍പ്പാദനക്ഷമതയില്‍ പിന്നിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
2017-18ലെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് പ്രകാരം കാര്‍ഷിക, അനുബന്ധമേഖലകളിലെ വളര്‍ച്ചാനിരക്ക് 4.1 ശതമാനത്തില്‍ നിന്നും 2.1 ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്ന വെളിപ്പെടുത്തല്‍ ആശങ്കാജനകമാണ്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദത്തിനിടയിലാണിത്. വളര്‍ച്ചാനിരക്ക് നിലനിര്‍ത്തണമെങ്കില്‍ പാല്‍ ഉല്‍പ്പാദനത്തിന് പ്രത്യേകശ്രദ്ധ നല്‍കിയും കാര്‍ഷികമേഖലയില്‍ മൊത്തത്തിലുമുള്ള കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണ്.
പാല്‍ ഉല്‍പ്പാദനത്തില്‍ മിച്ചം കൈവരിച്ച ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ നിന്നും ബട്ടര്‍ ഓയിലും പാല്‍പ്പൊടിയും പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെ ആഭ്യന്തര വിപണിയിലേക്കെത്തുന്നത് ഇവിടത്തെ ഉല്‍പ്പാദനമേഖലയെ പ്രതികൂലമായി ബാധിക്കും. ക്ഷീരവിപണിയില്‍ നിന്നുള്ള പണം പ്രാഥമിക ഉല്‍പ്പാദകരിലേക്ക് ഗണ്യമായ തോതില്‍ എത്തുന്നതാണ് ഇന്ത്യയിലെ പ്രത്യേകത. പ്രാഥമികോല്‍പ്പാദകര്‍ക്ക് നയപരമായ പിന്തുണ നല്‍കാതെ ക്ഷീരമേഖല ആഗോളമത്സരത്തിന് തുറന്നു കൊടുക്കുന്നത് ദുരന്തത്തിന് വഴിവെയ്ക്കുമെന്ന് ആശങ്കപ്പെടണം – മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ പാലുല്‍പ്പാദനച്ചെലവ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. കാലിത്തീറ്റ അടക്കം ഈ മേഖലയ്ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ക്ഷീരോല്‍പ്പാദക സംഘങ്ങളുടെ കാര്യക്ഷമമായ ശൃംഖലയിലൂടെയും സംസ്ഥാന സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെയും മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. കാലിത്തീറ്റ ഉല്‍പ്പാദനം, വാണിജ്യാടിസ്ഥാനത്തിലുള്ള പാല്‍ ഉല്‍പ്പാദനം എന്നിവയ്ക്കായി നടപ്പാക്കിയ പദ്ധതികളും കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ അറിവുകള്‍ നല്‍കുന്നതിനുള്ള പദ്ധതികളും സര്‍ക്കാര്‍ ഇടപെടലിന് ഉദാഹരണമാണ്. ക്ഷീരോല്‍പാദക സംഘങ്ങള്‍ക്ക് പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് ക്ഷേമനിധി ബോര്‍ഡിലൂടെ പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ. ജി.എസ്. രജോറിയ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ദക്ഷിണമേഖലാ പ്രസിഡന്റ് സി.പി. ചാള്‍സ്, ഡോ. ആര്‍.ആര്‍.ബി സിംഗ്, മൃഗപരിപാലന വകുപ്പ് സെക്രട്ടറി എക്‌സ്. അനില്‍, ഡോ ബാന്ദ്‌ല ശ്രീനിവാസ്, ഡോ. പി.ഐ. ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്റെ ഈ വര്‍ഷത്തെ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അര്‍ഹനായ മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പിനുള്ള പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.