Web Desk

January 22, 2020, 1:06 pm

സിംബാബ്വെ തലസ്ഥാനത്ത് കുടിവെള്ളത്തിൽ വിഷാംശം, ലക്ഷക്കണക്കിന് ജനങ്ങൾ ആശങ്കയിൽ

Janayugom Online

ഹരാരെ: സിംബാബ്വെയുടെ തലസ്ഥാന നഗരമായ ഹരാരെയിലേക്ക് കുടിവെള്ളം എത്തിക്കുന്ന റിസോർവെയറിൽ അപകടകരമായ വിഷം കലർന്നിരിക്കുന്നതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ കമ്പനിയായ നാനോടെക് വാട്ടർ സൊല്യുഷൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഹരാരെയിലെ മുപ്പത് ലക്ഷം ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വെള്ളത്തിൽ കലർന്നിരിക്കുന്ന വിഷാംശം കരളിനെയും കേന്ദ്രനാഡീവ്യൂഹത്തെയും ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷമാണ് റിസർവോയറിലെ വെള്ളത്തെക്കുറിച്ചുള്ള പഠനം നടന്നിരിക്കുന്നത്. എന്നാൽ ഇതിന്റെ റിപ്പോർട്ട് പുറത്ത് വിട്ടിട്ടില്ല.
ഹരാരെയിലെ പ്രധാന റിസർവോയറുകളിൽ കാണപ്പെടുന്ന ആൽഗകളാണ് വെള്ളത്തിലെ വിഷ സാന്നിധ്യത്തിന് കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഷിവെറോ മന്യാമെ തടാകങ്ങളിലാണ് പ്രധാനമായും ഇവയെ കണ്ടെത്തിയിട്ടുള്ളത്. വെള്ളത്തിന്റെ ദുർഗന്ധത്തിനും നിറവ്യത്യാസത്തിനും കാരണം ഇത്തരം നിരവധി ആഗൽഗകളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അപകടകാരികളായ ഇത്തരം ആൽഗകൾ നിരവധി അപകടകരമായ വിഷം ഉല്പാദിപ്പിക്കുന്നുവെന്ന് അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസി ചൂണ്ടിക്കാട്ടുന്നു. പച്ചനിറവും ദുർഗന്ധവുമുള്ള വെള്ളം ഉപയോഗിക്കരുതെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
വെള്ളത്തിന്റെ നിലവാരമില്ലായ്മയെക്കുറിച്ച് നിരവധി തവണ ജനങ്ങൾ പരാതിപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. വെള്ളം കണ്ടാൽ തന്നെ ഇത് അശുദ്ധമാണെന്ന് മനസിലാകുമെന്നും ജനങ്ങൾക്കിടയിൽ സുരക്ഷിതത്വമില്ലായ്മയും സംശയങ്ങളും ഉടലെടുത്തിട്ടുണ്ടെന്നും ഹരാരെ റസിഡന്‍സ് ട്രസ്റ്റിന്റെ സ്ഥാപകയും കോർഡിനേറ്ററുമായ പ്രഷ്യസ് ഷുമ്പ പറഞ്ഞു.
ഈ വെള്ളം കുടിച്ച് എന്തെങ്കിലും അസുഖം വരുമോയെന്ന ആശങ്കയിലാണ് ജനങ്ങളെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ നഗരത്തില്‍ വിതരണം ചെയ്യുന്ന വെള്ളം പൂർണമായും സുരക്ഷിതമാണെന്ന നിലപാടാണ് മേയർ ഹെർബർട്ട് ഗോമ്പ സ്വീകരിച്ചിട്ടുള്ളത്. വെള്ളം ശുദ്ധീകരിക്കാനായി പ്രതിമാസം നഗരസഭ മുപ്പത് ലക്ഷം ഡോളർ ചെലവിടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പൈപ്പ് വെള്ളം സുരക്ഷിമല്ലെന്ന വാർത്ത പരന്നതോടെ പലരും കുഴൽക്കിണറുകളെയാണ് ആശ്രയിക്കുന്നത്. പലരും മണിക്കൂറുകൾ വരി നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.
പൈപ്പ് വെള്ളം കുടിച്ച് പലരും ആശുപത്രിയിലായ റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. പൈപ്പ് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Mil­lions at risk after tox­ins found in Harare water sup­ply, study finds.Unpublished report claims water from con­t­a­m­i­nat­ed reser­voir leaves 3 mil­lion in Zimbabwe’s cap­i­tal at risk of disease