പശുക്കളുടെ വിപണനത്തിനായി ‘മില്‍മ’ മൊബൈല്‍ ആപ് പുറത്തിറക്കും, തിരുവനന്തപുരത്ത് മില്‍മ എടിഎമ്മും

സ്വന്തം ലേഖകന്‍

കൊല്ലം

Posted on January 16, 2020, 10:24 pm

കേരളം കണികണ്ടുണരുന്ന ‘നന്മ’ ഇനി പശു വിപണന മേഖലയിലേയ്ക്കും. ഇതിനായി ‘മില്‍മ കൗ ബസാര്‍’ എന്ന പേരിലുള്ള മൊബൈല്‍ ആപ് ‘മില്‍മ’ ഉടന്‍ പുറത്തിറക്കും. കര്‍ഷകര്‍ തമ്മിലുള്ള കറവമൃഗങ്ങളുടെ കൈമാറ്റം സുഗമമാക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കുന്നതിനുമായാണ് ഈ ബസാര്‍ ആരംഭിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങുന്ന കര്‍ഷകര്‍ തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് ‘മില്‍മ’ ഈ രംഗത്തേക്ക് കടക്കുന്നതെന്ന് തിരുവനന്തപുരം മേഖല ചെയര്‍മാന്‍ കല്ലട രമേശ് അറിയിച്ചു.

കര്‍ഷകര്‍ക്ക് അധിക വരുമാനസ്രോതസിനുതകുന്ന പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും മില്‍മ ഒരുങ്ങുന്നു. ‘ഹരിത മില്‍മ’ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മേഖലാ യൂണിറ്റിന്റെ കീഴില്‍ 11 ഗ്രൂപ്പുകളെ ഇതിനായി സജ്ജമാക്കും. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി മില്‍ക്ക് എടിഎമ്മുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലെ തിരഞ്ഞെടുത്ത അഞ്ച് കേന്ദ്രങ്ങളിലാണ് ഇവ സജ്ജീകരിക്കുക. മില്‍മ വില്‍പ്പന നടത്തുന്ന പാലിന്റെ ഒഴിഞ്ഞ കവറുകള്‍ തിരികെ എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ കേരള കമ്പനിയുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.

ഗ്രാമതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബള്‍ക്ക് മില്‍ക്ക് ചില്ലിംഗ് സെന്ററുകള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍, ക്ഷീരകര്‍ഷകര്‍ക്ക് കറവ മൃഗങ്ങളെ വാങ്ങുവാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ചേര്‍ന്ന് മിതമായ പലിശ നിരക്കില്‍ വായ്പാ പദ്ധതി, ഉല്‍പ്പന്ന വൈവിദ്ധ്യവല്‍ക്കരണം, ക്ഷീരസംഘം ഭാരവാഹികള്‍ക്ക് ഗുജറാത്തിലെ ‘ആനന്ദി‘ല്‍ പരിശീലന പരിപാടി തുടങ്ങിയ പദ്ധതികളും ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് കല്ലട രമേശ് അറിയിച്ചു.

you may also like this video;