മലബാര്‍ മില്‍മയുടെ ഗോൾഡൻ മിൽക്കും; ഗോൾഡൻ മിൽക്ക് മിക്‌സും വിപണിയിലിറക്കി

Web Desk
Posted on August 29, 2020, 5:06 pm

മില്‍മ, മലബാര്‍ മേഖലാ യൂണിയന്‍ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹകരണത്തോടെ ‘ഗോള്‍ഡന്‍ മില്‍ക്കും’, ‘ഗോള്‍ഡന്‍ മില്‍ക്ക്‌ മിക്‌സും’ വിപണിയിലിറക്കി. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ഇഞ്ചി, മഞ്ഞള്‍, കറുവപ്പട്ട എന്നീ സുഗന്ധ വ്യഞ്‌നങ്ങളുടെ രാസഘടകങ്ങള്‍ പാലിലെ പ്രോട്ടീനുമായി ചേര്‍ത്ത്‌ കഴിച്ചാല്‍ ഉയര്‍ന്ന രോഗ പ്രതിരോധശേഷി ലഭിക്കുമെന്നും, സുഗന്ധ ദ്രവ്യങ്ങളിലെ ബയോ ആക്‌ടീവുകള്‍ ശരിയായ രീതിയില്‍ ശാസ്‌ത്രീയമായി വേര്‍തിരിച്ച്‌ ശുദ്ധമായ പാലിന്റെ ഘടകങ്ങളുമായി ചേര്‍ത്ത്‌ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മനുഷ്യ ശരീരത്തില്‍ വേണ്ടത്ര ആഗിരണം ചെയ്യുപ്പെടുമെന്നും ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ അനുബന്ധ സ്ഥാപനമായ കോഴിക്കോട്‌ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രഞ്‌ജരുടെ കണ്ടെത്തലാണ്‌ പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന്‌ വഴിതെളിച്ചത്‌. ഭാരതത്തിലെ പ്രമുഖ ഗവേഷണ കേന്ദ്രമാണ്‌ കേരളത്തില്‍ കോഴിക്കോട്‌ പ്രവര്‍ത്തിക്കുന്ന ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം.

കോവിഡ്‌ മാനദണ്‌ഡങ്ങള്‍ പാലിച്ചുകൊണ്ട്‌ തിരുവനന്തപുരം കെ.ടി.ഡി.സി മസ്‌കറ്റ്‌ ഹോട്ടലില്‍വെച്ച്‌ സംഘടിപ്പിച്ച ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്സ്‌ സുനില്‍കുമാര്‍ വീഡീയോ കോണ്‍ഫറന്‍സ്‌ വഴി അദ്ധ്യക്ഷത വഹിച്ചു. മില്‍മ ‘ഗോള്‍ഡന്‍ മില്‍ക്ക്‌ മിക്‌സിന്റെ’ വിപണനോദ്‌ഘാടനം ക്ഷീരവികസന, മൃഗസംരക്ഷണ, വനം, വന്യജീവി, മൃഗശാല വകുപ്പ്‌ മന്ത്രി അഡ്വ: കെ. രാജു മുന്‍ കേരള നിയമസഭ സ്‌പീക്കറായ കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാറിന്‌്‌ നല്‍കികൊണ്ടും മില്‍മ ‘ഗോള്‍ഡന്‍ മില്‍ക്കി’ന്റെ വിപണനോദ്‌ഘാടനം കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍മാസ്റ്റര്‍ക്ക്‌ നല്‍കികൊണ്ടും നിര്‍വ്വഹിച്ചു. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സ്‌ വിഭാഗം ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറല്‍ ഡോ. ആനന്ദ്‌ കുമാര്‍ സിങ്‌ പുതിയ ഉല്‍പ്പന്നങ്ങള്‍ വീഡീയോ കോണ്‍ഫറന്‍സ്‌ വഴി പരിചയപ്പെടുത്തി.

you may also like this video