മില്‍മ ഇനി പുതിയ രൂപത്തിലും ഭാവത്തിലും

Web Desk
Posted on November 26, 2018, 3:20 pm

കൊച്ചി: അടുത്ത മാസം മുതൽ മിൽമ പുതിയ പാക്കറ്റിൽ പുറത്തിറങ്ങും. പാക്കറ്റുകൾക്ക് പുതുമ നൽകുന്നതിനും പെട്ടെന്ന് തിരിച്ചറിയുന്നതിനുമാണ് പാൽ പാക്കറ്റുകളുടെ ഡിസൈൻ മാറ്റുന്നതെന്ന് മിൽമ മാനേജിങ് ഡയറക്ടർ ഡോ. പി പുകഴേന്തി പറഞ്ഞു. ഇനി കടും നീല നിറത്തിൽ ഹോമോജനൈസ്ഡ് ടോൺഡ് പാലായിരിക്കും ലഭിക്കുക. ഇളം നീല നിറത്തിൽ നോൺ  ഹോമോജനൈസ്ഡ് ടോൺഡ് പാലും, ഓറഞ്ച് നിറത്തിൽ 35 ശതമാനം കൊഴുപ്പുള്ള പ്രൈഡ് പാലും, കടും പച്ചനിറത്തിൽ സ്റ്റാൻഡയസ്ഡ് പാലുമായിരിക്കും ലഭിക്കുക. ആധുനീക സാങ്കേതിക വിദ്യഉപയോഗിച്ച് മിൽമയുടെ മലബാർ മേഖല യൂണിയൻ പുറത്തിറക്കുന്ന മിൽമ  ലോങ്ങ് ലൈഫ് പാലിന്റെ വിപണന ഉത്‌ഘാടനം എറണാകുളം ഠൗൺ ഹാളിൽ നടന്ന ചടങ്ങിൽ ക്ഷീര വികസനവകുപ്പ് മന്ത്രി കെ രാജു മിൽമ ചെയർ മാൻ പി ടി ഗോപാലക്കുറുപ്പിന് നൽകി നിർവഹിച്ചു .

90 ദിവസം വരെ സൂക്ഷിക്കാൻ കഴിയുന്ന 500 എം എൽ പാലിന് 23 രൂപയാണ് വില എറണാകുളം മേഖല യൂണിയൻ ഇറക്കുന്ന മിൽമ ലസിയും ചടങ്ങിൽ പുറത്തിറക്കി. പൈനാപ്പിൾ, മാങ്കോ രുചികളിൽ പുറത്തിറങ്ങുന്ന ലസിയുടെ എംഎൽ കുപ്പിക്ക് 25 രൂപയാണ് വില പാൽ തിളപ്പിക്കുമ്പോൾ നഷ്ടമാകുന്ന വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവ ഫോർട്ടിഫിക്കേഷൻ എന്ന പ്രക്രിയയിലൂടെ പുനഃസ്ഥാപിക്കാനുള്ള പദ്ധതി മിൽമ തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതി ലോകബാങ്ക്, ടാറ്റ ട്രസ്റ്റ്, ക്ഷീര വികസന ബോർഡ് എന്നിവരുടെ സഹായത്തോടെ ആയിരിക്കും നടപ്പിലാക്കുക. മിൽമ വിൽക്കുന്ന മുഴുവൻ പാലും ഫോർട്ടിഫൈ  ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ഡോ.പി പുകഴേന്തി പറഞ്ഞു. ഈ പദ്ധതിക്ക് ആവശ്യമായ ഫോർട്ടിഫിക്കൻഡ് ആദ്യത്തെ ആറു മാസത്തേയ്ക്ക് ടാറ്റ ട്രസ്റ്റ് സൗജന്യമായി നൽകും. പിന്നീട് ആറുമാസത്തേക്ക് ഫോർട്ടിഫിക്കൻഡ് പകുതി വിലയ്ക്ക് നൽകും. പടത്തി കാലാവധി കഴിഞ്ഞാൽ ഫോർട്ടിഫിക്കൻഡ് വില ഫെഡറേഷനോ, യൂണിയനോ വഹിക്കേണ്ടിവരും. ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ചു മികച്ച ക്ഷീരസംഘത്തിനും, ക്ഷീരകർഷകനും ഉള്ള അവാർഡുകൾ മന്ത്രി കെ രാജു സമ്മാനിച്ചു. പാലക്കാട് ജില്ലയിലെ മേനോൻപാറയിലെ ക്ഷീരോത്പാദന സഹകരണസംഘത്തിനും പാലക്കാട് ജില്ലയിലെ തന്നെ പര ശിക്കൽ സംഘത്തിലെ എ സെൽവരാജിനെ മികച്ച കർഷകനായും തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ് .