18 April 2024, Thursday

ക്ഷീര കർഷകർക്ക് മിൽമയുടെ വിഷു കൈനീട്ടമായി 14.8 കോടി

Janayugom Webdesk
കോഴിക്കോട്
April 12, 2022 10:06 pm

ക്ഷീര കർഷകർക്ക് മിൽമയുടെ വക വിഷു കൈനീട്ടമായി 14.8 കോടി രൂപ നൽകുന്നു. മലബാറില 1200 ക്ഷീര സംഘങ്ങളിലായി പാലളക്കുന്ന ക്ഷീര കർഷകർക്കാണ് അധിക പാൽ വിലയായി മലബാർ മിൽമയുടെ വിഷു സമ്മാനം. മാർച്ചിലെ പാലിന് അധിക വിലയായി ഈ തുക നൽകും. ഇതോടെ മലബാറിലെ ക്ഷീര കർഷകർക്ക് ലിറ്ററിന് നാല് രൂപ അധിക വില ലഭിക്കും.

മൂന്നു രൂപ മിൽമ മലബാർ മേഖലാ യൂണിയനും ഒരു രൂപ സംസ്ഥാന ഫെഡറേഷനുമാണ് നൽകുന്നത്. മലബാർ മിൽമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക വിഷുക്കാലത്ത് ക്ഷീര കർഷകർക്ക് നൽകുന്നതെന്ന് മിൽമ ചെയർമാൻ കെ എസ് മണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോവിഡിനെ അതിജീവിച്ച് നാട് വീണ്ടും സജീവമാകുന്ന വേളയിൽ മിൽമ നൽകുന്ന സഹായം ക്ഷീര കർഷകർക്ക് ഏറെ ഗുണപ്രദമാകും. ഇന്ന് രാജ്യത്ത് കർഷകർക്ക് ഏറ്റവും ഉയർന്ന പാൽ വില നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും ചെയർമാൻ പറഞ്ഞു.

നിലവിൽ നൂറു കോടിയോളം രൂപ പ്രതിമാസം മലബാർ മിൽമ ക്ഷീര കർഷകർക്ക് പാൽവിലയായി നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ഡോ. പി മുരളി, കെ സി ജെയിംസ്, എൻ കെ പ്രേംലാൽ, ഒ ജോർജ്ജ് കുട്ടി ജേക്കബ് എന്നിവരും സംബന്ധിച്ചു.

പുതിയ ഉല്പന്നങ്ങള്‍ വിപണിയില്‍

കോവിഡ് ഭീതി മാറി വിപണി ഉണർന്നതോടെ പുതിയ ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി മിൽമ ചക്കപ്പായസം മിക്സ്, ബട്ടർ റസ്ക് എന്നിവ വിപണിയിലിറക്കി. റെഡി ടു ഈറ്റ് രൂപത്തിലുള്ള പനീർ ബട്ടർ മസാല ട്രയൽ മാർക്കറ്റിങും ആരംഭിച്ചു. വൈകാതെ ഈ ഉല്പന്നവും വിപണിയിൽ എത്തും.

Eng­lish sum­ma­ry; Mil­ma’s Rs 14.8 crore to dairy farmers

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.