Web Desk

തിരുവനന്തപുരം

July 11, 2021, 9:34 pm

ഫിഷറീസ് വകുപ്പിന്റെ ‘മിമി’ റെഡി; ഇനി വീട്ടുപടിക്കൽ മീനെത്തും

Janayugom Online

വാങ്ങുന്ന മത്സ്യത്തിന്റെ പൂര്‍ണവിവരങ്ങള്‍ ഉപഭോക്താക്കള്‍ക്കെത്തിക്കുന്ന മിമി ഫിഷ് എന്ന മൊബൈല്‍ ആപ്പിലൂടെ മത്സ്യത്തിന്റെ ചില്ലറ വില്പന ആരംഭിക്കാന്‍ ഫിഷറീസ് വകുപ്പ് ഒരുങ്ങുന്നു.

മത്സ്യത്തിനും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കുമായി സംസ്ഥാനത്തുടനീളം വില്പനശാലകളും ഓണ്‍ലൈന്‍ ഹോം ഡെലിവറി സംവിധാനവുമാണ് ഇതു വഴി ഒരുങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സമീപത്തുള്ള മിമി സ്റ്റോര്‍ വഴിയോ മിമി മൊബൈല്‍ ആപ്പ് വഴിയോ മത്സ്യം വാങ്ങാം. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌സിഎഡിസി) യുടെ സാമൂഹ്യസാമ്പത്തിക പദ്ധതിയുടെ ഭാഗമായാണ് പരിവര്‍ത്തനം എന്ന പദ്ധതിക്കു കീഴില്‍ ഈ സംരംഭം നടപ്പാക്കുന്നത്. കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് പദ്ധതി.

പച്ചമീന്‍, ഉണക്കമീന്‍, മീന്‍ കറി, മീന്‍ അച്ചാറുകള്‍ എന്നിവയാണ് തുടക്കത്തില്‍ വില്പനയ്ക്കെത്തിക്കുന്നത്. കൂടുതല്‍ മൂല്യവര്‍ധിത ഉല്പന്നങ്ങളും ഉടന്‍ വിപണിയിലെത്തും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ആദ്യം മിമി ഫിഷിന്റെ സേവനങ്ങള്‍ ലഭ്യമാവുകയെന്ന് പരിവര്‍ത്തനം പദ്ധതി ചീഫ് ഓഫ് ഓപ്പറേഷന്‍സ് റോയ് നാഗേന്ദ്രന്‍ പറഞ്ഞു. വരും നാളുകളില്‍ എല്ലാ ജില്ലകളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും മിമി ഫിഷിന്റെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സ്യബന്ധനമേഖലയുടെ ഉന്നമനത്തിനു വേണ്ടി സംസ്ഥാന ഫിഷറീസ് വകുപ്പ് വിഭാവനം ചെയ്ത പരിവര്‍ത്തനം എന്ന ഈ പദ്ധതിയിലൂടെ അനുബന്ധ മേഖലകള്‍ക്കും ഗുണമുണ്ടാകും. ഹരിത സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതിയെന്നതിനാല്‍ പരമ്പരാഗത മത്സ്യബന്ധനമേഖലയ്ക്ക് സുസ്ഥിരമായ രീതികള്‍ തുടരാന്‍ സാധിക്കും. സംരംഭത്തിന്റെ തുടക്കമെന്ന നിലയില്‍ മിമി ഫിഷിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും.

മത്സ്യം എവിടെ നിന്ന് വലയിൽ വീണെന്നുമറിയാം

കടലിന്റെ ഏതു ഭാഗത്തുനിന്നു വലയില്‍ വീണ മത്സ്യമെന്നത് മുതല്‍ മത്സ്യബന്ധനത്തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരമടക്കം ഉപഭോക്താക്കള്‍ക്ക് അറിയാനാകും. മിമി ഫിഷുമായി സഹകരിക്കുന്ന എല്ലാ ബോട്ടുകളിലും റേഡിയോ ഫ്രീക്വന്‍സി ഉപയോഗിക്കുന്ന ഐസ് പെട്ടികളാണ് നല്‍കുന്നത്. അതിനാല്‍ മത്സ്യം പിടിച്ച ദിവസം, സമയം, സ്ഥലം, വള്ളത്തിന്റെയും തൊഴിലാളികളുടെയും വിവരങ്ങള്‍ എന്നിവ ലഭ്യമാകും. മത്സ്യം എവിടെ നിന്നു വന്നുവെന്നതിന്റെ 100 ശതമാനം വിവരങ്ങളും ഇതോടെ ലഭിക്കും.

ഹോംഡെലിവറിക്കായി പഠനം മുടങ്ങിയ ബിരുദ വിദ്യാർത്ഥികള്‍

എന്‍ജിനീയറിങ് ആര്‍ട്സ് ആന്റ് സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികളില്‍ ഇടയ്ക്ക് വച്ച് പഠനം മുടങ്ങിയവരെയാണ് ഹോം ഡെലിവറിക്കായി നിയോഗിക്കുന്നത്. അതോടൊപ്പം അവര്‍ക്ക് വേണ്ട അക്കാദമിക പരിശീലനം നല്‍കുകയും ബിരുദപഠനം പൂര്‍ത്തിയാക്കുന്നതിന് സഹായിക്കുകയും ചെയ്യാനാണ് പദ്ധതി. കരയിലെത്തുന്ന സമയം കണക്കാക്കാതെ തന്നെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നിശ്ചിത വില ലഭിക്കാനും പരിവര്‍ത്തനം പദ്ധതിയില്‍ ലക്ഷ്യമിടുന്നു. ഇതോടെ കരയിലെത്താന്‍ വേഗം കൂട്ടി ബോട്ട് ഓടിക്കേണ്ട അവസ്ഥ ഇല്ലാതാകുകയും ഇന്ധനച്ചെലവ് 70 ശതമാനംവരെ കുറയ്ക്കാനും സാധിക്കുന്നു.

സംഭരണവും പാക്കിങും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച്

ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അതീവ ശ്രദ്ധ നല്‍കുന്ന മിമി ഫിഷിന്റെ സംഭരണം, സംസ്കരണം, പാക്കിങ്, മുതലായവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. യാതൊരുതരത്തിലുള്ള രാസവസ്തുക്കള്‍ ഉല്പന്നങ്ങളില്‍ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും.

യൂറോപ്യന്‍ യൂണിയന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്കരണം, സൂക്ഷിക്കല്‍ മുതലായവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പിടിച്ച മത്സ്യത്തെ ഉടനെ തന്നെ ശീതീകരണ സംവിധാനത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ഡിസി കറന്റ് മുഖേനയാണ് മിമി സ്റ്റോറുകളിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. വൈദ്യുത തടസ്സം ഉണ്ടായാല്‍ പോലും മീന്‍ കേടുകൂടാതെയിരിക്കും. വൈദ്യുതി ലഭിക്കാത്തയിടങ്ങളില്‍ സൗരോര്‍ജ്ജവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ശീതീകരണ സംവിധാനത്തില്‍ തടസമില്ലാതെ വൈദ്യുതി ലഭിക്കും.

എലി, മറ്റ് ക്ഷുദ്രജീവികള്‍ മുതലായവയുടെ ശല്യം ഗോഡൗണിലും മിമി സ്റ്റോറുകളിലും ഉണ്ടാകാതിരിക്കാനുള്ള സെന്‍സര്‍ സംവിധാനവും ഉണ്ടാകും. മിമി ഉല്പന്നങ്ങള്‍ മാത്രമേ സ്റ്റോറുകള്‍ വഴി വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താന്‍ സിസിടിവി സംവിധാനവും ഒരുക്കും. അത്യാധുനിക രീതിയില്‍ പ്രത്യേകം തയ്യാര്‍ചെയ്ത വാഹനങ്ങളിലാണ് ഹോം ഡെലിവറി സംവിധാനം. എല്ലാ കാലാവസ്ഥയിലും ഗുണമേന്മ കാത്തു സൂക്ഷിക്കാന്‍ സാധിക്കും.

Eng­lish sum­ma­ry: Mimi mobile app by Fish­eries department

You may also like this video: