ആളുകളുടെ എണ്ണം നിയന്ത്രിച്ചും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സ്റ്റേജ് പരിപാടികൾ നടത്താൻ സർക്കാർ അനുവാദം നൽകണമെന്ന് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ(മാ). ഭാഗികമായും പൂർണമായും മറ്റു തൊഴിലിടങ്ങൾ പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിലും സ്റ്റേജ് കലാകാരന്മാരുടെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും വെള്ളപൊക്കം കാരണം സ്റ്റേജ് പരിപാടികൾ മാറ്റിവെച്ചു. മറ്റുജോലികൾ ചെയ്തു ജീവിക്കാൻ സാധിക്കുന്നവർ ആ വഴി തേടാൻ ശ്രമിക്കുന്നുവെങ്കിലും വൈദഗ്ധ്യമില്ലായ്മ അവിടെയും പ്രശ്നമാകുന്നുവെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. അതിനാൽ ആഘോഷങ്ങളില്ലാതെ ഉത്സവം നടത്താം എന്ന ദേവസ്വംബോർഡിന്റെ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും സ്റ്റേജ് പരിപാടികൾ നടത്താൻ അനുവദിക്കണമെന്നും മാ പ്രസിഡന്റ് നാദിർഷാ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നാടക അക്കാദമി മിമിക്രിയെ കലയായി അഗീകരിക്കാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളോ അംഗീകാരങ്ങളോ ലഭിക്കുന്നില്ല. ചിലരുടെ ബോധപൂർവമായ ശ്രമം കാരണം മിമിക്രിയെ അക്കാദമിയിൽ നിന്നും പുറന്തള്ളുകയായിരുന്നെന്നും ഭാരവാഹികൾ ആരോപിച്ചു.
മിമിക്രി കലാകാരന്മാർക്ക് ഇൻഷുറൻസോ, സാമ്പത്തിക സഹായമോ ഏർപ്പെടുത്തുക. സർക്കാർ ആനുകൂല്യത്തോടെ വായ്പ്പാ സൗകര്യം. ഓഡിറ്റോറിയങ്ങളിൽ സർക്കാർ പറയുന്ന അളവിൽ ആളുകളെ കയറ്റി ചെറിയ പരിപാടികൾ അവതരിപ്പിക്കാനുള്ള അനുവാദം നൽകുക. ദൂരദർശനിൽ ഒരു പരിപാടി അവതരിപ്പിക്കാനുള്ള സമയം അനുവദിക്കുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ട് വച്ചു. പത്രസമ്മേളനത്തിൽ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് നാദിർഷാ, സെക്രട്ടറി കലാഭവൻ പ്രസാദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, സാജു നവോദയ എന്നിവർ പങ്കെടുത്തു.
English summary; Mimicry Artist Association
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.