സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി എല്ലാ മേഖലയിലും ഉറപ്പാക്കണം: കെ പി രാജേന്ദ്രന്‍

Web Desk
Posted on December 17, 2019, 6:53 pm

ആലപ്പുഴ: ra സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി എല്ലാ മേഖലകളിലും ഉറപ്പാക്കണമെന്ന് എ ഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ . ആലപ്പുഴയില്‍ ആരംഭിച്ച സി ഐ ടി യു സംസ്ഥാനസമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിമം കൂലി കേരളത്തില്‍ അറുന്നൂറ് രൂപയായി പ്രഖ്യാപിച്ചത് ചരിത്ര സംഭവമാണ്. ഇത് സര്‍ക്കാരിന് മികച്ച ജനകീയ പിന്തുണ ലഭ്യമാക്കി. എന്നാല്‍ ചില മേഖലകളില്‍ ഇപ്പോഴും ഇത് നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. കശുവണ്ടി മേഖലയിലടക്കം തൊഴിലുടമകള്‍ മിനിമം കൂലി നല്‍കാതെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി ധിക്കാരത്തോടെയാണ് പെരുമാറുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം . എച്ച് എന്‍ എല്‍ എന്ന പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്തതോടെ കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീതാണ് സംസ്ഥാനം നല്‍കിയത്.

അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. എല്‍ ഡി എഫ് സര്‍ക്കാര്‍ തൊഴിലാളികളുടെ സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തൊക്കെ നഷ്ടമുണ്ടായാലും ഐ എന്‍ ടി യു സി തൊഴിലാളി ഐക്യത്തിനായി നിലയുറപ്പിക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. രാജ്യം ഇത് വരെ കാണാത്ത സാഹചര്യമാണ് നിലവിലുള്ളത്. വര്‍ഗ്ഗീയത വന്‍തോതില്‍ വര്‍ധിക്കുകയാണ്. വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ തൊഴിലാളികള്‍ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.