November 29, 2022 Tuesday

Related news

May 3, 2021
April 6, 2021
March 23, 2021
February 23, 2021
February 21, 2021
October 23, 2020
September 26, 2020
September 18, 2020

പൊലീസ് ആക്ടില്‍ ഭേദഗതി; രമേശ് ചെന്നിത്തലയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; മന്ത്രി എ കെ ബാലന്‍

Janayugom Webdesk
തിരുവനന്തപുരം
October 23, 2020 9:52 pm

കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയ നടപടി മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി എ കെ ബാലന്‍. മാധ്യമങ്ങളെ നിയന്ത്രിക്കാനല്ല, പൗരന്മാരുടെ അന്തസിനെയും അഭിമാനത്തെയും സംരക്ഷിക്കാനാണ് 2011 ലെ കേരള പോലീസ് ആക്ടില്‍ പതിനെട്ട് അ വകുപ്പ് കൂട്ടിച്ചേര്‍ത്ത് ഭേദഗതി ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ അടക്കമുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ വഴി ആരെയും എങ്ങനെയും ആക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും വലിയ ശ്രമങ്ങള്‍ നടക്കുകയാണ്. അത്തരം നിരവധി അനുഭവങ്ങള്‍ സമീപകാലത്തുണ്ടായി. സ്ത്രീകള്‍ക്ക് കടുത്ത മാനസികവിഷമം ഉണ്ടാക്കുന്ന രീതിയിലും കുടുംബത്തിനുള്ളില്‍ തല ഉയര്‍ത്തിനില്‍ക്കാന്‍ കഴിയാത്ത രൂപത്തിലും സമൂഹമാധ്യമത്തിലൂടെ ആക്ഷേപങ്ങള്‍ ചൊരിയുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ നിലവിലുള്ള നിയമത്തിലെ അപര്യാപ്തത മൂലം കഴിയുന്നില്ല. ഇത് നിയമം കയ്യിലെടുക്കാന്‍ ഇരകളെ പ്രേരിപ്പിക്കുന്നു. സമീപകാല സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്. കുറ്റകൃത്യങ്ങളില്‍ ശിക്ഷ നല്‍കാന്‍ വ്യവസ്ഥയില്ലാതെ വരികയും അത് മൂലം നിയമം കയ്യിലെടുക്കുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കും. ഒരു സര്‍ക്കാരിന് ഇത്തരമൊരു സാഹചര്യത്തെ കയ്യുംകെട്ടി നോക്കിനില്‍ക്കാനാകില്ല. പ്രതിപക്ഷ നേതാവ് ഇക്കാര്യം മനസിലാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു

അശ്ലീലഭാഷ ഉപയോഗിച്ച് അസത്യപ്രചാരണവും ആക്ഷേപവും നടത്താന്‍ തങ്ങള്‍ക്കു അവകാശമുണ്ടെന്നാണ് പലരും കരുതുന്നത്. അത്തരം സംഭവങ്ങളില്‍ ശിക്ഷ ഉറപ്പാക്കാനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയത്. നിലവിലുള്ള നിയമങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമാണെന്ന പ്രതിപക്ഷനേതാവിന്‍റെ ധാരണ തെറ്റാണ്. സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ ജയിലിലടക്കുമെന്നത് പ്രതിപക്ഷനേതാവിന്‍റെ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 2000 ലെ ഐ ടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം കംപ്യൂട്ടര്‍ സംവിധാനങ്ങളിലൂടെ വ്യക്തിയെ ആക്ഷേപിക്കുന്ന സംഭവങ്ങളില്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു. 66 എ വകുപ്പിന് സമാനമായി കേരള പോലീസ് ആക്ടില്‍ 118(റ) വകുപ്പ് ഉണ്ടായിരുന്നു. 2015 ല്‍ ശ്രേയ സിംഗാള്‍ യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ 66 എ വകുപ്പും കേരള പോലീസ് ആക്ടിലെ 118 (റ) വകുപ്പും സുപ്രീം കോടതി റദ്ദാക്കി. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് എതിരാണെന്ന കണ്ടെത്തലിലാണ് വകുപ്പ് റദ്ദാക്കിയത്. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരെയും എന്തും പറയാമെന്ന അവസ്ഥ സംജാതമായി. അശ്ളീല ഭാഷ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നത് സര്‍വസാധാരണമായിരിക്കുകയാണ്. ഇത് നമ്മുടെ സംസ്കാരത്തിനും സമാധാനത്തിനുമെതിരായ വെല്ലുവിളിയായി മാറുകയാണ്. ഇതിന് കടിഞ്ഞാണിടേണ്ടത് ആവശ്യമാണ്. പോലീസ് ആക്ടിലെ 118 എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിനു പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

118 എ താഴെ പറയും പ്രകാരമാണ്. ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യം നിര്‍മിക്കുകയോ പ്രകടിപ്പിക്കുകയോ ഏതെങ്കിലും വിനിമയോപാധിയിലൂടെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവോ 10000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയാണ് ഭേദഗതി. ഇത് മാധ്യമങ്ങള്‍ക്കെതിരെയുള്ള ആക്രമണമാകുന്നതെങ്ങനെ? ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷ വേണ്ടെന്നാണോ പ്രതിപക്ഷനേതാവ് ആഗ്രഹിക്കുന്നത്? മതിയായ ഭേദഗതി വരുത്തി ഈ സമൂഹവിരുദ്ധ പ്രവൃത്തി നിയന്ത്രിക്കുക എന്ന സദുദ്ദേശ്യമാണ് സര്‍ക്കാരിനുള്ളത്.

Eng­lish sum­ma­ry: Min­is­ter A K Bal­an on Police Act
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.