Web Desk

തിരുവനന്തപുരം

June 21, 2021, 8:12 pm

പരീക്ഷണം വിജയിച്ചാല്‍ അടുത്ത വര്‍ഷം കെഎസ്‌ആര്‍ടിസി 400 എല്‍എന്‍ജി ബസുകള്‍ പുറത്തിറക്കും: മന്ത്രി ആന്റണി രാജു

Janayugom Online

അന്തരീക്ഷമലിനീകരണം ഒഴിവാക്കി ചിലവ് കുറച്ച്‌ സര്‍വ്വീസ് നടത്താനാണ് കെഎസ്‌ആര്‍ടിസി ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍എന്‍ ജി എയര്‍ കണ്ടീഷന്‍ ബസ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സര്‍വ്വീസുകള്‍ വിജയകരമായാല്‍ ഘട്ടം ഘട്ടമായി കെഎസ്‌ആര്‍ടിസി ബസുകള്‍ എല്‍എന്‍ജിയിലേക്കും , സിഎന്‍ജിയിലേക്കും മാറും. ഇന്ധനവില ഓരോ നിമിഷവും കുതിച്ചുയരുമ്ബോള്‍ ചിലവ് കുറയ്ക്കാനാണ് ഡീസല്‍ ബസുകള്‍ എല്‍എന്‍ജി, സിഎന്‍ജി എന്നിവയിലേക്ക് മാറ്റുന്നത്. 400 ബസുകള്‍ എല്‍എന്‍ജിയിലേക്കും, 3000 ബസുകള്‍ സിഎന്‍ജിയിലേക്കും മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

400 ബസുകള്‍ എല്‍എന്‍ജിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി സര്‍വ്വീസുകളുടെ നിലവാരം ഇപ്പോള്‍ പരിശോധിച്ച്‌ വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു . 3 മാസത്തെ താല്‍ക്കാലിക പെര്‍മിറ്റ് എടുത്തിട്ടാണ് പെട്രോനെറ്റിന്റെ രണ്ട് എല്‍ എന്‍ ജി ബസുകള്‍ സാങ്കേതികം-സാമ്ബത്തിക സാധ്യതാ പഠനം നടത്തുന്നത്. ഒരു മാസത്തിന് ശേഷം മൂന്നാര്‍ പോലെയുള്ള മലയോര്‍ റൂട്ടുകളില്‍ ആറ് ടണ്‍ വഹിച്ചുള്ള സര്‍വ്വീസും പരിശോധിക്കും ഇതിന് ശേഷം പെട്രോനെറ്റിലേയും , കെഎസ്‌ആര്‍ടിസിയിലയും എഞ്ചിനീയര്‍മാരുടെ പരിശോധനയ്ക്ക് ശേഷം തീരുമാനം കൈക്കൊള്ളുമെന്നും സിഎംഡി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു സംരംഭം.

ചടങ്ങില്‍ പെട്രോനെറ്റ് സിജിഎം & വൈസ് പ്രസിഡന്റ് യോഗാനന്ദ റെഡ്ഡിയും സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസും ചേര്‍ന്ന് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ചടങ്ങില്‍ എക്സിക്യട്ടീവ് ഡയറക്ടര്‍ ( ഓപ്പറഷന്‍ ) ആര്‍ . ചന്ദ്രബാബു, കെഎസ്‌ആര്‍ടിഇഎ — സിഐടിയു സംസ്ഥാന സെക്രട്ടറി വി , ശാന്തകുമാര്‍ , ടി ഡിഎഫ് സംസ്ഥാന സെക്രട്ടറി, ഡി അജയകുമാര്‍ , കെ എസ് റ്റിഇ എസ് — ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍ രാജേഷ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ( സൗത്ത് സോണ്‍ ) ജി , അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry : min­is­ter antony raju on ksrtc lng buses

You may also like this video :