ജാദവ്പുര്‍ സംഘര്‍ഷം: പത്ര ഓഫീസില്‍ വിളിച്ച് കേന്ദ്രമന്ത്രിയുടെ അസഭ്യവര്‍ഷം

Web Desk
Posted on September 22, 2019, 9:50 pm

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയിലുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്ര ഓഫീസില്‍ വിളിച്ച് കേന്ദ്രമന്ത്രിയുടെ തെറിവിളി. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ ആണ് ദി ടെലഗ്രാഫ് പത്രത്തിന്റെ ഓഫീസില്‍ വിളിച്ച് എഡിറ്ററോട് അപമര്യാദയായി സംസാരിച്ചത്.

വ്യാഴാഴ്ചയാണ് കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാല ക്യാംപസില്‍ സംഘര്‍ഷമുണ്ടായത്. മന്ത്രി എബിവിപിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. ഒരു വിദ്യാര്‍ഥിയുടെ വസ്ത്രം പിടിച്ചുവലിക്കുന്ന മന്ത്രിയുടെ ചിത്രമാണ് ദി ടെലഗ്രാഫ് വെള്ളിയാഴ്ച ഒന്നാം പേജില്‍ കൊടുത്തത്. ബാബുള്‍ അറ്റ് ജെയു എന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയത്. ഇത് രണ്ടുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
താന്‍ വിദ്യാര്‍ഥിയെ ആക്രമിച്ചുവെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തുവെന്ന് മന്ത്രി പത്രാധിപര്‍ ആര്‍ രാജഗോപാലിനെ വിളിച്ച് പറഞ്ഞു. ഇക്കാര്യത്തില്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പരാതി നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ പത്രം അങ്ങനെ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും മാപ്പ് പറയില്ലെന്നും താങ്കള്‍ക്ക് നിയമ നടപടി സ്വീകരിക്കാമെന്നും പത്രാധിപര്‍ പ്രതികരിച്ചു. ഇതോടെയാണ് മന്ത്രി പ്രകോപിതനായത്. എന്നാല്‍ നിങ്ങള്‍ ഉന്നയിക്കുന്നത് വ്യാജമായ ആരോപണമാണ്. അതുകൊണ്ടുതന്നെ മാപ്പ് പറയുകയുമില്ലെന്നും പത്രാധിപര്‍ വ്യക്തമാക്കി.