March 21, 2023 Tuesday

Related news

February 10, 2023
November 26, 2022
November 23, 2022
October 26, 2022
August 6, 2022
January 11, 2022
January 6, 2022
November 24, 2021
November 19, 2021
October 27, 2021

ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടുള്ളൂവെന്ന് മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
തിരുവനന്തപുരം
October 27, 2021 5:57 pm

വെറ്റിനറി ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടുള്ളൂവെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയെ അറിയിച്ചു. മൃഗങ്ങളെ കയറ്റികൊണ്ടു പോകുന്ന വാഹനങ്ങള്‍ക്ക് മാത്രമായി അളവുകളില്‍ വ്യത്യാസം വരുത്തുവാന്‍ നിലവിലുള്ള നിയമ പ്രകാരം കഴിയില്ല. എന്നാല്‍ വാഹനത്തിന്റെ ഉയരത്തിന് അനുസൃതമായി മൃഗങ്ങള്‍ക്ക് സുഗമമായി കയറുവാനും ഇറങ്ങുവാനും സാധ്യമാകുന്ന തരത്തില്‍ എടുത്തുമാറ്റാവുന്ന പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കാം. വിവിധ ഉത്തരവുകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി മൃഗങ്ങളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വാഹനങ്ങളില്‍ മൃഗങ്ങളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍, വാഹനം സംസ്ഥാനത്തിനുള്ളിലേക്ക് കടത്തിവിട്ട ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആനകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വാഹനങ്ങളില്‍ കൊണ്ടു പോകുന്നത് സംബന്ധിച്ചു ഇ ടി ടൈസണ്‍ മാസ്റ്ററുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആനകളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷിതത്വം ഉറപ്പു വരുത്തി, മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഓരോ ജില്ലയിലെയും നാട്ടാന പരിപാലനത്തിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുള്ള ഓഫീസറില്‍ നിന്നും അനുമതി പത്രവും ആവശ്യമാണ്. ആനയെ അയല്‍ സംസ്ഥാനത്തേയ്ക്ക് കൊണ്ടു പോകുന്നതിന് മുന്‍പായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ അനുമതിയും ആവശ്യമാണ്. യാത്രയിലുടനീളം ആനയുടെ കൂടെ ഒരു പാപ്പാനും ആവശ്യമായ തീറ്റ വാഹനത്തില്‍ സൂക്ഷിക്കുകയുംവേണം. ഈ നിയമം പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട ചുമതല വനം വകുപ്പിനും പൊലീസിനുമാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര മൃഗക്കടത്ത് നിയമം പാലിച്ചു മാത്രമേ സംസ്ഥാനത്ത് കന്നുകാലികളെ വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ പാടുള്ളൂ. മൃഗങ്ങള്‍ക്ക് യാത്രയ്ക്ക് മുന്‍പ് അവ രോഗ വിമുക്തമാണെന്നും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയിട്ടുണ്ടെന്നും അവയെ യാത്രചെയ്യിക്കാമെന്നുമുള്ള വെറ്ററിനറി സര്‍ജന്റെ സര്‍ട്ടിഫിക്കറ്റും അനിവാര്യമാണ്. ഓരോ മൃഗത്തിനും ആവശ്യമായ സ്ഥലം വാഹനത്തില്‍ ഉണ്ടായിരിക്കണം. വലിപ്പത്തിനനുസരിച്ച് വിവിധ വാഹനങ്ങളില്‍ കയറ്റാവുന്ന ഉരുക്കളുടെ എണ്ണവും നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊണ്ടു വരുന്ന പക്ഷി മൃഗാദികളുടെ ആരോഗ്യ, പരിശോധനയും, മൃഗക്കടത്ത് നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതും ചെക്ക്‌പോസ്റ്റുകളിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish sum­ma­ry; Ani­mals trans­porta­tion in Kerala

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.