തലപ്പാടിയിൽ കുടുങ്ങിയവരുടെ പ്രവേശനത്തിന് പരിഹാരം നിർദ്ദേശിച്ച് മന്ത്രി ഇ ചന്ദ്രശേഖരൻ

Web Desk

കാസർകോട്:

Posted on May 09, 2020, 7:51 pm

അതിർത്തിയായ തലപ്പാടിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ പ്രവേശനത്തിന് പരിഹാര നടപടികൾ സ്വീകരിക്കാൻ കാസർകോട് ജില്ലാ കളക്ടർക്ക് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദേശം. നിലവിൽ ഇ‑പാസ് ലഭിക്കുന്നവർക്ക് മാത്രമേ അതിർത്തി വഴി സംസ്ഥാനത്തേക്ക് കടക്കാൻ അനുമതിയുള്ളൂ. രജിസ്ട്രേഷൻ നടത്താതെയോ പൂർത്തിയാക്കാതെയോ എത്തുന്നവരാണ് ചെക്പോസ്റ്റിൽ അകപ്പെട്ടത്.

കുടുങ്ങിക്കിടക്കുന്നവരിൽ കാസർകോട് സ്വദേശികൾ ഉണ്ടെങ്കിൽ ഉടനെ ജില്ലയിൽ പ്രവേശിപ്പിക്കാനും ക്വാറന്റൈൻ നടപടികൾ സ്വീകരിക്കാനും മന്ത്രി കളക്ടറോട് നിർദേശം നൽകി. പാസില്ലാത്ത മറ്റു ജില്ലക്കാരുടെ വിവരം ശേഖരിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടർമാരുടെ അനുമതി ലഭ്യമാക്കി, അവരെക്കൂടി പ്രവേശിപ്പിക്കുന്നതിനും കാസർകോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

കൊറോണ നിയന്ത്രണങ്ങളും ക്വാറന്റൈൻ നടപടികളും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് പ്രവേശന പാസ് സംവിധാനം ഏർപ്പെടുത്തിയത്. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഈ സംവിധാനം സഹായിക്കുന്നു. അതുകൊണ്ട് തന്നെ മറ്റ് ജില്ലകളിലുള്ളവരെ കാസർകോട് ജില്ലയിൽ പ്രവേശനം അനുവദിക്കുന്നത് ബന്ധപ്പെട്ട ജില്ലാ കളക്ടർമാരുടെ അനുമതി ലഭിച്ചു ഉറപ്പാക്കിതിന് ശേഷമായിരിക്കണം. ഇത്തരം നിയന്ത്രണങ്ങളില്ലാതെ എല്ലാവരെയും അതിർത്തി വഴി കടത്തി വിടുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY: Min­is­ter E. Chan­drasekha­ran has pro­posed a solu­tion for the entry of the trapped per­sons

YOU MAY ALSO LIKE THIS VIDEO