Web Desk

കാഞ്ഞങ്ങാട്

January 07, 2021, 6:19 pm

മലയോര ഹൈവേ: മുതലെടുപ്പ്‌ രാഷ്‌ട്രീയം ജനങ്ങള്‍ തിരിച്ചറിയും: മന്ത്രി ഇ ചന്ദ്രശേഖരന്‍

Janayugom Online

മലയോര ഹൈവേയുടെ പേരില്‍ ചിലര്‍ നടത്തുന്ന മുതലെടുപ്പ്‌ രാഷ്ട്രീയം പ്രബുദ്ധരായ ജില്ലയിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന്‌ മന്ത്രി. ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളത്തിലെ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ വിസ്‌മയകരമായ വികസനക്കുതിപ്പിലെ ഏറ്റവും ഗംഭീരമായ ചുവടുവെയ്‌പുകളില്‍ ഒന്നാണ്‌ മലയോര ഹൈവേ പദ്ധതി. കാസര്‍കോട്‌ നിന്നും ആരംഭിച്ച്‌ നിരവധി ജില്ലകളുടെ മലയോര പ്രദേശത്തുകൂടി കടന്ന്‌ തിരുവനന്തപുരം ജില്ലയില്‍ എത്തിച്ചേരുന്നതാണ്‌ മലയോര ഹൈവേ. കിഫ്‌ബി വഴി ധനം വിനിയോഗിച്ച്‌ പൂര്‍ത്തിയാക്കുന്ന റോഡ്‌ പലയിടങ്ങളിലും വനപ്രദേശത്തു കൂടി കടന്നുപോകുന്നുണ്ട്‌. ഇത്‌ സാദ്ധ്യമാക്കുന്നതിന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാണ്‌. ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസ്സാക്കിയ അതിശക്തമായ ഫോറസ്റ്റ്‌ ആക്‌റ്റിന്റെ നിബന്ധനകള്‍ക്ക്‌ വിധേയമായി മാത്രമേ ഇക്കാര്യത്തില്‍ അനുമതി ലഭിക്കുകയുള്ളു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തില്‍ അനുമതിക്കായുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. സംസ്ഥാന വനംവകുപ്പ്‌ ഇതിന്‌ സഹായകരമായ നിലപാട്‌ സ്വീകരിച്ചിട്ടുള്ളതും കേന്ദ്രസര്‍ക്കാരുമായി ആശയ വിനിമയം നടത്തിവരുന്നതുമാണ്‌. ഇതിന്റെ പുരോഗതി സംബന്ധിച്ച്‌ 2021 ജനുവരി ആദ്യ വാരം റവന്യു മന്ത്രി ചീഫ്‌ കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്റ്റ്‌സുമായി ചര്‍ച്ച നടത്തിയതുമാണ്‌. സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയെ ബഹുദൂരം മുന്നോട്ട്‌ നയിക്കുന്ന ഈ പദ്ധതിയുടെ സമഗ്രത മനസ്സിലാക്കാതെ ഏതെങ്കിലും പ്രദേശത്തിന്റെ മാത്രം കാര്യങ്ങള്‍ അവാസ്‌തവമായി ഉന്നയിച്ച്‌ കൊണ്ട്‌ പ്രതിഷേധമെന്ന പേരില്‍ നടത്തുന്ന രാഷ്‌ട്രീയ കാപട്യം പ്രബുദ്ധരായ ജില്ലയിലെ ജനത തിരിച്ചറിയും. സങ്കുചിത താല്‌പര്യങ്ങളുടെ മാത്രം ഉപാസകരായ ചില രാഷ്‌ട്രീയ കക്ഷി നേതാക്കള്‍ വ്യക്തമായ വികസന കാഴ്‌ചപ്പാടുള്ള എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ മെഗാപദ്ധതികള്‍ക്ക്‌ നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌ വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ നേട്ടങ്ങള്‍ നേടാമെന്ന കണക്കുകൂട്ടലിലാണ്‌. വനപ്രദേശങ്ങളിലൊഴികെയുള്ള സ്ഥലങ്ങളില്‍ മലയോര ഹൈവേയുടെ നിര്‍മ്മാണം അതിവേഗം നടന്നുവരികയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭ്യമാകുന്നതോടെ വനപ്രദേശങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. സമയബന്ധിതമായി തന്നെ സംസ്ഥാന മലയോര ഹൈവേ പൂര്‍ത്തിയാകും. സങ്കുചിത രാഷ്‌ട്രീയ താല്‌പര്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ ജനങ്ങള്‍ക്കും ജനകീയ സര്‍ക്കാരിനും സമയമില്ലെന്നും അദ്ദേഹം പ്രസതാവനയില്‍ പറഞ്ഞു.

വനമേഖല ഒഴിച്ചുള്ള പ്രവര്‍ത്തികള്‍ മെയ്‌ ആദ്യവാരത്തോടെ പൂര്‍ത്തീകരിക്കും
കാഞ്ഞങ്ങാട്‌: നന്ദാരപദ വ്‌ മുതല്‍ ചെറുപുഴ വരെയുള്ള മലയോര ഹൈവേയുടെ വനമേഖലയൊഴിച്ചുള്ള ജില്ലയിലെ പ്രവൃത്തികള്‍ മെയ്‌ ആദ്യവാരം തന്നെ പൂര്‍ത്തിയാകുമെന്ന്‌ അധികൃതര്‍ പറഞ്ഞു. ഒന്നാം ഘട്ടമായ നന്ദാരപദവ്‌ ചേവാര്‍ പ്രവൃത്തി ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞു. വനപ്രദേശത്തുകൂടി കടന്നു പോകുന്ന മലയോര ഹൈവേ പാണ്ടി, മരുതോം മേഖലകളില്‍ പ്രവൃത്തി പ്രരംഭ ഘട്ടത്തിലാണ്‌. ഈ മേഖലയില്‍ കൂടി പ്രവൃത്തി നടക്കേണ്ടതുണ്ട്‌. .ഇത്‌ സാധ്യമാകുന്നതിന്‌ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി വേണം. ജില്ലയില്‍ നാലു ഘട്ടങ്ങളായി നടക്കുന്ന പ്രവൃത്തിയില്‍ രണ്ടാം ഘട്ട പ്രവൃത്തിയായ ചേവാര്‍ മുതല്‍ ഏപറമ്പ വരെയുള്ള ഭാഗം പ്രവൃത്തി പുരോഗമിച്ച്‌ വരന്നു. ഇത്‌ മെയ്‌ ആദ്യവാരത്തോടെ പൂര്‍ത്തീകരിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാലാവധി കഴിയുന്നതിന്‌ മുമ്പ്‌ തന്നെ മലയോര ഹൈവേ എന്ന സ്വപ്‌ന പദ്ധതി ജില്ലയില്‍ പൂര്‍ത്തിയാകും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ക്രിയാത്മകമായ ഇടപെടലും പ്രവൃത്തിയുടെ വേഗം വര്‍ദ്ധിപ്പിക്കുന്നു. 127 കിലോമീറ്ററുകളിലായി നാല്‌ ഘട്ടങ്ങളിലാണ്‌ മലയോര ഹൈവേ ജില്ലയില്‍ കടന്ന്‌ പോകു ന്നത്‌. കാസര്‍കോട്‌ ജില്ലയിലെ നന്ദാരപ്പദവ്‌ മുതല്‍ തിരുവനന്തപുരം ജില്ലയിലെ കടുക്കര വരെയാണ്‌ മലയോര ഹൈവേ. ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെയും ഇത്‌ കടന്നുപോകുന്നു. 12 മീറ്റര്‍ വീതിയിലാണ്‌ വികസനം. 7 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്‌ നടത്തി റോഡിന്റെ ഇരുവശങ്ങളിലും ഇന്റര്‍ലോക്ക്‌ ഇട്ട്‌ നടപ്പാത ഒരുക്കും.