Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തൃശ്ശൂര്‍

July 21, 2021, 9:18 pm

സന്തോഷം ഉറപ്പാക്കി മന്ത്രി, ഒപ്പം യാത്രയും

Janayugom Online

ജീവിതകാലം മുഴുവന്‍ ദുരിതമനുഭവിക്കേണ്ടി വന്നേക്കാവുന്ന തന്റെ സഹപ്രവര്‍ത്തകന് കൈത്താങ്ങാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മന്ത്രി കെ രാജന്‍. അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നുപോയ സുഹൃത്ത് കൂടിയായ സന്തോഷി (46)നാണ് മന്ത്രി സഹായഹസ്തവുമായി രംഗത്തെത്തിയത്. വീല്‍ചെയറില്ലാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയാതിരിക്കുന്ന സന്തോഷിന് സ്കൂട്ടര്‍ ഘടിപ്പിച്ച വീല്‍ചെയറാണ് മന്ത്രി നല്‍കിയത്.

key
രണ്ടുവർഷം മുൻപ്‌ തൃശ്ശൂരിൽ നടന്ന സാന്ത്വനസ്പർശം ചടങ്ങിലാണ്‌ വീൽച്ചെയർ ഘടിപ്പിക്കാവുന്ന വൈദ്യുതി സ്‌കൂട്ടർ മന്ത്രി കെ രാജൻ കാണാനിടയായത്‌. സാധാരണ വീല്‍ചെയറില്‍ വൈദ്യുതി സ്കൂട്ടര്‍ കൂടി ഘടിപ്പിച്ച ഒരു സംവിധാനമായിരുന്നു അത്. കണ്ടതോടെ തന്റെ മനസ്സില്‍ തെളിഞ്ഞത് സന്തോഷിന്റെ മുഖമായിരുന്നുവെന്നും മന്ത്രി പറയുന്നു. ഇത്തരമൊരു സ്കൂട്ടർ തന്റെ സ്നേഹിതനായ സന്തോഷിനു വേണ്ടി നിർമിക്കണമെന്ന്‌ കെ രാജൻ ചെന്നൈ ഐഐടി അധികൃതരോട്‌ ആവശ്യപ്പെട്ടിരുന്നു. അന്ന്‌ ചീഫ്‌ വിപ്പായിരുന്നു കെ രാജന്‍.

scooter

തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം കമ്പനി വീല്‍ചെയര്‍ നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.
ഏറെ നാളായി മനസില്‍ കൊണ്ടുനടന്ന ഒരു ആഗ്രഹം സഫലമായി എന്ന് താക്കോല്‍ ദാനം നിര്‍വഹിച്ച ശേഷം മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റും ഒല്ലൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു ചിയ്യാരം സൗത്ത് മുനയം മൂന്നുകണ്ണിയിൽ സന്തോഷ്‌കുമാർ. ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവായിരുന്നു. നാലുവർഷംമുമ്പാണ് പ്ലാവിൽനിന്ന് വീണ് നട്ടെല്ല്‌ തകരാറിലായത്‌. കൈകൾ മാത്രം അനക്കാം.

wheelchair

ഭാര്യയും രണ്ടു പെൺകുട്ടികളുമടങ്ങിയതാണ്‌ കുടുംബം. തുടര്‍ന്ന് സന്തോഷിന്റെ അവസ്ഥ മനസിലാക്കിയ സിപിഐ, സർക്കാർ നൽകിയ മൂന്നുസെന്റ്‌ സ്ഥലത്ത്‌ സൗജന്യമായി ഇവർക്ക്‌ വീട്‌ നിർമ്മിച്ചുനൽകുകയും ചെയ്തിരുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലത്തെ സായാഹ്നം ആത്മസംതൃപ്തിയുടെ ഒന്നായിരുന്നു. ഏറെ നാളായി മനസിൽ കൊണ്ടു നടന്ന ആഗ്രഹം സഫലീകരിക്കപ്പെട്ടു. പ്രിയപ്പെട്ടവൻ സന്തോഷിന് സ്വന്തമായി പുറത്തിറങ്ങാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സംവിധാനം ഒരുക്കാൻ സാധിച്ചു. എഐവൈഎഫിന്റെ ഒല്ലൂർ മണ്ഡലം സെക്രട്ടറിയായും ജില്ലാ വൈസ് പ്രസിഡന്റായും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സന്തോഷിന് ഒരു അപകടം സംഭവിച്ചത്. അരക്ക് താഴെ സ്വധീനം നഷ്ടപ്പെടുകയുണ്ടായി. ചികിത്സ നടത്തിയെങ്കിലും അത് തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. സന്തോഷിനെ വീണ്ടും സജീവമായി സമൂഹത്തിലേക്ക് കൊണ്ടു വരണം എന്നത് വലിയ ആഗ്രഹമായി അന്ന് മനസിൽ കുറിച്ചതാണ്. അതിനിടയിലാണ് ചക്രകസേരയെ ഇലക്ട്രിക് സ്കൂട്ടറായി മാറ്റുന്ന നൂതന സാങ്കേതിക വിദ്യ നിയോമോൾട്ട് ചെന്നൈയിൽ നിയോമോഷൻ എന്ന കമ്പനിവികസിപ്പിച്ചെടുത്തത്. രണ്ട് ഭാഗങ്ങൾ ചേർന്നതാണിത് ഇത് രണ്ട് ഭാഗങ്ങൾ ചേർന്നതാണ് -
1) പുറത്തുപയോഗിക്കാവുന്ന വീൽചെയർ (out­door man­u­al wheel­chair called Neofly)
2) മോട്ടോർ ഘടിപ്പിച്ച കറന്റ് ഉപയോഗിച്ചു ചാർജ് ചെയ്യാവുന്ന ഇലക്ട്രിക്ക് സ്കൂട്ടർ മുൻഭാഗം (elec­tric motor­ized attach­ment called Neobolt). ഇവ പരസ്പരം ഘടിപ്പിച്ച് യാത്ര ചെയ്യാനായി കഴിയുന്ന വാഹനമാവും. സന്തോഷിനായി അത് ഉടനെ ബുക്ക് ചെയ്തിരുന്നു. കേരളത്തിലെ ആദ്യത്തെ ബുക്കിംഗ് ആണെന്ന് കമ്പനി അധികൃതർ പറയുന്നു. ഇന്നലെ ആ വാഹനം സന്തോഷിന് കൈമാറി.
2019 ൽ രൂപം കൊണ്ട ഫയർ എന്ന ചുരുക്കപ്പെരിൽ അറിയപ്പെടുന്ന ഫൗണ്ടേഷൻ ഫോർ ഇന്റർനാഷണൽ റീഹാബിലിറ്റേഷൻ റിസേർച്ച് ആൻഡ് എംപവർമെന്റ് (Foun­da­tion for Inter­na­tion­al Reha­bil­i­ta­tion Research and Empow­er­ment — FIRRE) ന്റെയും സഹായം ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: Min­is­ter gift elec­tric wheelchair

You may like this video also